ഞായർ പ്രസംഗം, ശ്ലീഹാക്കാലം നാലാം ഞായർ ജൂൺ 18, കരുണയുടെ സുവിശേഷം

ബ്ര. അനീഷ് വെള്ളാംതടത്തില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ശ്ലീഹന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചു ധ്യാനിക്കുന്ന ശ്ലീഹാക്കാലത്തിലെ നാലാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ കരുണയുടെ പരിശീലനത്തിലൂടെ ‘അത്യുന്നതന്റെ പുത്രന്മാര്‍’ എന്നു നാം വിളിക്കപ്പെടേണ്ടതിന് നമ്മെ യോഗ്യരാക്കുന്ന, രൂപാന്തരപ്പെടുത്തുന്ന ലൂക്കായുടെ സുവിശേഷം ആറാം അധ്യായം 27 മുതല്‍ 36 വരെയുള്ള തിരുവചനഭാഗമാണ് നാം ഇന്ന് വിചിന്തനം ചെയ്യുന്നത്.

ഇന്ന് നാം വായിക്കുന്ന പഴയനിയമ വായനകളില്‍, മാനുഷികവിധികളെ ഭയപ്പെടാതെ, വ്യര്‍ത്ഥമായ ബലികള്‍ ഉപേക്ഷിച്ച്, കരുണയുടെയും നീതിയുടെയും സ്‌നേഹത്തിന്റെയും ബലികള്‍ അര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ദൈവത്തെ കണ്ടുമുട്ടുമ്പോള്‍ സുവിശേഷത്തെപ്രതി, സുവിശേഷം നല്‍കുന്ന സ്വാതന്ത്രത്തെപ്രതി ഏവരുടെയും ദാസനായിരിക്കാന്‍ ആഗ്രഹിക്കുന്ന വി. പൗലോസ് ശ്ലീഹായുടെ ദര്‍ശനങ്ങളെ ലേഖനഭാഗത്ത് നാം കണ്ടുമുട്ടുന്നു.

ഈ മൂന്നു വായനകളും വെളിച്ചം വീശുന്നത് തിന്മയെ നന്മ കൊണ്ട് ജയിക്കാന്‍ ഈശോ പഠിപ്പിക്കുന്ന ചില മാര്‍ഗ്ഗങ്ങളിലേക്കാണ്. സുവിശേഷത്തിന്റെ പശ്ചാത്തലത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ 6-ാം അധ്യായം 12-ാം തിരുവചനത്തില്‍, അവിടുത്തേക്കുണ്ടായ ആബാ അനുഭവത്തിന്റെ നിറവില്‍ നിന്നുകൊണ്ട് സകല നിയമങ്ങളെയും, സമസ്ത പ്രവചനങ്ങളെയും ഒറ്റവാക്കില്‍ ഒതുക്കിക്കൊണ്ട് ശത്രുസ്‌നേഹത്തിന്റെ ഒരു പ്രായോഗികതലത്തെ നമുക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്. ‘മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുക.’ 18-ാം നൂറ്റാണ്ട് മുതല്‍ ‘സുവര്‍ണ്ണ നിയമം’ എന്ന് അറിയപ്പെടുന്ന ഈ വചനഭാഗത്തിലൂടെ അവിടുന്ന് നമ്മോടു പറയുന്നു: “നിനക്ക് അഹിതമായത് അപരരോടും ചെയ്യരുത്.” നമ്മുടെ കുറ്റങ്ങളും കുറവുകളും ശത്രുതയും ഒന്നും നോക്കാതെ മറ്റുള്ളവര്‍ നമ്മെ സ്‌നേഹിക്കണമെന്നും, നമുക്ക് നന്മ ചെയ്തു തരണമെന്നും, നാം ആഗ്രഹിക്കുമ്പോള്‍ നമ്മെ വേദനിപ്പിച്ചവരോട്, മുറിപ്പെടുത്തിയവരോട് നാം എപ്രകാരമാണ് പെരുമാറുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ്. നന്മ ചെയ്യുന്നവര്‍ക്കു മാത്രം നന്മ ചെയ്യുക, സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിക്കുക എന്ന ലോകത്തിന്റെ സ്വാഭാവികതത്വത്തില്‍ നിന്നും വ്യത്യസ്തമായുള്ള, കരുണയുടെയും ക്ഷമയുടെയും ഒരു പരിശീലന മാര്‍ഗ്ഗത്തെ പാശ്ചാത്യ ദൈവശാസ്ത്രജ്ഞനായ തെര്‍ത്തുല്യന്‍ പറയുന്ന, ക്രൈസ്തവര്‍ക്കു മാത്രം സ്വന്തമായുള്ള ശത്രുസ്‌നേഹത്തിന്റെ ഒരു പുതിയ മാര്‍ഗ്ഗത്തെ, ക്രൈസ്തവസ്‌നേഹത്തിന് എന്നുമുണ്ടായിരിക്കേണ്ട ഒരു സവിശേഷതയെ ഈശോ ഇവിടെ കാണിച്ചുതരികയാണ്.

