ഞായർ പ്രസംഗം: ശ്ലീഹാക്കാലം അഞ്ചാം ഞായർ ജൂൺ 21, മത്തായി 10: 16-33 സഹനങ്ങളുടെ മധ്യേയുള്ള നിര്‍ഭയമായ സാക്ഷ്യം

ക്രിസ്തുവില്‍ സ്‌നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ,

ഇന്നത്തെ തിരുവചനങ്ങള്‍ ഒരേ സ്വരത്തില്‍ നമ്മോട് ആവശ്യപ്പെടുന്ന ഒരു വലിയ കാര്യമുണ്ട്. ”പ്രതിസന്ധികളിലും സഹനങ്ങളിലും പതറാതെ, ഭയപ്പെടാതെ ക്രിസ്തുവിന് സാക്ഷ്യം നല്‍കുക.” സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ നാം ഒറ്റപ്പെട്ടേക്കാം, പരിഹസിക്കപ്പെട്ടേക്കാം, ചിലപ്പോള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നേക്കാം. എന്നാല്‍, അവിടെയെല്ലാം ദൈവം നമ്മോടൊപ്പമുണ്ടെന്ന വലിയ ആശ്വാസമാണ് ഇന്നത്തെ വായനകള്‍ നമുക്ക് നല്‍കുന്നത്. ഈ വചനങ്ങളുടെ ആഴത്തിലേക്ക് കടക്കുന്നതിനു മുന്‍പ്, ആദ്യകാലസഭയിലെ പ്രസിദ്ധനായ ഒരു രക്തസാക്ഷിയുടെ ജീവിതത്തില്‍ നടന്ന സംഭവം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എ.ഡി. 155 ല്‍ സ്മിര്‍ണയിലെ മെത്രാനായിരുന്ന വിശുദ്ധ പോളികാര്‍പ്പിനെ റോമന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. 86 വയസ്സായിരുന്നു അദ്ദേഹത്തിന് അന്ന് പ്രായം. അദ്ദേഹത്തിന്റെ വാര്‍ധക്യം കണ്ട് സഹതാപം തോന്നിയ റോമന്‍ ഗവര്‍ണര്‍ അദ്ദേഹത്തോട് പറഞ്ഞു:

“നിന്റെ ഈ പ്രായത്തെ ഞാന്‍ മാനിക്കുന്നു. നീ ഒന്ന് മാത്രം ചെയ്താല്‍ മതി. ആ യേശുവിനെ തള്ളിപ്പറയുക; റോമന്‍ ചക്രവര്‍ത്തിയാണ് ദൈവമെന്ന് ഏറ്റുപറയുക. ഞാന്‍ നിന്നെ വെറുതെവിടാം.”

അപ്പോള്‍ യാതൊരു ഭയവുമില്ലാതെ, തിളങ്ങുന്ന കണ്ണുകളോടെ പോളികാര്‍പ്പ് മറുപടി നല്‍കി:

“കഴിഞ്ഞ 86 വര്‍ഷമായി ഞാന്‍ എന്റെ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നു. ഇന്നുവരെ അവിടുന്ന് എനിക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല; എനിക്ക് നന്മ മാത്രമേ നല്‍കിയിട്ടുള്ളൂ. എന്നെ ഇത്രത്തോളം സ്‌നേഹിച്ച, എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാന്‍ എങ്ങനെ തള്ളിപ്പറയും?”

ഈ മറുപടി കേട്ട് കോപിഷ്ഠനായ ഗവര്‍ണര്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടുകൊല്ലാന്‍ ഉത്തരവിട്ടു. അഗ്‌നിജ്വാലകള്‍ ക്കിടയിലും ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് അദ്ദേഹം സ്വര്‍ഗത്തിലേക്ക് യാത്രയായത്.

പ്രിയമുള്ളവരേ, മത്തായിയുടെ സുവിശേഷം പത്താം അധ്യായം 16 മുതല്‍ 33 വരെയുള്ള വാക്യങ്ങളില്‍ ഈശോ വളരെ വ്യക്തമായി ശിഷ്യന്മാരോടു പറയുന്നുണ്ട്: “ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെയെന്ന പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.”

