മ്യാൻമറിൽ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയുടെ പ്രകാശമായി പുതിയ ദൈവാലയവും വിദ്യാഭ്യാസ സംരംഭങ്ങളും

കടുത്ത ആഭ്യന്തരയുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും മൂലം ജനജീവിതം ദുസ്സഹമായ മ്യാൻമറിൽ, പ്രത്യാശയുടെ പുതിയ പ്രകാശമായി മാറുകയാണ് വിശുദ്ധ റെമീജിയസിന്റെ നാമത്തിലുള്ള പുതിയ കത്തോലിക്കാ ദൈവാലയം. മ്യാൻമറിന്റെ മധ്യ-പടിഞ്ഞാറൻ മേഖലയിലുള്ള പത്തെയ്ൻ (Pathein) രൂപതയിലെ തൗംഗ്യാഗോൺ (Taungyagone) ഗ്രാമത്തിൽ ആണ് പുതിയ ദൈവാലയത്തിന്റെ കൂദാശാ കർമ്മം നടന്നത്.

സുരക്ഷാഭീഷണികളും ആശങ്കകളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ദൈവാലയം സമർപ്പിക്കാൻ സാധിച്ചത് ‘പരിശുദ്ധാത്മാവിന്റെ വലിയൊരു ദാനവും, പ്രതിസന്ധികൾക്കിടയിലും ദൈവത്തിന്റെ പ്രവർത്തികൾ തുടരുന്നു എന്നതിന്റെ അടയാളവുമാണ്’ എന്ന് പത്തെയ്ൻ രൂപതാ ബിഷപ്പ് ഹെൻറി ഐഖ്ലെയ്ൻ വ്യക്തമാക്കി. ആത്മീയ വളർച്ചയ്ക്ക് പുറമേ, രാജ്യത്തെ യുവതലമുറയുടെ ഭാവി മുൻനിർത്തിയുള്ള വിദ്യാഭ്യാസ സംരംഭങ്ങളും സഭ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. യാങ്കൂൺ ഉൾപ്പെടെയുള്ള വിവിധ രൂപതകളിൽ സർവൈറ്റ് വൈദികരുടെ (Order of Servants of Mary) നേതൃത്വത്തിൽ സന്യാസിനികളും അധ്യാപകരും സന്നദ്ധപ്രവർത്തകരും ചേർന്നൊരുക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ ആഭ്യന്തര യുദ്ധം തകർത്ത ജനജീവിതത്തിന് വലിയ ആശ്വാസമാണ് പകരുന്നത്. യുവാക്കളെയും കുടുംബങ്ങളെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പാതയിലേക്ക് നയിക്കാൻ ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു.

2021-ലെ സൈനിക അട്ടിമറിയെത്തുടർന്ന് രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളെയും ബാധിച്ച ആഭ്യന്തര യുദ്ധം മ്യാൻമറിലെ ജനജീവിതത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. എങ്കിലും, ഭയത്തിന് കീഴടങ്ങാതെ സഭയുടെ പൗരോഹിത്യ-സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുന്നത് രാജ്യത്തെ കത്തോലിക്കാ സമൂഹം കാത്തുസൂക്ഷിക്കുന്ന ദൃഢമായ വിശ്വാസത്തിന്റെ തെളിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.