1999-ല്‍ ഒറീസയില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സിന്റെയും രണ്ടു മക്കളുടെയും ശവസംസ്‌ക്കാരത്തിനു ശേഷം കുഴിമാടത്തിങ്കല്‍ നിന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്തെത്തിയ പത്രക്കാരോട് കണ്ണീര്‍ തുടച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു: “എനിക്ക് അവരോട് യാതൊരു വിരോധവുമില്ല; ദൈവവും അവരോട് ക്ഷമിക്കട്ടെ.” ആ വര്‍ഷത്തെ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണമായിരുന്നു ആ വാക്യം. അനേകം യുദ്ധങ്ങളെപ്പറ്റി നാം കേട്ടിട്ടുണ്ട്. ചോരച്ചാല്‍ കീറി ഒഴുക്കിയ, അനേകം തിക്തഫലങ്ങള്‍ ഉളവാക്കിയ ഈ യുദ്ധങ്ങള്‍ വാശിയും വിദ്വേഷവുമൊക്കെ ആളിക്കത്തിച്ചതല്ലാതെ എന്തു നേട്ടമാണ്, എന്തു വിജയമാണ് നേടിക്കൊടുത്തിട്ടുള്ളത്. നമ്മുടെ ജീവിതപശ്ചാത്തലങ്ങളില്‍ ചിലരെങ്കിലും ന്യായമായ കാര്യങ്ങള്‍ക്കെന്ന പേരില്‍ വാശിയും കടുംപിടുത്തവുമൊക്കെയായി ജീവിക്കുന്നത് ഉള്ളിലുള്ള വെറുപ്പും പകയുമൊക്കെ പരോക്ഷമായി പ്രകടിപ്പിക്കുന്നതിനു വേണ്ടിയല്ലേ? മനോഹരമായി ജീവിക്കേണ്ട എത്രയെത്ര ബന്ധങ്ങളാണ് കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങുന്നത്! എതിരെ വരുന്നവരില്‍ ചിലരുടെയെങ്കിലും മുഖം നോക്കാതെ തലകുനിച്ചു കടന്നുപോകുന്നവരില്‍ നമ്മളും ഉള്‍പ്പെടാറില്ലേ? അനുദിനം ബലിയര്‍പ്പിക്കുന്ന നമ്മുടെ ജീവിതത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെങ്കില്‍ നമ്മുടെ ജീവിതവും ആത്മീയതയും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ക്ഷമിക്കാതെ, ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിക്കാന്‍ കര്‍തൃപ്രാര്‍ത്ഥനയില്‍ ഇടമില്ലായെന്നും അനുരഞ്ജനമില്ലാത്ത ഒരു ബലികളും സ്വീകരിക്കില്ലായെന്നും ഇശോ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെയാണ് കരുണയുടെ പരിശീലനം ആവശ്യമായി വരുന്നത്.

ക്ഷമിക്കുന്നത് ബലഹീനതയല്ല; അത് കരുത്താണ്. പ്രതികാരം ത്യജിച്ചും ആര്‍ദ്രത കാട്ടിയും കരുണ പരിശീലിക്കാം. എഫേ. 4:32 -ല്‍ പൗലോസ് ശ്ലീഹാ പറയുന്നു: “ക്രിസ്തു നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ആര്‍ദ്രതയോടെ പെരുമാറുവിന്‍.” അങ്ങനെ ശത്രുസ്‌നേഹം ജീവിതത്തില്‍ തളിരിടുമ്പോള്‍ ജീവിതത്തിന്റെ പരിമിതികള്‍ക്കിടയിലും മാറ്റമില്ലാത്ത ദൈവത്തിന്റെ സാന്നിധ്യത്തെ നമുക്ക് കാണാന്‍ സാധിക്കുന്നു.

നമ്മുടെ അയോഗ്യതകള്‍ പരിഗണിക്കാതെ, കുറവുകളെ എണ്ണിനോക്കാതെ, ബലഹീനതകള്‍ ഏറെയുള്ള നമ്മുടെ ജീവിതങ്ങളിലേക്ക് കുര്‍ബാനയായി കടന്നുവരുന്ന ഈശോ തന്നെയാകട്ടെ ശത്രുസ്‌നേഹത്തിന്റെ മാതൃക. തന്നെ വേദനിപ്പിച്ചവരോട് കുരിശില്‍ കിടന്ന് ക്ഷമിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത അവിടുത്തെ കുര്‍ബാനയുടെ വലിയ മനോഭാവം അവിടുത്തെ സക്രാരികളായി മാറുന്ന നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് നിര്‍ഗളിക്കേണ്ടതല്ലയോ. അത്തരത്തിലുള്ള മനോഭാവത്തോടെ ജീവീക്കുമ്പോഴാണ് നമ്മുടെ ജീവിതങ്ങള്‍ ബലിജീവിതങ്ങളാകുക. അപ്പോഴാണ് നാം അത്യുന്നതന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടുന്നത്. സ്വര്‍ഗസ്ഥനായ നമ്മുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നമുക്കും നമ്മുടെ ചുറ്റുമുള്ളവരോട് കരുണയില്‍ വര്‍ത്തിക്കാം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. അനീഷ് വെള്ളാംതടത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.