ഞായർ പ്രസംഗം, നോമ്പുകാലം മൂന്നാം ഞായർ മാർച്ച് 05 മത്തായി 20: 17-28, ക്രിസ്തുശിഷ്യത്വം: ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കാനുള്ള ക്ഷണം

ബ്ര. ആര്‍വിന്‍ വള്ളോംകുന്നേല്‍ MCBS

ദിവ്യകാരുണ്യ ഈശോയാല്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

രക്ഷാകര സംഭവങ്ങളുടെ ഉന്നതിയിലേക്ക്, ജറുസലേമിലേക്ക് രക്ഷയുടെ പ്രഘോഷകരായിത്തീരേണ്ട തന്റെ ശിഷ്യരെയും ഒരുക്കിക്കൊണ്ട് യാത്ര ചെയ്യുകയാണ് ക്രിസ്തു. തന്നോടു കൂടെ, തന്റെ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഒപ്പമായിരിക്കാന്‍, ഇഷ്ടപ്പെട്ട പേര് ചൊല്ലി വിളിച്ച 12 പേരെയും കൂട്ടിക്കൊണ്ടുള്ള ഈ യാത്രക്കിടയിലാണ് മനുഷ്യരക്ഷക്കു വേണ്ടി ദൈവം രചിച്ച സ്‌നേഹകാവ്യത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് രക്ഷകന്‍ സംസാരിക്കുന്നത്. ഈ യാത്രയുടെ ലക്ഷ്യം കുരിശുമരണമാണ്. പ്രലോഭനങ്ങളുമായി കടന്നുവരുന്ന പിശാചും നിരുത്സാഹപ്പെടുത്തുന്ന പത്രോസും അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനയുമായി എത്തുന്ന സെബദിപുത്രന്മാരുമൊക്കെ ഈ യാത്രയില്‍ ഈശോക്ക് തടസം സൃഷ്ടിക്കുന്നവരാണ്. തന്റെ പ്രബോധനങ്ങളിലൂടെയും മാതൃകയിലൂടെയും അവരെയും നേര്‍വഴിക്കു നയിക്കുന്ന ഈശോ ഇന്ന് നമുക്കും രക്ഷയുടെ പാത തുറന്നുതരികയാണ്. അത് കുരിശിന്റെ മഹത്വത്തിലേക്കുള്ള മാര്‍ഗ്ഗമാണ്; അവനോടു കൂടെയായിരിക്കാനുള്ള ക്ഷണമാണ്.

യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തിന് തൊട്ടുമുന്‍പ് വിവരിക്കുന്ന പീഡാനുഭവ പ്രവചനവും തുടര്‍ന്നുവരുന്ന സെബദിപുത്രന്മാര്‍ക്കു വേണ്ടിയുള്ള അമ്മയുടെ യേശുവിനോടുള്ള അഭ്യര്‍ത്ഥനയുമാണ് നോമ്പുകാലത്തിന്റെ ഈ മൂന്നാം ഞായറില്‍ തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായിട്ട് നല്‍കുന്നത്. സ്വന്തം ജീവന്‍ വിലയായി നല്‍കി നമ്മെ രക്ഷിച്ചവനോട്-കര്‍ത്താവായ യേശുക്രിസ്തുവിനോട് ചേര്‍ന്നുനിന്നാല്‍ മാത്രമേ രക്ഷയുടെ ആനന്ദമായ ദൈവരാജ്യം സ്വന്തമാക്കാന്‍ സാധിക്കൂ എന്ന വലിയ സന്ദേശമാണ് ഈശോ ഇന്ന് നമുക്ക് നല്‍കുന്നത്. രക്ഷയുടെ ഈ ഏകമാര്‍ഗ്ഗത്തിലേക്ക് നമ്മെ നയിക്കാന്‍ ഉതകുന്നതാണ് ഇന്നത്തെ പഴയനിയമ വായനകളും ലേഖനവും.

