റോമിലെ പാവപ്പെട്ടവരായ 200 പേർക്കൊപ്പം കാസിൽ ഗാൻഡോൾഫോയിൽ ഉച്ചഭക്ഷണം കഴിക്കാൻ ലെയോ പാപ്പ

ജൂലൈ 11 ശനിയാഴ്ച കാസിൽ ഗാൻഡോൾഫോയിലെ ‘ബോർഗോ ലൗദാത്തോ സി’യിൽ റോം രൂപതയിൽ നിന്നുള്ള ഇരുനൂറോളം പാവപ്പെട്ടവർക്കൊപ്പം ലെയോ പതിനാലാമൻ പാപ്പ ഉച്ചഭക്ഷണം കഴിക്കും. ‘ലഞ്ച് വിത്ത് ദി പോപ്പ്’ (Lunch with the Pope) എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി, സൃഷ്ടിപ്രപഞ്ചത്തിന്റെ സംരക്ഷണത്തിനായുള്ള പ്രത്യേക ആരാധനാക്രമത്തോടെയുള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കും. തുടർന്ന് സ്വീകരണവും ലഘുഭക്ഷണവും ‘ബോർഗോ ലൗദാത്തോ സി’യിലൂടെയുള്ള ഗൈഡഡ് ടൂറും ഉണ്ടായിരിക്കും. ഇതിനു ശേഷമാണ് പരിശുദ്ധ പിതാവിനൊപ്പമുള്ള സംയുക്ത ഉച്ചഭക്ഷണം.

2025 ഓഗസ്റ്റിൽ ഇറ്റലിയിലെ അൽബാനോ രൂപതയിലെ പാവപ്പെട്ടവർക്കൊപ്പം ലെയോ മാർപാപ്പ ഉച്ചഭക്ഷണം പങ്കിട്ടുകൊണ്ട് തുടക്കം കുറിച്ച പരിപാടിയുടെ തുടർച്ചയാണിത്. അന്ന് മുതൽ, ‘ബോർഗോ ലൗദാത്തോ സി’ പദ്ധതിയുടെ വികസനത്തിന് നേതൃത്വം നൽകുന്ന ‘ലൗദാത്തോ സി സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ’ വർഷംതോറും നടത്തുന്ന ഒരു പരിപാടിയായി ഇത് മാറി. ഓരോ വർഷവും വ്യത്യസ്ത രൂപതകളിൽ നിന്നുള്ള പാവപ്പെട്ടവർ, അഭയാർഥികൾ, കുടിയേറ്റക്കാർ, മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവരെയാണ് ഇതിലേക്ക് ക്ഷണിക്കുക. പ്രകൃതിഭംഗി ആസ്വദിക്കാനും മാർപാപ്പയെ നേരിട്ട് കാണാനുമുള്ള അവസരമാണ് ഇതിലൂടെ ഇവർക്ക് ലഭിക്കുന്നത്.

‘ലൗദാത്തോ സി സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ’, വത്തിക്കാന്റെ കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി റോം രൂപത എന്നിവർ സംയുക്തമായാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഇറ്റാലിയൻ തലസ്ഥാനത്തുടനീളമുള്ള ദുർബലരായ ആളുകളെ സഹായിക്കുന്ന സഭാസ്ഥാപനങ്ങളെയും സംഘടനകളെയും ഇത് ഒന്നിപ്പിക്കുന്നു.

പ്രകൃതിസംരക്ഷണവും മനുഷ്യന്റെ സംരക്ഷണവും ഒരേ ദൗത്യമാണെന്ന് തെളിയിക്കാനാണ് ‘ബോർഗോ ലൗദാത്തോ സി’ രൂപീകരിച്ചതെന്ന് ലൗദാത്തോ സി സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ ജനറൽ കർദിനാൾ ഫാബിയോ ബാജിയോ പറഞ്ഞു. റോമിലെ ദുർബലരായ ജനങ്ങളെ സഹായിക്കുന്ന നിരവധി കത്തോലിക്കാ സന്നദ്ധസംഘടനകൾ, ഇടവക സമൂഹങ്ങൾ, വോളന്റിയർ ഗ്രൂപ്പുകൾ എന്നിവരുടെ പിന്തുണയോടു കൂടിയും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സംഭാവന ചെയ്ത പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങളുടെ സഹകരണത്തോടും കൂടിയാണ് ഈ പരിപാടി യാഥാർഥ്യമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.