ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ഞായർ, ഒക്ടോബർ 23 മിഷന്‍ ചൈതന്യത്തില്‍

‘ക്രിസ്തുവിനെ അറിഞ്ഞവരെല്ലാം മിഷനറിമാരാണ്. ക്രിസ്തുവിനെ അറിയാത്തതെല്ലാം മിഷന്‍ രംഗങ്ങളാണ്’ – സീറോമലബാര്‍ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായ ആന്റണി പടിയറ പിതാവിന്റെ വാക്കുകളാണിവ.

ബ്ര. ടോബി താണിപ്പിള്ളി MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയസഹോദരങ്ങളേ,

ഏലിയ സ്ലീവാ മൂശാക്കാലത്തിന്റെ ഏഴാം ഞായറാഴ്ചയിലൂടെ പ്രയാണം ചെയ്യുന്ന നമുക്ക് ഇന്നേ ദിവസം തിരുസഭാമാതാവ് നല്‍കുന്ന വചനഭാഗം മത്തായിയുടെ സുവിശേഷം 10:1-15 വരെയുള്ള വാക്യങ്ങളാണ്. ഈശോ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് പ്രേഷിതപ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ അയയ്ക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. അയയ്ക്കപ്പെടുന്നവര്‍ക്ക് അയക്കുന്നവന്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രേഷിതപ്രവര്‍ത്തനമാകുന്ന കനല്‍വഴിയുടെ തീവ്രത വിളിച്ചറിയിക്കുന്നു. ചെന്നായ്ക്കളുടെ ഇടയിലേക്ക് അയയ്ക്കപ്പെടുന്ന കുഞ്ഞാടുകള്‍. വിപരീത അനുപാതത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് ക്രിസ്തുവെന്ന് നാം പലപ്പോഴും വിചാരിച്ചുപോകും. പക്ഷേ, നാം അറിയാതെപോകുന്നത് അവിടുത്തെ മനസാണ്. ചെന്നായയും കുഞ്ഞാടും ഒരുമിച്ചു വാഴുന്ന ഒരു ലോകമാണ് അവിടുന്ന് സ്വപ്നം കാണുന്നത്. നഷ്ടപ്പെട്ടു പോയതിനെ തേടിപ്പോകുന്നവനാണ് ക്രിസ്തു. ആ ക്രിസ്തുവിന് ചെന്നായയെ കുഞ്ഞാടാക്കാന്‍ കഴിയും.

വഴിയില്‍ വച്ച് ആരെയും അഭിവാദനം ചെയ്യരുതെന്നുള്ള ക്രിസ്തുവിന്റെ താക്കീത്, പരിചയക്കാര്‍ക്കു മുമ്പില്‍ പോലും അപരിചിതനായി നീങ്ങുക, ത്രസിപ്പിക്കുന്ന വഴിയോരക്കാഴ്ച്ചകള്‍ക്ക് സമയം കൊടുക്കാതിരിക്കുക, യാത്രയിലെ ഇഷ്ടങ്ങളെ പലതും നഷ്ടങ്ങളാക്കുക. വി. അംബ്രോസ് പറയുന്നു: ‘വഴിയില്‍ വച്ച് അഭിവാദനം ചെയ്യരുതെന്ന് ക്രിസ്തു പറയുന്നതിന്റെ കാരണം അവരുടെ ശ്രദ്ധ മുഴുവന്‍ അവര്‍ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതപ്രവര്‍ത്തനത്തിലാണെന്ന ബോധ്യമുണര്‍ത്താന്‍ വേണ്ടിയാണ്.’

തിരുസഭ ഇന്ന് മിഷന്‍ ഞായര്‍ ആഘോഷിക്കുമ്പോള്‍ നാം തിരിച്ചറിയണം, എന്താണ് മിഷന്‍ പ്രവര്‍ത്തനം? വൈദികരും സന്യസ്തരും കേരളത്തിനു പുറത്തുപോയി സേവനം ചെയ്യുന്നതു മാത്രമല്ല മിഷന്‍ പ്രവര്‍ത്തനം. നമ്മുടെ കുടുംബങ്ങളില്‍ മക്കള്‍ ആത്മീയജീവിതത്തില്‍ വളരാന്‍ അവരെ സഹായിക്കുന്നതാണ് മിഷന്‍ പ്രവര്‍ത്തനം, വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കുന്നതാണ് മക്കളുടെ മിഷന്‍ പ്രവര്‍ത്തനം, സമൂഹത്തില്‍ കൂടെയായിരിക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു ചെറുപുഞ്ചിരിയെങ്കിലും നല്‍കി അവരെ സന്തോഷിപ്പിക്കുന്നതാണ് മിഷന്‍ പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തികളാണ് മിഷന്‍ എന്ന വാക്കിന് ജീവന്‍ നല്‍കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം.

ഇന്നത്തെ ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, സുവിശേഷം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണമെന്നാണ്. ‘സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം’ എന്നാണ് പൗലോസ് ശ്ലീഹാ വിളിച്ചുപറയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ട വചനം ജീവിക്കുന്ന പക്വതയിലേക്കു വളരുമ്പോഴാണ് അത് പ്രഘോഷണമായി മാറുന്നത്. ഈ പ്രഘോഷണത്തിനാണ് സാക്ഷ്യമുള്ളത്. ഇന്ന് നമുക്ക് അന്യമാകുന്ന ദൗത്യബോധവും ഇതു തന്നെ.