സൃഷ്ടപ്രപഞ്ചത്തിലെ മനുഷ്യര്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങളും ജലപ്രളയത്തിലൂടെ നാമാവശേഷമായിത്തീരുമ്പോഴും നോഹയും കുടുംബവും മാത്രം രക്ഷപ്പെടുന്നതിന്റെ ചരിത്രമാണ് ഉല്‍പത്തി പുസ്തകത്തിലൂടെ വിശുദ്ധ ഗ്രന്ഥകര്‍ത്താവ് പറഞ്ഞുവയ്ക്കുന്നത്. ദൈവത്തോട് ചേര്‍ന്നുനിന്നാല്‍ രക്ഷയുടെ അനുഭവം സാധ്യമാക്കാം എന്ന വലിയ സന്ദേശം. കര്‍ത്താവിനോട് ചേര്‍ന്ന് ദുഷ്ടതയുടെ കോട്ടകള്‍ തകര്‍ക്കാനുള്ള ആഹ്വാനമാണ് ജോഷ്വാ പ്രവാചകന്റെ പുസ്തകത്തിലൂടെ ദൈവം നമുക്ക് നല്‍കുന്നത്. അനിവാര്യത ഒന്നുമാത്രം – കര്‍ത്താവിനോട് ചേര്‍ന്നുനില്‍ക്കുക. ഏതൊരു മനുഷ്യനും ദൈവത്തിന്റെ പ്രസാദവരത്തിലല്ലാതെ ജീവിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന സങ്കീര്‍ണ്ണാവസ്ഥകളെക്കുറിച്ച് റോമാക്കാര്‍ക്കുള്ള ലേഖനത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്ന വി. പൗലോസ് ശ്ലീഹാ ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കാനുള്ള ആവശ്യകതയെക്കുറിച്ചാണ് ലേഖനത്തിലൂടെ വിവരിക്കുന്നത്.

ഈ ചിന്തകളുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സുവിശേഷം നാം മനസിലാക്കേണ്ടത്. ഇത് മൂന്നാമത്തെ തവണയാണ് താന്‍ നേരിടാന്‍ പോകുന്ന സഹന-മരണ-ഉത്ഥാനത്തെക്കുറിച്ച്, രക്ഷാകര സംഭവങ്ങളെക്കുറിച്ച് ഈശോ തന്റെ ശിഷ്യരോട് മനസ് തുറക്കുന്നത്. ഈ ദൈവീകരഹസ്യങ്ങളുടെ തീവ്രതയോ, അര്‍ത്ഥമോ ഒന്നും ശിഷ്യര്‍ ഗ്രഹിച്ചില്ല എന്ന് തുടര്‍ന്നുള്ള സംഭവത്തില്‍ നിന്നും, സെബദിപുത്രന്മാരുടെ യാചനയില്‍ നിന്നും വ്യക്തമാണ് ശൂന്യവത്ക്കരണവും സഹനവും മരണവും ഉത്ഥാനവുമാണ് രക്ഷയുടെ അടിസ്ഥാനം എന്ന സത്യം ഗ്രഹിക്കാത്ത ഈ ശിഷ്യര്‍ പീഡാനുഭവത്തില്‍ പങ്കുചേരാനുള്ള യേശുവിന്റെ വിളിയില്‍ നിന്നും ഓടിയകലുകയാണ്. അതെ, ക്രിസ്തുശിഷ്യത്വം ക്രിസ്തുവിന്റെ പീഡാനുഭവത്തില്‍ പങ്കുചേരാനുള്ള വിളിയാണ്.

ഒന്നു ചിന്തിച്ചാല്‍ ഇന്നും ഇതൊക്കെ തന്നെയല്ലേ സംഭവിക്കുന്നത്? സ്വയം ചെറുതാകാനും സഹിക്കാനും കുരിശു ചുമക്കാനും മരിക്കാനും ആര്‍ക്കാണ് ഇഷ്ടം? നാം ജീവിക്കുന്ന ഈ സമൂഹത്തിന്റെ ജീവിതശൈലിയും നിയമങ്ങളുമെല്ലാം തികച്ചും മത്സരബുദ്ധിയുടേതാണ്. മറ്റുള്ളവരേക്കാള്‍ ധനം, മറ്റുള്ളവരേക്കാള്‍ സുഖം, കഴിവ്, അംഗീകാരം, അധികാരം… ഇത്തരത്തില്‍ ഭൗതിക ഭദ്രതക്കായുള്ള നെട്ടോട്ടമായി മാത്രം ക്രൈസ്തവജീവിതവും ഇന്ന് മാറിയിട്ടുണ്ട്. എന്നാലും നാം ഏവര്‍ക്കും മഹത്വത്തിന്റെ സിംഹാസനം സ്വന്തമായി വേണം. ഇതു തന്നെയാണ് ക്രിസ്തുശിഷ്യത്വത്തിന്റെ കപടതയും.

