ഞായർ പ്രസംഗം: ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍ മെയ് 03, ലൂക്കാ 10: 1-12 നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍

”നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോ. 16:15).

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

”പാവങ്ങള്‍ക്കു വേണ്ടി മരിക്കേണ്ടിവന്നാലും എനിക്കതില്‍ പേടിയില്ല. ഈശോയ്ക്കു വേണ്ടി ഞാന്‍ അതിനും തയ്യാറാണ്.” പ്രേഷിതതീക്ഷ്ണതയാല്‍ ആളിക്കത്തിയപ്പോള്‍ സ്വജീവന്‍ പോലും പരിഗണിക്കാതെ ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞവരെ അജ്ഞതയുടെ കൂരിരുട്ടില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈശോയുടെ മാര്‍ഗത്തില്‍ നടന്നതിന്റെ പേരില്‍ രക്തം ചിന്തിയ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ വാക്കുകളാണ് ഇവ.
ഉത്ഥാനത്തിന്റെ വലിയ സന്തോഷം നമ്മുടെ ഹൃദയങ്ങളില്‍ അലയടിച്ചിട്ട് ഇന്ന് അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ തിരു സഭാമാതാവ് വചനവിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം ഒന്നു മുതല്‍ 12 വരെയുള്ള തിരുവചനഭാഗങ്ങളാണ്.

ദൈവരാജ്യപ്രഘോണഷത്തിനു മുന്നോടിയായി ഈശോ താന്‍ പോകാനിരിക്കുന്ന ഇടങ്ങളിലേക്ക് തനിക്കു മുന്‍പേ 72 പേരെ അയയ്ക്കുന്ന രംഗമാണ് നാമിന്ന് കാണുന്നത്. സ്‌നാപകയോഹന്നാന്‍ വന്ന് ക്രിസ്തുവിന് വഴിയൊരുക്കിയതുപോലെ താന്‍ പോകാനിരിക്കുന്ന സ്ഥലങ്ങളിലേക്ക് തനിക്കായി വഴിയൊരുക്കാന്‍ 72 പേരെ ഈശോ അയയ്ക്കുന്നു. വിളവിന്റെ ആധിക്യവും വേലക്കാരുടെ കുറവും പ്രേഷിതപ്രവര്‍ത്തന യാത്രയില്‍ കൂടെക്കൂട്ടേണ്ടതും ഉപേക്ഷിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ നിര്‍ദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അന്ധകാരത്തിന് ഒരിക്കലും കീഴടക്കാനാവാത്ത പ്രകാശത്തിന്റെ മക്കളാകാനുള്ള ഗുരുവിന്റെ ക്ഷണം.

ഇന്നത്തെ നാല് വായനകളിലും ഒരുപോലെ കാണാന്‍ സാധിക്കുന്നത് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവത്താല്‍ അയയ്ക്കപ്പെടുന്നവരെക്കുറിച്ചാണ്. പഴയ നിയമത്തിലെ ആദ്യവായനയില്‍ നാം കണ്ടുമുട്ടുന്നത് അഹറോനെയാണ്. വരാനിരിക്കുന്ന പുറപ്പാട് യാതനയില്‍ മോശയ്‌ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പൊരുതാനും തളര്‍ യില്‍ തണലാകാനും മോശയ്ക്ക് സഹായകനായി പിതാവായ ദൈവത്താല്‍ അയയ്ക്കപ്പെടുന്ന അഹറോന്‍. രണ്ടാം വായനയായ തോബിത്തിന്റെ പുസ്തകത്തില്‍ തോബിയാസിന് സഹയാത്രികനായി എത്തുന്ന ദൈവദൂതനായ റഫായേല്‍. നടപടി പുസ്തകത്തില്‍ നാം കാണുന്നത് ദൈവരാജ്യശുശ്രൂഷയ്ക്കായി സെലുക്യായിലേക്ക് കപ്പല്‍ കയറുന്ന ബര്‍ണാബാസിനെയും പൗലോസിനെയുമാണ്.

അയയ്ക്കപ്പെടുന്നവര്‍ക്ക് ഈശോ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേഷിതപ്രവര്‍ത്തനമാകുന്ന കനല്‍വഴികളുടെ തീവ്രത വിളിച്ചുപറയുന്നു. ഈശോയുടെ ഓരോ ശിഷ്യനും ശിഷ്യയും ക്രൈസ്തവരെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവരാണ്, മിഷനറിമാരാണ് എന്നും ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണെന്നും ക്രിസ്തുവിന്റെ സമാധാനവും സന്തോഷവും എല്ലാ ഹൃദയങ്ങളിലും നല്‍കാന്‍ വിളിക്കപ്പെട്ടവരാണെന്നും സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഈശോ നല്‍കുന്ന സന്ദേശങ്ങളിലൊന്നാണ് ”മടിശീലയോ, സഞ്ചിയോ, ചെരുപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍ വച്ച് ആരെയും അഭിവാദനം ചെയ്യുകയുമരുത്” (ലൂക്കാ 10:4). എന്തുകൊണ്ടാണ് വഴിയില്‍ വച്ച് ആരെയും അഭിവാദനം ചെയ്യരുതെന്ന് ഈശോ പറഞ്ഞത്? വി. അംബ്രോസ് ഈ വചനഭാഗത്തെ ഇപ്രകാരം വ്യാഖ്യാനിച്ചു പറയുന്നു: ”അവരുടെ ശ്രദ്ധ മുഴുവന്‍ അവര്‍ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതദൗത്യത്തില്‍ ആയിരിക്കണം എന്ന ബോധ്യം നല്‍ കാന്‍ വേണ്ടിയാണ്” എന്ന്.