മിഷന്‍ ഞായറിന്റെ ഭാഗമായി ഇടവകയിലെ ഏതെങ്കിലും ഒരു സംഘടനയിലെ അംഗങ്ങള്‍ പിരിവിനായി നമ്മുടെ വീടുകളിലേക്ക് കടന്നുവരുമ്പോള്‍ നമ്മുടെ അമ്മമാര്‍ പൈസയോ, അരിയോ, മറ്റെന്തെങ്കിലുമോ കൊടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും. അത് നമ്മുടെ വീടുകളില്‍ ഒത്തിരിയൊന്നും ഉണ്ടായിട്ടൊന്നുമല്ല. ‘ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍’ (മത്തായി 10:8) എന്ന ദൈവവചനം പ്രാവര്‍ത്തികമാക്കുന്നതു കൊണ്ടാണ്.

അന്നൊരിക്കല്‍ റെയ്മണ്ടിന് പന്ത്രണ്ടു വയസുള്ളപ്പോള്‍ അവന് പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ദര്‍ശനമുണ്ടായി. ആ രാത്രി പരിശുദ്ധ അമ്മ പ്രകാശപൂരിതയായി അവന്റെയടുക്കല്‍ വന്നു. അവന്‍ ചോദിച്ചു: ‘എന്റെ ജീവിതത്തില്‍ ഞാന്‍ ആരായിത്തീരും.’ ഇതുകേട്ട് പരിശുദ്ധ അമ്മ രണ്ട് കിരീടങ്ങള്‍ അവന് കാണിച്ചുകൊടുത്തു. ഒന്ന് വെളുത്ത റോസാപുഷ്പങ്ങള്‍ കൊണ്ടുള്ളതും മറ്റൊന്ന് ചുവന്ന റോസാപുഷ്പങ്ങള്‍ കൊണ്ടുള്ളതും. ഏതു വേണം നിനക്ക്? അവന്‍ പറഞ്ഞു: എനിക്ക് രണ്ടും വേണം. പിന്നീട് അധിക കാലം വേണ്ടിവന്നില്ല. റെയ്മണ്ട്, ഫ്രാന്‍സിസ് സന്യാസ സമൂഹത്തില്‍ ചേര്‍ന്നു, ഒരു മിഷനറിയാകാന്‍.

ക്രിസ്തുശിഷ്യന്റെ ശക്തി, വിദ്വേഷത്തിന്റെ അഗ്നിയേക്കാള്‍ പതിന്മടങ്ങ് ശക്തമാണെന്ന് അറുപത് ലക്ഷത്തില്‍പ്പരം യഹൂദരെ കൊന്നൊടുക്കിയ നാസി ക്യാമ്പിന്റെ ക്രൂരതയുടെ നടുവില്‍ തെളിയിച്ച സ്‌നേഹദീപം. ഫ്രാന്‍സിസ് ഗെയോണിഷിക് എന്ന സഹതടവുകാരനു പകരക്കാരനായി മരണം സ്വജീവിതത്തില്‍ ഏറ്റുവാങ്ങി കടന്നുപോയ വിശുദ്ധന്‍ – വി. മാക്‌സിമില്യന്‍ കോള്‍ബെ. പ്രചോദനമാണ് ഈ മിഷനറി ഈ മിഷന്‍ ഞായറില്‍ നമുക്ക്.

മിഷന്‍ പ്രവര്‍ത്തനം പാകപ്പെടേണ്ടത് ജീവിതാനുഭവങ്ങളിലൂടെയാണ്. വചനം ജീവിച്ചുതുടങ്ങുമ്പോള്‍ എപ്പോഴും അത് മധുരമാകണമെന്നില്ല. ചിലപ്പോള്‍ അതിന്റെ ഫലമായി നമ്മള്‍ ഒറ്റപ്പെട്ടുപോകാം, പ്രതിസന്ധികളുണ്ടാകാം, നമ്മുടെ സ്വത്തുക്കള്‍ ഉപേക്ഷിക്കേണ്ടി വന്നേക്കാം. വെളിപാട് പുസ്തകം 10-ാം അധ്യായം 8-ാം വാക്യത്തില്‍ പറയുന്നതുപോലെ, ‘വചനം ഭക്ഷിപ്പാന്‍ തുടങ്ങിയപ്പോള്‍ അത് വായില്‍ മധുരമുള്ളതായി. എന്നാല്‍ ഉദരത്തിലേക്കു പ്രവേശിച്ചപ്പോള്‍ അത് കയ്പ്പായി മാറി.’ പരുപരുത്ത ജീവിതാനുഭവങ്ങളുടെ കയ്പ്പിലും വചനം ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്ക് ശ്രമിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം, ഈശോയേ, വചനാധാഷ്ഠിതമായ മിഷന്‍ പ്രവര്‍ത്തനം ചെയ്യാന്‍ ഞങ്ങളെ സഹായിക്കേണമേ.

സര്‍വ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ടോബി താണിപ്പിള്ളി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.