
ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു മലയാളി അൽമായ ദൈവശാസ്ത്രജ്ഞനായി നിയമിതനായി. കൊല്ലം രൂപതാംഗമായ പയസ് ജോസഫ് തെരുവത്ത് (49) ആണ് അൽമായ ദൈവശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രൈബർഗ് അതിരൂപതയിൽ ഈ നിർണ്ണായക പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
ജൂലൈ 11-ന് കാൾസ്റൂഹെയിലെ സെന്റ് ജോഡോകസ് ദൈവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സഹായ മെത്രാൻ പീറ്റർ ബിർഖോഫറിന്റെ മുഖ്യകാർമ്മികത്വത്തിൽ പയസിന്റെ ഔദ്യോഗിക ശുശ്രൂഷാ സ്വീകരണ ചടങ്ങുകൾ നടക്കും. ഫ്രൈബർഗ് അതിരൂപതയിൽ ഈ വർഷം നിയമിതരാകുന്ന ഒൻപത് അൽമായ ദൈവശാസ്ത്രജ്ഞരിൽ ജർമ്മൻകാരനല്ലാത്ത ഏക വ്യക്തി പയസ് ജോസഫാണ്.
കൊല്ലം പടപ്പക്കര സെന്റ് ജോസഫ് ഇടവകയിലെ പരേതരായ തെരുവത്ത് കുഞ്ഞച്ചൻ ജോസഫിന്റെയും ബാർബറയുടെയും പത്ത് മക്കളിൽ ഇളയ മകനാണ് പയസ്. മുൻ മഞ്ഞുമ്മൽ പ്രൊവിൻഷ്യലും കെ.സി.ബി.സി എക്യുമെനിസം സെക്രട്ടറിയുമായ ഒ.സി.ഡി (OCD) വൈദികൻ ഫാ. പ്രസാദ് തെരുവത്ത് സഹോദരനാണ്. കൂടാതെ മൂന്ന് സഹോദരിമാർ മിഷൻ സിസ്റ്റേഴ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി സന്യാസിനീ സമൂഹത്തിലെ അംഗങ്ങളുമാണ്. ജർമ്മനിയിൽ നഴ്സായ സാബി ക്രിസ്റ്റലാണ് ഭാര്യ. തെരേസ്, ഫ്രാൻസിസ്കോ, ബാർബറ എന്നിവർ മക്കളാണ്.