കുരിശിന്റെ വഴിയിലൂടെ സഹനയാത്ര ചെയ്താല്‍ മാത്രമേ, അതുവഴി അവനുമായി അനുരൂപപെട്ടാല്‍ മാത്രമേ മഹത്വത്തിന്റെ സിംഹാസനം സ്വന്തമാക്കാന്‍ സാധിക്കൂ എന്ന സത്യം തിരിച്ചറിഞ്ഞിട്ടും അറിയാത്ത മട്ടില്‍, കേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍, ആസ്വദിച്ചിട്ടും അനുഭവിക്കാത്ത മട്ടില്‍ ഈശോയുടെ കൂടെ നടക്കുന്ന യാക്കോബും യോഹന്നാനും മറ്റു ശിഷ്യന്മാരും നാമോരോരുത്തരെയും, യഥാര്‍ത്ഥ ‘മാര്‍ഗ്ഗ’ത്തെ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ ‘ലക്ഷ്യ’ത്തെ സ്വന്തമാക്കാന്‍ ഈശോ ക്ഷണിക്കുകയാണ്.

ഈ സംഭവം വായിക്കുന്ന നമുക്ക് യാക്കോബിനോടും യോഹന്നാനോടും വെറുപ്പ് തോന്നുക സ്വാഭാവികമാണ്. എന്നാല്‍ അല്‍പം ഭാവാത്മകമായി ധ്യാനിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും; നമ്മുടെയൊക്കെ മനസിന്റെ ആത്യന്തികമായ ലക്ഷ്യവും ഈ മഹത്വചിന്ത തന്നെയാണെന്ന്. സ്വാര്‍ത്ഥതയും ലൗകികവ്യഗ്രതയും അഹങ്കാരവും അസൂയയും ഇടകലര്‍ന്ന ചിന്തയാണ് നമ്മെയെല്ലാം നയിക്കുന്നത്. ഇത്തരത്തില്‍ ഐഹികസുരക്ഷിതത്വങ്ങള്‍ക്കു പിന്നാലെ പോകാതെ, സ്വന്തം ജീവന്‍ പോലും ബലിയായി നല്‍കിക്കൊണ്ട് നമ്മെ രക്ഷിച്ച, ശുശ്രൂഷിച്ച ക്രിസ്തുവിന്റെ ജീവിതശൈലി നമുക്കും സ്വീകരിക്കാം. വലിയവനും ഒന്നാമനും ആകേണ്ടത് സമ്പാദിച്ചും പിടിച്ചുവാങ്ങിയും എല്ലാ സ്ഥാനമാനങ്ങളും കൈക്കലാക്കിയുമല്ല. മറിച്ച്, കൊടുത്തും പങ്കുവച്ചും തന്നത്തന്നെ ശൂന്യവത്ക്കരിച്ചും ആയിരിക്കണമെന്ന് ഈശോ നമ്മോടു പറയുന്നു. അതിന് നമ്മുടെ ഫോക്കസ് ക്രിസ്തുവിലായിരിക്കണം. അവന്റെ പീഡാനുഭവത്തിന്റെയും കുരിശിന്റെയും ഉത്ഥാനത്തിന്റെയും ഫോക്കസ് ശിഷ്യര്‍ക്ക് നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് അവര്‍ അധികാര തര്‍ക്കങ്ങളില്‍ അകപ്പെട്ടത്, അവര്‍ക്കിടയില്‍ ‘ആരാണ് വലിയവന്‍?’ എന്ന ചോദ്യം ഉയര്‍ന്നത്. ക്രിസ്തുശിഷ്യരായ നമുക്കും നഷ്ടപ്പെടാന്‍ പാടില്ലാത്തതും ഇതേ കുരിശിലേക്കുള്ള ഫോക്കസാണ്; ഉത്ഥാനത്തിന്റെ പ്രത്യാശയാണ്.