ക്രിസ്തീയജീവിതം സുഖസൗകര്യങ്ങളുടെ ഒരു യാത്രയാണെന്ന് ഈശോ ഒരിക്കലും നമ്മെ തെറ്റിധരിപ്പിച്ചിട്ടില്ല. സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുമ്പോള്‍ ലോകം നമ്മെ എതിര്‍ക്കും. ഈ സുവിശേഷഭാഗത്തെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്ന വളരെ പ്രശസ്തമായ ഒരു വചനമുണ്ട്:

“നാം കുഞ്ഞാടുകളായിരിക്കുന്നിടത്തോളം കാലം നാം വിജയിക്കും. ആയിരം ചെന്നായ്ക്കള്‍ നമുക്കു ചുറ്റുമുണ്ടെങ്കിലും നാം അവരെ അതിജീവിക്കും. എന്നാല്‍, നാം ചെന്നായ്ക്കളായി മാറിയാല്‍ നാം പരാജയപ്പെടും. കാരണം, അപ്പോള്‍ നല്ല ഇടയന്റെ സഹായം നമുക്ക് ലഭിക്കില്ല.”

നമ്മള്‍ ക്രിസ്തുവിന്റെ സ്വഭാവവും കുഞ്ഞാടിന്റെ നിഷ്‌കളങ്കതയും ക്ഷമയും കാത്തുസൂക്ഷിക്കുന്നിടത്തോളം കാലം ദൈവം നമുക്ക് സംരക്ഷണം നല്‍കുമെന്നാണ് വിശുദ്ധന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഇന്നത്തെ ഒന്നാമത്തെയും രണ്ടാമത്തെയും വായനകളില്‍ മനുഷ്യരുടെ ഭീഷണികളെ വകവയ്ക്കാതെ ദൈവത്തിനായി നിലകൊള്ളുന്നവരെ നാം കാണുന്നു. പുറപ്പാടിന്റെ പുസ്തകത്തില്‍ മോശയും അഹറോനും അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ അധികാരിയായിരുന്ന ഫറവോയുടെ മുന്‍പിലാണ് നില്‍ക്കുന്നത്. ഫറവോയ്ക്ക് അവരെ ഒറ്റവാക്കില്‍ വധിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ദൈവം നല്‍കിയ ദൗത്യവുമായി അവര്‍ ധൈര്യത്തോടെ ഫറവോയുടെ കണ്ണുകളില്‍ നോക്കി സംസാരിച്ചു. അവരെ നയിച്ചത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ജറെമിയാ പ്രവാചകന്റെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ സ്വന്തം നാട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. പ്രവാചകന്‍ പറയുന്നു: “അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ഇണക്കമുള്ള കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍.” എങ്കിലും, നീതിയോടെ വിധിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവില്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു.

സഹനങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പലപ്പോഴും തളര്‍ന്നുപോകുന്നത് സ്വാഭാവികമാണ്. ഈ ഭയത്തെയും തളര്‍ച്ചയെയും നാം എങ്ങനെ നേരിടും? ഇന്നത്തെ മൂന്നാമത്തെ വായനയില്‍ വി. പൗലേസ് ശ്ലീഹാ ഇതിനുള്ള ഉത്തരം നല്‍കുന്നുണ്ട്. ശ്ലീഹാ പറയുന്നു: “ഈ മഹത്തായ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതാണെന്ന് വ്യക്തമാകാന്‍ മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ ഈ നിക്ഷേപം വഹിക്കുന്നത്.”

മനുഷ്യരായ നമ്മള്‍ വെറും മണ്‍പാത്രങ്ങളാണ്. പെട്ടെന്ന് പൊട്ടിപ്പോകാവുന്നവര്‍, ബലഹീനര്‍, സങ്കടപ്പെടുന്നവര്‍. എന്നാല്‍, നാം വഹിക്കുന്ന നിക്ഷേപം, അതായത് നമ്മിലുള്ള ദൈവാരൂപി, അനന്തമായ ശക്തിയുള്ളതാണ്. അതുകൊണ്ടാണ് ശ്ലീഹാ ധൈര്യത്തോടെ പറയുന്നത്: “ഞങ്ങള്‍ എല്ലാ വിധത്തിലും പീഡിപ്പിക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല, വല്ലാതെ വലയുന്നു; എങ്കിലും നിരാശരാകുന്നില്ല, ഉപേക്ഷിക്കപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.” ഈ ഒരു മനോഭാവമാണ് ഓരോ ക്രൈസ്തവനും ഉണ്ടാകേണ്ടത്.

