ഞായർ പ്രസംഗം, കൈത്താക്കാലം ഒന്നാം ഞായർ ജൂലൈ 16, അതിഥിയും ആതിഥേയനും

ബ്ര. അനീഷ് വെള്ളാംതടത്തില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വൈദികരേ, പ്രിയ സഹോദരീസഹോദരന്മാരേ,

ശ്ലീഹന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചു ധ്യാനിച്ച ശ്ലീഹാക്കാലത്തിനുശേഷം ആ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലങ്ങളെ ധ്യാനിക്കുന്ന ഫലാഗമനകാലം അഥവാ വേനല്‍ക്കാലം എന്നൊക്കെ അര്‍ഥമുള്ള കൈത്താക്കാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. സഭയാകുന്ന വയലിലെ ആദ്യകാല കൊയ്ത്തുകാരായ പന്ത്രണ്ട് അപ്പസ്‌തോലന്മാരെ നാം ഇന്ന് പ്രത്യേകമായി അനുസ്മരിക്കുമ്പോള്‍ ഈ തിരുനാളിന്റെ ആശംസകളും പ്രാര്‍ഥനകളും ഏറ്റവും സ്‌നേഹത്തോടെ എല്ലാവര്‍ക്കും നേര്‍ന്നുകൊള്ളുന്നു.

സഭയുടെ ‘വളര്‍ച്ചയുടെ കാലം’ എന്ന് പൊതുവെ അറിയപ്പെടുന്ന കൈത്താക്കാലത്തിലെ ആദ്യഞായറാഴ്ചയിലെ വായനകളിലൂടെ കടന്നുപോകുമ്പോള്‍, എപ്രകാരമാണ് ക്രിസ്തുശിഷ്യര്‍ തങ്ങളുടെ ജീവിതത്തിലൂടെ ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടതെന്നുള്ള സൂചനകളാണ് നമുക്ക് ലഭിക്കുന്നത്. ആഴമായ എളിമയോടും അടിപതറാത്ത വിശ്വാസത്തോടും കൂടിയുള്ള ബലിയര്‍പ്പണവും, വാക്കിലും പ്രവൃത്തിയിലും മനഃസാക്ഷിയിലും സൂക്ഷിക്കേണ്ട സത്യസന്ധതയും ക്രിസ്തുശിഷ്യര്‍ക്ക് ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ആവശ്യമാണെന്ന് ഒന്നും രണ്ടും വായനകള്‍ പറഞ്ഞുവയ്ക്കുമ്പോള്‍ അനൈക്യത്തിന്റെ സാധ്യതകളെ പിഴുതെറിയാന്‍ സ്‌നേഹരാഹിത്യത്തിന്റെയും മാത്സര്യത്തിന്റെയും വഴികള്‍ ഉപേക്ഷിക്കാന്‍ വി. പൗലോസ് ശ്ലീഹാ നമ്മോട് ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ സുവിശേഷഭാഗത്തേക്കു വരുമ്പോള്‍ അതിഥിയും ആതിഥേയനുമൊക്കെ ആയിമാറുന്ന നമ്മുടെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ എപ്രകാരം പെരുമാറണമെന്ന് ഈശോ പഠിപ്പിക്കുകയാണ്.

വിരുന്നിന്റെ സന്തോഷം നഷ്ടപ്പെടാതിരിക്കാനുള്ള ആചാരമര്യാദകളില്‍ ആദ്യത്തേത്, അതിഥികള്‍ക്കുള്ള സന്ദേശമാണ്. അതിഥികളോടുള്ള ഈശോയുടെ ഉപദേശം ഇതാണ്: “നീ വിളിക്കപ്പെട്ടിരിക്കുന്ന വിരുന്നുകളില്‍ മുന്‍നിരകള്‍ക്കു പകരം പിന്‍നിരയിലേക്ക് എളിമയോടെ നടക്കുക. അല്ലാത്തപക്ഷം, ആതിഥേയന്‍ തന്നെ നിന്നെ എളിമപ്പെടുത്തുന്നതായിരിക്കും.” യേശുവിനു മുമ്പേ ജ്ഞാനിയായ സോളമന്റെ സുഭാഷിതങ്ങളില്‍ 25: 6, 7-ലും യഹൂദറബ്ബിമാരുടെ സൂക്തങ്ങളിലും ഇതേ കാര്യം തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. മുമ്പില്‍ നില്‍ക്കാനും മുന്‍നിരയില്‍ നില്‍ക്കാനുമുള്ള മനുഷ്യന്റെ എല്ലാക്കാലത്തിലുമുള്ള വ്യഗ്രതയ്‌ക്കെതിരെ ഈശോ സംസാരിക്കുമ്പോള്‍ ക്രിസ്തുശിഷ്യന്റെ മുഖമുദ്ര എളിമ ആയിരിക്കണമെന്ന് അവിടുന്ന നമ്മെ പഠിപ്പിക്കുകയാണ്. പക്വതയോടെ മറ്റുള്ളവരെ പരിഗണിക്കുകയും സ്വയം വിനീതരാകുകയും ചെയ്യുന്നവരെ ദൈവം ഉയര്‍ത്തുമെന്ന് ഈശോ പഠിപ്പിക്കുന്നു. വിശുദ്ധിയുടെ പടവുകള്‍ താണ്ടിയ അനേകര്‍ ഇത്തരത്തിലുള്ള അത്യഗാധമായ എളിമയിലേക്ക് താഴ്ന്നിറങ്ങിയവരായിരുന്നു. പരിശുദ്ധ അമ്മയും, രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസിയും, സന്ദര്‍ശനത്തിനായി കടന്നുവരുന്ന ഇടവകജനങ്ങളുടെ മുമ്പില്‍ എഴുന്നേറ്റുനിന്ന് അവരെ സ്വീകരിച്ചിരുന്ന നമ്മുടെ സ്വന്തം രാമപുരം കുഞ്ഞച്ചനുമെല്ലാം ഈ എളിമ സ്വന്തമാക്കിയവരായിരുന്നു.

