
മീനാക്ഷി പാലത്തിന് സമീപം പെട്ടെന്നുണ്ടായ മലയിടിച്ചിലിലും ഉരുൾപൊട്ടലിലും വൻ ദുരന്തം ഒഴിവായത് കാലാവസ്ഥാ മുന്നറിയിപ്പുകൾ കാരണമാണെന്ന് പ്രദേശവാസികളും തൊഴിലാളികളും വെളിപ്പെടുത്തി. രാവിലെ പെയ്ത മഴയ്ക്കിടെ നിമിഷങ്ങൾക്കുള്ളിലാണ് നിർമ്മാണമേഖലയിലെ 200 മീറ്ററോളം വരുന്ന കുന്നിൻചെരിവ് ഇടിഞ്ഞുവീണത്. ഭീമൻ കോൺക്രീറ്റ് മതിലുകളും മണ്ണും ചെളിയും ഒഴുകിയെത്തി താൽക്കാലിക തൊഴിലാളി ക്യാമ്പും സമീപത്തെ തട്ടുകടയും പൂർണ്ണമായി മൂടി.
ഉത്തർപ്രദേശ് സ്വദേശിയും ദിലീപ് ബിൽഡ്കോണിലെ തൊഴിലാളിയുമായ ദിലീപ് മിശ്രയുടെ വാക്കുകളിൽ ദുരന്തത്തിന്റെ ഭീതി ഇപ്പോഴുമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ലായിരുന്നുവെങ്കിൽ മരണസംഖ്യ വലിയ തോതിൽ ഉയർന്നേനെയെന്ന് അദ്ദേഹം പറയുന്നു. “സാധാരണയായി നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യാറുണ്ടായിരുന്നു. എന്നാൽ, കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്ന് ഭൂരിഭാഗം പേരും നേരത്തെ തന്നെ ഇവിടെ നിന്നും മാറിയിരുന്നു. സംഭവം നടക്കുമ്പോൾ യുപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 ഓളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്” – ദിലീപ് മിശ്ര പറയുന്നു. വലിയൊരു ശബ്ദം കേട്ട് ഓടിമാറിയതിനാലാണ് താൻ ചെളിക്കെട്ടിൽ അകപ്പെടാതെ രക്ഷപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോയ അഷ്റഫിന്റെ വീട്ടിൽ മകളും ഭർത്താവും കുഞ്ഞുമൊക്കെയുണ്ടായിരുന്നു. വീടിന് തൊട്ടുപിന്നിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുന്നത് കണ്ട് നിമിഷങ്ങൾക്കുള്ളിൽ ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് അയൽവാസിയായ ഗഫൂർ പറഞ്ഞു.
അപകടസ്ഥലത്തിന് തൊട്ടടുത്തായി തട്ടുകട നടത്തുന്ന അബ്ദുറഹ്മാൻ കെ.ടി. എന്നയാൾ ചെറിയൊരു ആവശ്യത്തിനായി വീട്ടിലേക്ക് പോയ സമയത്താണ് ദുരന്തമുണ്ടായത്. സാധാരണയായി രാവിലെ 10 മണിയോടെ തുറക്കാറുള്ള കട, മണ്ണും ചെളിയും വന്ന് മൂടുമ്പോൾ അദ്ദേഹം സുരക്ഷിതമായി വീട്ടിലായിരുന്നു.