ഇന്ന് നമ്മളാരും വിശ്വാസത്തിന്റെ പേരില്‍ ശാരീരികമായി കൊല്ലപ്പെടാന്‍ സാധ്യതയുള്ള ഒരു ചുറ്റുപാടിലല്ല ജീവിക്കുന്നത്. അതുകൊണ്ട് സുവിശേഷത്തിലെ, “ശരീരത്തെ കൊല്ലുകയും എന്നാല്‍ ആത്മാവിനെ കൊല്ലാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട” എന്ന വചനത്തിന് നമ്മുടെ ജീവിതത്തില്‍ പ്രസക്തിയില്ലേ? തീര്‍ച്ചയായുമുണ്ട്. ഇന്ന് നമ്മള്‍ നേരിടുന്നത് ശാരീരിക രക്തസാക്ഷിത്വമല്ല, മറിച്ച് മാനസികവും സാമൂഹികവുമായ രക്തസാക്ഷിത്വമാണ്.
കൈക്കൂലി വാങ്ങാതിരിക്കുമ്പോഴും, അഴിമതിക്ക് കൂട്ടുനില്‍ക്കാതിരിക്കുമ്പോഴും ജോലിസ്ഥലത്ത് നാം ഒറ്റപ്പെട്ടേക്കാം. മററുള്ളവരെക്കുറിച്ച് പരദൂഷണം പറയാന്‍ തയ്യാറാകാത്തതുകൊണ്ട് സുഹൃദ്വലയങ്ങളില്‍ നിന്ന് നാം മാറ്റിനിര്‍ത്തപ്പെട്ടേക്കാം. ധാര്‍മ്മികമൂല്യങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സമൂഹം നമ്മെ പരിഹസിച്ചേക്കാം. ഇതൊക്കെ ഇന്നത്തെ കാലത്തെ ‘ചെന്നായ്ക്കളാണ്.’ അവിടെയാണ് നാം കുഞ്ഞാടുകളായി, എന്നാല്‍ പാമ്പിനെപ്പോലെ വിവേകമുള്ളവരായി ക്രിസ്തുവിന് സാക്ഷ്യം നല്‍കേണ്ടത്. വി. മദര്‍ തെരേസയുടെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. “ദൈവം എന്നോട് ആവശ്യപ്പെടുന്നത് ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടാനല്ല, മറിച്ച് അവിടുത്തോട് വിശ്വസ്തയായിരിക്കാനാണ്.”

സുവിശേഷത്തിന്റെ അവസാനഭാഗത്ത് ഈശോ നല്‍കുന്ന വലിയൊരു ആശ്വാസവചനമുണ്ട്. പണ്ടുകാലത്ത് വെറും കാശിന് വിറ്റിരുന്ന കുരുവികള്‍ പോലും ദൈവത്തിന്റെ അറിവോടെയല്ലാതെ നിലത്തുവീഴുന്നില്ല. എങ്കില്‍, നിങ്ങളെ അവിടുന്ന് എത്രമാത്രം സ്‌നേഹിക്കുന്നു!

ഈശോ പറയുന്നു: “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട.”

പ്രിയസഹോദരങ്ങളേ, നമ്മുടെ വേദനകളും നമ്മളൊഴുക്കുന്ന കണ്ണീരും സത്യത്തിനു വേണ്ടി നാം സഹിക്കുന്ന ഒറ്റപ്പെടലുകളുമെല്ലാം ദൈവം കാണുന്നുണ്ട്. അവിടുത്തെ കണക്കുപുസ്തകത്തില്‍ അതിനെല്ലാം വിലയുണ്ട്. അതുകൊണ്ട് ഫറവോയുടെ മുന്‍പില്‍ നിന്ന മോശെയെപ്പോലെ, ഗൂഢാലോചനകളെ അതിജീവിച്ച ജറെമിയായെപ്പോലെ, സഹനങ്ങളെ സ്വര്‍ഗീയനിക്ഷേപമായിക്കണ്ട പൗലോസ് ശ്ലീഹായെപ്പോലെ, അഗ്നിക്കു മുന്‍പില്‍ പുഞ്ചിരിച്ച പോളികാര്‍പ്പിനെപ്പോലെ നമുക്കും ധൈര്യത്തോടെ ലോകത്തോടു പറയാം:

“ഞാന്‍ ക്രിസ്തുവിന്റേതാണ്, അവിടുത്തേക്ക് സാക്ഷ്യം നല്‍കാന്‍ ഞാന്‍ ഭയപ്പെടുന്നില്ല.”

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ബ്രദര്‍ അഖില്‍ മാധവത്ത് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.