ഞായർ പ്രസംഗം, ശ്ലീഹാക്കാലം മൂന്നാം ഞായർ ജൂൺ 11, നല്ല അയല്‍ക്കാരാകുക

ബ്ര. ലിജോ തുണ്ടിയില്‍ MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തില്‍ ശ്ലീഹന്മാരുടെ സ്‌നേഹകൂട്ടായ്മയാല്‍ പടുത്തുയര്‍ത്തപ്പെടുന്ന തിരുസഭയെ അനുസ്മരിക്കുന്ന ശ്ലീഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് തിരുസഭാമാതാവ് നമുക്ക്‌വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം നല്ല സമരിയാക്കാരന്റെ ഉപമയാണ്.

ആരാണ് എന്റെ അയല്‍ക്കാരന്‍ എന്ന നിയമജ്ഞന്റെ ചോദ്യത്തിന്, എങ്ങനെ ഒരു അയല്‍ക്കാരനാകാന്‍ സാധിക്കുമെന്ന മറുപടിയാണ് ഈശോ നല്‍കുന്നത്. യഹൂദരും സമരിയാക്കാരും തമ്മില്‍ വലിയ സമ്പര്‍ക്കമൊന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈശോ ഈ ഉപമ പറയുന്നത്. എ.ഡി 6-നും 9-നുമിടയില്‍ ജറുസലേമില്‍ പെസഹാത്തിരുനാളിന്റെ അവസരത്തില്‍ ദേവാലയത്തിനു ചുറ്റും അസ്ഥിക്കഷണങ്ങള്‍ വിതറി ദേവാലയം അശുദ്ധമാക്കിയ സമരിയാക്കാരെ തങ്ങളുടെ അയല്‍ക്കാരായി സ്വീകരിക്കാന്‍ യഹൂദര്‍ക്ക് സാധിക്കുമായിരുന്നില്ല. ജറുസലേമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഈശോയെ സ്വീകരിക്കാതിരുന്ന സമരിയാക്കാരുടെമേല്‍ സ്വര്‍ഗത്തില്‍ നിന്ന് അഗ്നിയിറക്കി അവരെ നശിപ്പിക്കട്ടെ എന്ന സെബദിപുത്രന്മാരുടെ ചോദ്യവും, യഹൂദരും സമരിയാക്കാരും തമ്മിലുള്ള വിദ്വേഷത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആ സംഭവത്തിനു ശേഷമാണ് ഈശോ നല്ല സമരിയാക്കാരന്റെ ഉപമ പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

നല്ല അയല്‍ക്കാരായിത്തീരാന്‍ നമുക്ക് വേണ്ടത് ദൈവസ്‌നേഹവും പരസ്‌നേഹവുമാണ്. അതു തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ രത്‌നച്ചുരുക്കവും. ഒന്നാമത്തെ വായനയില്‍ ഇസ്രായേലിന് അവകാശമായി ദേശം വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്റെ വിശ്വസ്ത സ്‌നേഹത്തെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്.

രണ്ടാം വായനയില്‍ ദൈവസ്‌നേഹം മറന്ന ജനത്തോട് ഏശയ്യ പ്രവാചകനിലൂടെ അവിടുന്ന് അരുളിച്ചെയ്യുന്ന വാക്കുകളാണ് പ്രതിപാദിച്ചിരിക്കുന്നത്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടി സ്‌നേഹിക്കാന്‍ കടപ്പെട്ടവരാണ് നാം എന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നമ്മുടെ ചുറ്റുമുള്ളവരില്‍ ക്രിസ്തുവിനെ കണ്ടെത്തുമ്പോഴാണ് അവരെ സഹായിക്കാനും അവരുടെ നൊമ്പരങ്ങളില്‍ പങ്കുകൊളളാനും നമുക്ക് സാധിക്കുന്നത്. വി. മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 40 തിരുവചനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്.” സഹോദരസ്‌നേഹത്തിന്റെ പാരമ്യത്തിലാണ് ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് വി. യോഹന്നാന്‍ ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്: “കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല” എന്ന്. വി. അഗസ്തീനോസ് പറയുന്നു: “ദൈവസ്‌നേഹമാണ് സഹോദരസ്‌നേഹത്തേക്കാള്‍ പ്രാധാന്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ നാം സഹോദരസ്‌നേഹത്തില്‍ കൂടിയാണ് ദൈവസ്‌നേഹത്തില്‍ പുരോഗമിക്കുന്നത്.”

