
നൈജീരിയയിൽ വർഷങ്ങളായി തുടരുന്ന ഭീകരവാദവും സായുധ അക്രമങ്ങളും അടിച്ചമർത്തുന്നതിൽ രാജ്യത്തെ ഭരണകൂടം പരാജയപ്പെടുകയാണെന്ന് നൈജീരിയയിലെ യോള കത്തോലിക്കാ രൂപതാ ബിഷപ്പ് സ്റ്റീഫൻ ദാമി മാംസ. നിരപരാധികളായ ജനങ്ങൾ നിരന്തരം കൊലചെയ്യപ്പെടുമ്പോഴും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് സഭാനേതൃത്വം പരസ്യമായി രംഗത്തെത്തിയത്.
തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള കൂട്ടക്കൊലകൾ എന്നിവ തടയുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് വ്യക്തമായ നിർദേശങ്ങൾ നൽകാനോ കൃത്യമായ നടപടികൾ സ്വീകരിക്കാനോ ഭരണാധികാരികൾക്ക് സാധിക്കുന്നില്ല. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സംസാരിക്കുമ്പോൾ സർക്കാർ വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാണിച്ചു. ബോക്കോ ഹറാം (Boko Haram) ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളും സായുധരായ കൊള്ളസംഘങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
ഭീകരവാദികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സുകളോ അവർക്ക് ആയുധം എത്തിച്ചുനൽകുന്ന ശക്തികളെയോ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ തുനിയുന്നില്ല. ഈ നിസ്സംഗത അക്രമികൾക്ക് കൂടുതൽ കരുത്ത് പകരുകയാണ് ചെയ്യുന്നത്. സഭയും വൈദികരും മിഷണറിമാരും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും കൃത്യമായ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നത് കടുത്ത ആശങ്കാജനകമാണ്.
രാജ്യത്ത് സമാധാനവും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും ഉറപ്പാക്കണമെങ്കിൽ ഭരണകൂടം തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തണം. ഭീകരവാദത്തോട് മൃദുസമീപനം കൈവെടിഞ്ഞ് കടുത്ത നടപടികളിലേക്ക് കടക്കാനും, അഴിമതിയും പക്ഷപാതവും മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും നൈജീരിയൻ സർക്കാർ തയ്യാറാകണമെന്ന് ബിഷപ്പ് സ്റ്റീഫൻ ദാമി മാംസ ആവശ്യപ്പെട്ടു.