കാളയുടെ രൂപം മുദ്രിതമായ ഒരു പുരാതന റോമന്‍ നാണയം ഉണ്ടത്രേ. കാളയുടെ തല രണ്ടു വസ്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഒന്ന്, ബലിക്കല്ല്; രണ്ട്, നുകം. അതിനടിയില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ‘ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.’ രണ്ടിനും ത്യാഗമുണ്ട്. ബലിക്കല്ല് അറക്കപ്പെടുക എന്ന മഹാത്യാഗത്തെ സൂചിപ്പിക്കുന്നു. നുകം അദ്ധ്വാനിക്കുക, അതിന്റെ ക്ലേശം അനുഭവിക്കുക എന്ന ത്യാഗത്തെ സൂചിപ്പിക്കുന്നു. രണ്ടും കാളയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതനിയോഗത്തെ കാണിക്കുന്നു.

എല്ലാവര്‍ക്കും വേണ്ടി കര്‍ത്താവ് ഒരു പാനപാത്രം ഒരുക്കിയിട്ടുണ്ട്. അത് കുടിക്കാന്‍ സന്നദ്ധരാണോ എന്ന് നാം ഓരോരുത്തരോടും അവിടുന്ന് ചോദിക്കുന്നു. നമുക്കു മുന്‍പേ അതു കുടിച്ച് കര്‍ത്താവ് മാതൃക കാണിച്ചിരിക്കുന്നു. ആ മാതൃക പരിശുദ്ധ കുര്‍ബാനയല്ലാതെ മറ്റെന്താണ്? മഹത്വത്തിലേക്കുള്ള വാതില്‍ അവന്റെ പീഡാനുഭവത്തിലും മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെങ്കില്‍ ആ സ്വര്‍ഗീയവാതില്‍ വിശുദ്ധ കുര്‍ബാനയാണ്. കാരണം, ഈശോയുടെ രക്ഷാകര സംഭവങ്ങളുടെ അനുസ്മരണവും അര്‍പ്പണവും ആഘോഷവുമാണ് വിശുദ്ധ കുര്‍ബാന. സ്വന്തം ശരീരവും രക്തവും നമ്മുടെ രക്ഷക്കായി പകുത്തുനല്‍കിയ ആ സ്‌നേഹിതന്‍, നമ്മുടെ ഈശോ നമ്മെ രക്ഷയുടെ മഹത്വത്തിലേക്ക് ക്ഷണിക്കുകയാണ് ഇന്ന് ഈ വിശുദ്ധ കുര്‍ബാനയിലൂടെ. സഭാപിതാവായ വി. തോമസ് അക്വീനാസ് പറയുന്നു; “എന്റെ ആത്മരക്ഷയുടെ വിലയേ, നിന്നെ ഞാന്‍ സ്വീകരിക്കുന്നു. എന്റെ സ്വര്‍ഗ്ഗീയ യാത്രയുടെ തിരുപാഥേയമേ, ഞാന്‍ നിന്നെ സ്വീകരിക്കുന്നു. ഞാന്‍ പഠിച്ചതും നിരീക്ഷിച്ചതും അദ്ധ്വാനിച്ചതുമെല്ലാം നിന്നോടുള്ള സ്‌നേഹത്തെപ്രതിയാണ്.” സ്വര്‍ഗീയമഹത്വത്തിലേക്ക്, ക്രിസ്തുവിനോട് ഒന്നായിരിക്കാന്‍ നമുക്ക് വിശുദ്ധ കുര്‍ബാനയിലൂടെ നടന്നടുക്കാം. ദിവ്യകാരുണ്യനാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ആര്‍വിന്‍ വള്ളോംകുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.