ദൈവസാന്നിധ്യത്തിന്റെ നഗരവും രക്ഷാകേന്ദ്രവുമായ ജറുസലേമില്‍ നിന്ന് ഭൗതികതയുടെ കച്ചവടകേന്ദ്രമായ ജറീക്കോയിലേക്കുള്ള ഒരു മനുഷ്യന്റെ യാത്ര പ്രതിനിധീകരിക്കുന്നത് ദൈവത്തില്‍ നിന്നകന്ന് ഭൗതികതയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ മനുഷ്യരെയുമാണ്. ഇത്തരം യാത്രകളാണ് സ്വാഭാവികമായും അപകടങ്ങളിലേക്ക് നയിക്കപ്പെടുന്നത്. ജീവിതത്തിലെ ചില അപകടസാഹചര്യങ്ങളിലാണ് നല്ല അയല്‍ക്കാരുടെ സാന്നിധ്യവും സഹകരണവും നമുക്ക് ആവശ്യമായി വരിക. അയല്‍ക്കാരുടെ അതിര്‍ത്തികള്‍ സ്വന്തക്കാരിലേക്കും ബന്ധുക്കളിലേക്കും സ്വസമുദായത്തിലേക്കും മാത്രം ചുരുക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഉപമ നമ്മോടു പറയുന്നതും, എല്ലാവര്‍ക്കും അയല്‍ക്കാരാകുക എന്നുകൂടിയാണ്. അതിനുളള വലിയ മാതൃക നമുക്ക് കാണിച്ചുതന്ന വിശുദ്ധയാണ് മദര്‍ തെരേസ.

മരണാസന്നരായി വഴിയോരങ്ങളില്‍ കഴിയുന്നവരെ പരിചരിക്കാന്‍ ഒരു സ്ഥലം അന്വേഷിച്ച മദര്‍ തെരേസ കണ്ടെത്തിയത് കാളിഘട്ടിലെ ക്ഷേത്രത്തോട് ചേര്‍ന്നുളള ഉപേക്ഷിക്കപ്പെട്ട ഒരു ധര്‍മ്മശാലയായിരുന്നു. പോലീസ് കമ്മീഷണറുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറുടെയും അനുവാദത്തോടെ 1952-ല്‍ മദര്‍ അവിടെ ‘നിര്‍മ്മല്‍ ഹൃദയ’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. എന്നാല്‍ മതം മാറ്റുന്നു എന്ന പരാതിയുമായി പരിസരവാസികള്‍ രംഗത്തു വന്നു. പരാതി അന്വേഷിക്കാനെത്തിയ പോലീസ് കമ്മീഷണര്‍ക്കും മേയര്‍ക്കും അവിടെ കണ്ട കാര്യങ്ങളെ വിശ്വസിക്കാന്‍ സാധിച്ചില്ല. മദര്‍ തെരേസയും മറ്റ് സിസ്റ്റേഴ്‌സും രോഗികളുടെ വ്രണങ്ങളും മാലിന്യങ്ങളും കഴുകിവൃത്തിയാക്കുന്നു, അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു, അവരെ ഭക്ഷണം കഴിപ്പിക്കുന്നു. പോലീസ് കമ്മീഷണര്‍ പരാതിക്കാരോട് പറഞ്ഞു: “ഞാനിവരെ 24 മണിക്കൂറിനകം ഇവിടെ നിന്ന് കെട്ടുകെട്ടിക്കാം. പക്ഷേ, അതിനു മുമ്പ് നിങ്ങള്‍ എനിക്ക് ഉറപ്പു നല്‍കണം, ഇവര്‍ ചെയ്യുന്ന ഈ ജോലികള്‍ ചെയ്യാന്‍ നിങ്ങളുടെ അമ്മപെങ്ങന്മാരെ അയക്കാമെന്ന്.” ഇതു കേട്ട് പരാതിക്കാര്‍ നിശബ്ദരായി മടങ്ങുകയാണുണ്ടായത്.

