പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാൾ പ്രസംഗം: അങ്ങയുടെ ഇഷ്ടം നിറവേറട്ടെ

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

പരിശുദ്ധ അമ്മയുടെ ജനനത്തെക്കുറിച്ച് ‘യാക്കോബിന്റെ സുവിശേഷം’ എന്ന അപ്രമാണികഗ്രന്ഥത്തില്‍ നിന്നാണ് നമ്മള്‍ അറിയുന്നത്. യാക്കോബിന്റെ സുവിശേത്തിന്റെ ആദ്യത്തെ എട്ട് അധ്യായങ്ങള്‍ മറിയത്തിന്റെ ജനനത്തെയും ബാല്യകാലത്തെയും കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ ജനിക്കാത്തത് ഒരു ശാപമാണെന്നു കരുതിയിരുന്ന ഇസ്രായേലിന്റെ പശ്ചാത്തലത്തില്‍, പ്രായം ഏറെയായിട്ടും സന്താനസൗഭാഗ്യം ഉണ്ടാകാത്ത യൊവാക്കിം – അന്ന ദമ്പതികള്‍ ഒരുപാട് മാനസികദുഃഖം അനുഭവിച്ചിരുന്നു.

ഒരിക്കല്‍ ദൈവാലയത്തില്‍ കാഴ്ചയര്‍പ്പിക്കാന്‍ വരുമ്പോള്‍, ഇസ്രായേലിന് ഒരു സന്താനത്തെ പ്രദാനം ചെയ്യാന്‍ കഴിവില്ലാത്തവന്‍ ദൈവത്തിന് കാഴ്ചയര്‍പ്പിക്കുന്നത് ഉചിതമല്ല എന്ന് റെവുബേല്‍ എന്നൊരുവന്‍ യൊവാക്കീമിനോടു പറയുമ്പോള്‍, ഇതു കേട്ട് ദുഃഖത്തോടെ ഭാര്യയെ തനിയെ വിട്ട് യൊവാക്കിം മരുഭൂമിയിലേക്ക് യാത്രയാകുന്നു. ഭര്‍ത്താവിന്റെ വേര്‍പാടും വന്ധ്യതയുടെ ദുഃഖവും അന്നയെ മാനസികദുഃഖത്തിലാഴ്ത്തുന്നു. വേദനയോടെ ദൈവതിരുമുമ്പില്‍ നില്‍ക്കുന്ന അന്നയുടെ പക്കലേക്ക് വന്ന് ഗബ്രിയേല്‍ മാലാഖ പറയുന്നു, നീ ഒരു കുഞ്ഞിന് ജന്മം നല്‍കും. ദൂതന്‍ യൊവാക്കിമിനെ സമീപിച്ച്, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിനക്കൊരു സന്തതിയെ ലഭിക്കുമെന്നു പറയുന്നു. യൊവാക്കിം സന്തോഷത്തോടെ മടങ്ങിയെത്തുന്നു. അന്ന മറിയത്തിന് ജന്മം നല്‍കുകയും മൂന്നു വയസു വരെ മാതാപിതാക്കളോടൊത്ത് ജീവിച്ച ശേഷം കുഞ്ഞിനെ ജറുസലേം ദൈവാലയത്തില്‍ കാഴ്ച വയ്ക്കുകയും ചെയ്യുന്നു. മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസു വരെ പരിശുദ്ധ മറിയം ജറുസലേം ദൈവാലയത്തിലാണ് കഴിയുന്നത്. ദൈവപുത്രന് അമ്മയായിത്തീരേണ്ടവളെ ദൈവം ഒരുക്കിയത് ഇപ്രകാരമാണ്.

ജറുസലേം ദൈവാലയത്തിലെ ദൈവസാന്നിധ്യത്തിന്റെ തണലിലാണ് പരിശുദ്ധ അമ്മ വളര്‍ന്നുവന്നത്. ഈ അമ്മയുടെ ജനനത്തിരുനാള്‍ സഭയില്‍ ഇന്ന് നമ്മള്‍ ആചരിക്കുമ്പോള്‍ അമ്മയുടെ ആന്തരികഭാവത്തെ നമുക്ക് ധ്യാനവിഷയമാക്കാം. രക്ഷാകരചരിത്രത്തിലെ പരിശുദ്ധ അമ്മയുടെ പങ്കിനെ നമുക്ക് രണ്ടു വാക്കുകളില്‍ ചുരുക്കാം. ഫിയാത്ത് മുതല്‍ പിയാത്ത വരെയുള്ള ജീവിതമായിരുന്നു അവളുടെ രക്ഷാകരചരിത്രത്തിലെ പങ്ക്. ഫിയാത്ത് എന്ന വാക്കിന്റെ അര്‍ത്ഥം ‘അങ്ങയുടെ ഇഷ്ടം നിറവേറട്ടെ’ (let if be done) എന്നാണ്. ഈ വാക്കുകള്‍ ഉച്ചരിച്ചുകൊണ്ടാണ് പരിശുദ്ധ അമ്മ രക്ഷാകരചരിത്രത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. തന്റെ പുത്രന്റെ മൃതശരീരം കുരിശില്‍ നിന്നറക്കി അമ്മയുടെ മടിയില്‍ കിടത്തുമ്പോള്‍ പുത്രനെ അവസാനമായി ഒരുനോക്ക് കാണുന്ന, ആരുടെയും കരളലിയിക്കുന്ന ആ ചിത്രത്തെ നമ്മള്‍ വിളിക്കുന്ന പേരാണ് ‘അലിവ്’ എന്ന് അര്‍ത്ഥം വരുന്ന പിയാത്ത. ഫിയാത്ത് മുതല്‍ പിയാത്ത വരെയുള്ള പരിശുദ്ധ അമ്മയുടെ ജീവിതയാത്രയിലൂടെ അമ്മയോടൊപ്പം സഞ്ചരിക്കുമ്പോഴാണ് അമ്മയുടെ ആന്തരികഭാവത്തെ നമുക്ക് തിരിച്ചറിയാന്‍ കഴിയുക.