വി. അഗസ്തീനോസ് പറയുന്നതുപോലെ, “മാലാഖയെ പിശാചാക്കിയത് അഹങ്കാരമാണെങ്കില്‍ മനുഷ്യനെ മാലാഖയാക്കുന്നത് എളിമയാണ്.” സുഭാ. 11:2, “അഹങ്കാരത്തിന്റെ പിന്നാലെ അപമാനവുമുണ്ട്.” CCC:2094 പറയുന്നു: “അഹങ്കാരം ദൈവസ്‌നേഹത്തിനു വിരുദ്ധവും ദൈവവിദ്വേഷത്തെ ജനിപ്പിക്കുന്നതുമാണ്.” അഹങ്കാരം നമ്മെ വീഴ്ത്തിക്കളയുംമുമ്പേ, പിന്‍നിരയിലേക്ക് തള്ളിക്കളയുംമുമ്പേ ഈശോ പഠിപ്പിച്ച ചെറുതാകലിന്റെ വളര്‍ച്ചയിലേക്ക് നമുക്കുയരാം.

രണ്ടാമത്തെ സന്ദേശം ആതിഥേയനുള്ളതാണ്. സാധാരണ, നാമൊക്കെ വിരുന്നിനു ക്ഷണിക്കുന്ന സ്‌നേഹിതര്‍, സഹോദരര്‍, ബന്ധുക്കള്‍, ധനികരായ അയല്‍ക്കാര്‍ എന്നീ നാലുഗണങ്ങള്‍ക്കു പകരമായി, തിരികെ ഒന്നും തരാന്‍ വകയില്ലാത്തവരും സമൂഹത്തില്‍ എന്നും അവഗണനയുടെ കയ്പ്പ് നുകരുന്നവരുമായ ദരിദ്രര്‍, വികലാംഗര്‍, കുരുടര്‍, മുടന്തര്‍ എന്നീ നാലുകൂട്ടരെ ക്ഷണിക്കാന്‍ ഈശോ പറയുകയാണ്. നമ്മുടെയൊക്കെ വീടുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു കിട്ടുന്ന സമ്മാനങ്ങള്‍ ഏതൊക്കെയാണെന്ന് നാം എഴുതിയും ഓര്‍ത്തുമൊക്കെ വയ്ക്കാറുണ്ട്. നാളെ ഒരവസരത്തില്‍ അവര്‍ക്കും തിരികെ സമ്മാനങ്ങള്‍ നല്‍കേണ്ടതാണെന്ന് നാം വിചാരിക്കുന്നു. തിരിച്ചുകിട്ടുമെന്നും പകരം കിട്ടുമെന്നുമുള്ള ഉറപ്പുണ്ടെങ്കില്‍ മാത്രമേ നാമും കൊടുക്കാന്‍ തയാറാവുകയുള്ളൂ. ജീവിതം – അത് വാങ്ങാനുള്ളതല്ല; കൊടുക്കാനുള്ളതാണ്.

അടുത്തിടെ ഒരു സിനിമാതാരം തന്റെ വിവാഹവിരുന്നിന് സദ്യ വിളമ്പിയത് കുറേ പട്ടിണിപ്പാവങ്ങള്‍ക്കാണ്. നിസ്വാര്‍ഥമായി നമ്മെത്തന്നെ അപരനു നല്‍കുമ്പോള്‍ സ്വര്‍ഗം നമ്മെ ഭാഗ്യവാന്മാരെന്നു വിളിക്കുമെന്ന് ഈശോ നമുക്ക് ഉറപ്പേകുന്നു. എളിമയോടും നിസ്വാര്‍ഥതയോടും കൂടെ ഭൂമിയില്‍ അപരന് സ്‌നേഹം വിളമ്പുന്ന നല്ലൊരു ആതിഥേയനായിരുന്നാല്‍ മാത്രമേ സ്വര്‍ഗരാജ്യത്തിലെ വിരുന്നില്‍ മുന്‍നിരയിലേക്ക് നാം നയിക്കപ്പെടുകയുള്ളൂ എന്ന് ഇന്നത്തെ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നു.

ഓരോ വിശുദ്ധ ബലിയിലും അയോഗ്യമായ നമ്മുടെ ഹൃദയങ്ങളില്‍ ഇരിപ്പിടം തേടിയെത്തുന്ന നല്ലൊരു അതിഥിയായും തന്നെത്തന്നെ മുറിച്ചുവിളമ്പുന്ന നല്ലൊരു ആതിഥേയനായും ഈശോയെ അനുഭവിക്കാന്‍ നമുക്ക് സാധിക്കണം. ഓരോ വിശുദ്ധ ബലിയും വിളിച്ചോതുന്ന എളിമയുടെയും നിസ്വാര്‍ഥതയുടെയും വലിയ സന്ദേശങ്ങള്‍ നെഞ്ചിലേറ്റിക്കൊണ്ട് ക്രിസ്തുശിഷ്യര്‍ക്ക് യോജിച്ച നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമുക്ക് സാധിക്കട്ടെ. അതിനുവേണ്ടി ഈ വിശുദ്ധ ബലിയില്‍ പ്രാര്‍ഥിക്കുകയും പന്ത്രണ്ട് അപ്പസ്‌തേലന്മാരുടെ മാധ്യസ്ഥ്യം തേടുകയും ചെയ്യാം.

ദൈവം നമ്മെ എവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. അനീഷ് വെള്ളാംതടത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.