വിശുദ്ധരുടെ ജിവിതമെല്ലാം നമുക്ക് നല്‍കുന്നത് നല്ല അയല്‍ക്കാരായതിന്റെ സുവിശേഷങ്ങളാണ്. ആധുനികലോകത്തിലെ അപകടം നിറഞ്ഞ ജറീക്കോ വഴികളില്‍ മുറിവേറ്റു വീഴുന്നവര്‍ക്ക് ആശ്വാസം പകരാനും രക്ഷയുടെ ഭവനത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. നിരാശയുടെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് പലവിധ തിന്മകളുടെയും മുറിവുകളാല്‍ ഈ വഴിയില്‍ അനേകം മക്കള്‍ ആശ്വാസത്തിനായി കാത്തുകിടപ്പുണ്ട്. ക്രിസ്തു എന്ന നല്ല സമരായനായി, വചനത്തിന്റെ ഔഷധം പകര്‍ന്ന് നിത്യരക്ഷയുടെ ദൈവിക സാന്നിധ്യത്തിലേക്ക് അവരെ ആനയിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍ എന്ന ചിന്ത നമുക്ക് മനസില്‍ സൂക്ഷിക്കാം. ദേവാലയത്തിലെ ക്രിസ്തു മുമ്പില്‍ മുറിവേറ്റു കിടക്കുമ്പോള്‍ അവനെ അവഗണിച്ചുകൊണ്ടുളള ദേവാലയ യാത്രകള്‍ വ്യര്‍ത്ഥമാണ്. ലോകം കുറ്റപ്പെടുത്തിയവരിലും മുറിവേല്‍പ്പിച്ചവരിലും വസ്ത്രം ഉരിഞ്ഞെടുത്തവരിലും അര്‍ദ്ധപ്രാണനാക്കിയവരിലും ക്രിസ്തുവിനെ കണ്ടെത്തുമ്പോള്‍ അവനെ ഒന്ന് സ്‌നേഹിക്കുമ്പോള്‍, പരിഗണിക്കുമ്പോള്‍, പരിപാലിക്കുമ്പോള്‍ ദൈവം ആഗ്രഹിക്കുന്ന അയല്‍ക്കാരായി നാം മാറുകയാണ്. അതുകൊണ്ട് സ്വര്‍ഗീയജറുസലേമിലേക്കുള്ള നമ്മുടെ ഈ ജീവിതവഴിയില്‍ അങ്ങനെയുള്ളവരെ കണ്ടെത്താനും അവരെ ശൂശ്രൂഷിക്കാനും നമുക്ക് പരിശ്രമിക്കാം. “നീയും പോയി അതുപോലെ ചെയ്യുക” എന്ന ക്രിസ്തുനാഥന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് അവിടുന്ന് കാണിച്ചുതന്ന നല്ല സമരായന്റെ ജീവിതമാതൃക സ്വന്തമാക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഒരു ചൈനീസ് പ്രാര്‍ത്ഥന ഇപ്രകാരമാണ്: ‘ദൈവമേ, അങ്ങ് ഈ ലോകത്തെ നവീകരിക്കണമേ. അങ്ങ് അത് എന്നില്‍ത്തന്നെ ആരംഭിക്കണമേ.”

സ്‌നേഹത്തിന്റെ കൂദാശയായ ദിവ്യബലിയില്‍ സം ബന്ധിക്കുമ്പോള്‍ ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ നല്ല അയല്‍ക്കാരായിത്തീരാനുള്ള കൃപക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. നല്ലവനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ലിജോ തുണ്ടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.