ഇതാ, കര്‍ത്താവിന്റെ ദാസി എന്നുപറഞ്ഞ് ദൈവഹിതത്തിനു മുന്നില്‍ ജീവിതം സമര്‍പ്പിച്ചപ്പോള്‍ അരക്ഷിതത്വത്തിലേക്കാണ് അമ്മ കാലെടുത്തുവച്ചത്. ലോകചരിത്രത്തില്‍ അന്നോളം കേട്ടിട്ടില്ലാത്ത കന്യകാഗര്‍ഭധാരണവും പിതൃഭവനത്തില്‍ വച്ച് ഒരുവള്‍ ഗര്‍ഭിണിയായാല്‍ അവളെ നഗരകവാടത്തിങ്കല്‍ വച്ച് കല്ലെറിഞ്ഞു കൊല്ലണമെന്ന യഹൂദനിയമത്തിന്റെ കാഠിന്യവുമൊക്കെ മനസിലുണ്ടായിട്ടും അമ്മ സന്തോഷത്തോടെ പാടി, ‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.’ ഒരു കുഞ്ഞിന് ജന്മം നല്‍കുവാന്‍ ഒരിടം പോലും നിഷേധിക്കപ്പെട്ട് കാലിത്തൊഴുത്തില്‍ ദൈവപുത്രനെ പ്രസവിക്കേണ്ടി വന്നവളാണ് അമ്മ. പിറന്നുവീണ കുഞ്ഞിനെയും കൊണ്ട് ജറുസലേം ദൈവാലയത്തില്‍ ദൈവസന്നിധിയിലെത്തുമ്പോള്‍ അമ്മ യുടെ കണ്ണുകളില്‍ നോക്കിക്കൊണ്ട് ശിമയോന്‍ എന്ന വയോധികന്‍ പറഞ്ഞു: ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും.’ നവജാതശിശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഈജിപ്തിലേക്കും യൂദയായിലേക്കും നസറത്തിലുമൊക്കെ തുടരെത്തുടരെ പലായനം ചെയ്യേണ്ടിവരുന്നുണ്ട് പരിശുദ്ധ അമ്മയ്ക്ക്. സുവിശേഷത്തിലൂടെ തുടര്‍ന്നും സഞ്ചരിക്കുമ്പോള്‍ അമ്മയുടെ ജീവിതം ആന്തരികസംഘര്‍ഷങ്ങളുടെ തുടര്‍ക്കഥയായി മാറുന്നതായി നാം കണ്ടു. അമ്മയുടെ സഹനങ്ങളുടെ ആന്തരികസംഘര്‍ഷങ്ങളും അതിന്റെ പരകോടിയിലെത്തുന്നത് കുരിശിന്‍ചുവട്ടിലാണ്.

തിരുസഭയുടെ ചരിത്രത്തിലേക്കു നോക്കുമ്പോള്‍ മാരകമായ സഹനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കുന്ന അനേകം ക്രൈസ്തവരെക്കുറിച്ച് നമ്മള്‍ വായിച്ചറിയുന്നുണ്ട്. ആദ്യനൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ക്ക് ഏറ്റവും ക്രൂരമായ മരണം നല്‍കാന്‍ റോമന്‍ ഭരണാധികാരികള്‍ മത്സരിച്ചിരുന്നു. ശരീരമാസകലം എണ്ണയില്‍ കുതിര്‍ത്ത തുണി കൊണ്ടു ചുറ്റി റോമാനഗരത്തിന്റെ തെരുവീഥികളില്‍ തെരുവുവിളക്കുകള്‍ക്കു പകരം തീപ്പന്തങ്ങള്‍ പോലെ ക്രൈസ്തവരെ കത്തിച്ചുനിര്‍ത്തിയ കാലഘട്ടങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിരുന്നുവെന്ന് സഭാചരിത്രകാരനായ എവുസേബിയൂസ് കുറിക്കുന്നുണ്ട്. ശരീരമാംസങ്ങള്‍ കത്തിയെരിഞ്ഞ് ഇല്ലാതായിത്തീരുന്ന വേദനയില്‍ ഈ മനുഷ്യര്‍ കണ്ണുകളടച്ച് ഈശോയുടെ കുരിശിലെ സഹനത്തെ ധ്യാനിക്കും. അപ്പോള്‍ അവര്‍ക്ക് ആശ്വാസവും ആനന്ദവും ലഭിച്ചു. പരിശുദ്ധ അമ്മയുടെ ജീവിതത്തിലേക്കു നോക്കുമ്പോള്‍, ഈശോയുടെ കുരിശിലെ സഹനത്തിലേക്കു നോക്കിയപ്പോഴൊക്കെ പരിശുദ്ധ അമ്മയുടെ സഹനം കുറയുകയല്ല, മറിച്ച് പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ് ചെയ്തത്. സകലര്‍ക്കും ആശ്വാസം നല്‍കിയ കുരിശ് പരിശുദ്ധ അമ്മയ്ക്ക് വീണ്ടും സഹനം നല്‍കി.

ഇന്നത്തെ ജീവിതം മുഴുവന്‍ സഹനങ്ങളുടെയും പ്രതിസന്ധികളുടെും ആന്തരികസംഘര്‍ഷങ്ങളുടെയും ആകെത്തുകയായി നില്‍ക്കുമ്പോഴും പരിശുദ്ധ അമ്മ പതറിയില്ല, തകര്‍ന്നില്ല. കാരണം തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും തന്റെ ദൈവത്തിന്റെ ഹിതമാണെന്ന അടിയുറച്ച ബോധ്യം അമ്മക്കുണ്ടായിരുന്നു. ഈ അവബോധമാണ് ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കു നടുവിലും ശിരസുയര്‍ത്തി നില്‍ക്കാന്‍ അമ്മയെ സഹായിച്ചത്.

തിരുസഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല എങ്കിലും കേരളസഭ വിശുദ്ധയെന്നും വിശുദ്ധ കുര്‍ബാനയുടെ വാനമ്പാടി എന്നുമൊക്കെ പേരിട്ടു വിളിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തില്‍ എറണാകുളം ജില്ലയില്‍ കേവലം 27 വയസു വരെ മാത്രം ജീവിച്ച്, കഴിഞ്ഞ ജനുവരി മാസം ദൈവസന്നിധിയിലേക്കു പറന്നുയര്‍ന്ന അജ്‌ന ജോര്‍ജ് എന്ന പെണ്‍കുട്ടി. അവളുടെ അവസാനകാല ചിത്രങ്ങളൊക്കെ കണ്ടാല്‍ വീണ്ടും ഒരിക്കല്‍ക്കൂടി നമുക്ക് അവയിലേക്ക് നോക്കാന്‍ കഴിയില്ല. മുഖത്തെ മാംസപേശികളും നാവുമൊക്കെ അഴുകിത്തീര്‍ന്ന് കഴുത്തും മുഖവുമൊക്കെ നീരു വച്ച് വീങ്ങി, തീര്‍ത്തും വിരൂപമായിത്തീര്‍ന്ന മുഖം. പക്ഷേ, അവളുടെ കണ്ണുകളില്‍ നിരാശയുടെയോ, ദുഃഖത്തിന്റെയോ ഒരു കണിക പോലുമില്ല. സംസാരശേഷി ഉണ്ടായിരുന്ന കാലത്തോളം അവള്‍ പറഞ്ഞത് ഈശോയുടെ സ്‌നേഹത്തെക്കുറിച്ചാണ്.

സൗന്ദര്യവും ആരോഗ്യവും ജീവനും ജീവിതവും അഴുകി ഇല്ലാതായിത്തീരുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് ദൈവസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുക? കാന്‍സര്‍ എന്ന മാരകരോഗം സകല വേദനകളും നല്‍കി ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ എങ്ങനെയാണ് അവള്‍ക്ക് ചിരിച്ചുകൊണ്ട് ജീവിക്കാന്‍ കഴിയുക? കാരണം, എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും എന്റെ ദൈവത്തിന്റെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടും കൂടെയാണ് എന്ന അടിയുറച്ച വിശ്വാസം ആ കുഞ്ഞിനുണ്ടായിരുന്നു. ജീവിതത്തിന്റെ ഏതു പ്രതിസന്ധികള്‍ക്കു മുമ്പിലും തകരാതെ, തളരാതെ നില്‍ക്കാന്‍ ഈ അവബോധം നമ്മെയും സഹായിക്കും. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളില്‍, രോഗാവസ്ഥകളില്‍, തകര്‍ച്ചകളില്‍, ദുരന്തമുഖങ്ങളില്‍ എല്ലാം എന്റെ ദൈവത്തിന്റെ അറിവോടെയാണെന്ന അടിയുറച്ച ബോധ്യം നമ്മുടെ ജീവിതങ്ങളെ നയിക്കട്ടെ. ഈ അവബോധത്തില്‍ വളരാന്‍ പരിശുദ്ധ അമ്മ നമ്മളെ ഓരോരുത്തരെയും സഹായിക്കുകയും ചെയ്യട്ടെ.

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.