മനം മയക്കുന്ന വഴിയോരക്കാഴ്ചകളില്‍ കണ്ണുടക്കിയും സൗഹൃദവലയങ്ങളില്‍ കുടുങ്ങിയും താന്‍ ഏല്‍പിച്ചിരിക്കുന്ന ദൗത്യം അവര്‍ മറക്കരുത് എന്ന് ക്രിസ്തുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ക്രിസ്തുവിനോട് കൂടിയും ക്രിസ്തുവിലും ജീവിക്കാനും പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നവര്‍ ഹൃദയത്തില്‍ നിന്ന് ലോകമോഹങ്ങളെയും സമ്പത്തിനെയും സ്വന്തബന്ധങ്ങളെയും അവനവനെത്തന്നെയും ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്. അങ്ങനെ സ്വയം വിട്ടുകൊടുത്താല്‍ മാത്രമാണ് ഒരുവന്‍ ദൈവത്തിന്റെ പദ്ധതികളുടെ ഭാഗമായി മാറുന്നത്. ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങളെ ത്യജിക്കുന്നതിന് വലിയൊരു മൂല്യമുണ്ട്. ദൈവത്തെപ്രതി മനസ്സ് സ്വീകരിക്കുന്ന ഇത്തരം ത്യാഗങ്ങള്‍ ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിക്കുമ്പോള്‍ വലിയ വിലയുള്ളതായിത്തീരും.

മടിശീലയോ, സഞ്ചിയോ, ചെരുപ്പോ നിങ്ങള്‍ കൊണ്ടുപോകരുത് എന്ന് പറയുമ്പോള്‍ മറ്റൊരു നിര്‍ദേശം കൂടി ഈശോ നല്‍കുകയാണ്. ക്രൈസ്തവജീവിതവും മിഷനറിപ്രവര്‍ത്തനവും ദൈവപരിപാലനയില്‍ ആശ്രയിച്ചതായിരിക്കണമെന്നും ഒരു ക്രിസ്തുശിഷ്യന്റെ സമ്പാദ്യം മുഴുവന്‍ ക്രിസ്തു തന്നെ ആയിരിക്കണമന്നും ദൈവപരിപാലനയിലുള്ള സമ്പൂര്‍ണ്ണ ആശ്രയമാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്നും ദൈവം എനിക്ക് മതിയായവനാണെന്നും അവിടുന്ന് മാത്രമാണ് എന്നെ പരിപാലിക്കുന്നതെന്നുമുള്ള ഉറപ്പാണ് ഓരോ ക്രിസ്തുശിഷ്യന്റെയും ധൈര്യം. ക്രിസ്താനുകരണം ഇപ്രകാരം പഠിപ്പിക്കുന്നു: ”ഞാന്‍ ദൈവത്തെ കാണുന്നു; ദൈവം എന്നെ കാണുന്നു. പിന്നെ ഞാന്‍ എന്തിന് നഷ്ടധൈര്യനാകണം.” ദൈവം കൂടെയുണ്ട് എന്ന ഉറപ്പ് ഒരു ക്രിസ്തുശിഷ്യന്റെ ജീവിതത്തെ കൂടുതല്‍ പ്രകാശമാക്കും. ഈശോ മാത്രമാണ് എന്റെ പ്രവര്‍ത്തനങ്ങളുടെ ഏക ആശ്രയം, ഏക സഹായം, ഏകവിജയം നന്മകളുടെ ഉറവിടം, ഏകസുഹൃത്ത്, എന്നും എനിക്ക് ശരണപ്പെടാന്‍ ഈശോയല്ലാതെ മറ്റാരുമില്ലെന്ന് വിശ്വസിക്കുകയും ആ വിശ്വാസം അനുഭവമായി ജീവിക്കുകയും ചെയ്യുമ്പോള്‍ ഓരോ പ്രേഷിതപ്രവര്‍ത്തനവും നൂറ് മടങ്ങ് ഫലമണിയും.

മടിശീലകളും സഞ്ചികളും ചെരുപ്പുകളുമെല്ലാം യാത്രയുടെ പ്രധാന മാനദണ്ഡമാകുന്ന ഈ കാലഘട്ടത്തില്‍ അവയെല്ലാം വെടിഞ്ഞ് ക്രിസ്തുവെന്ന വലിയ സമ്പാദ്യം പേറി പ്രേഷിതദൗത്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഈ ശിഷ്യഗണം നമ്മുടെ മുന്‍പില്‍ ഉയര്‍ത്തുന്നത് വലിയ ഒരു വെല്ലുവിളിയാണ്. ഇവരിലൂടെയാണ് പ്രേഷിതസഭ രൂപംകൊണ്ടത്. ക്രിസ്തുവിന്റെ കാലശേഷവും മതപീഡനങ്ങള്‍ പേമാരി പോലെ പെയ്തിറങ്ങിയപ്പോഴും ഗുരുവിന്റെ മാതൃക സ്വീകരിച്ച് വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാതെ അവര്‍ പ്രേഷിതസഭയെ പടുത്തുയര്‍ത്തി.

വിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ കൊലമരത്തിനു ചുവട്ടില്‍ എത്തിയതാണ് സന്യാസ സഹോദരന്മാരായ അഗാത്താഞ്ചലോസും കാസിയാനും. കൊലക്കയര്‍ കാണാതെ പരിഭ്രമിച്ചുനിന്ന ആരാച്ചാര്‍ക്ക് സന്യാസവസ്ത്രത്തിന്റെ ചരട് അഴിച്ചുനല്‍കി സ്‌തോത്രഗീതം പാടി മരണത്തിലേക്ക് നടന്നുനീങ്ങിയ അവരെ കണ്ടപ്പോള്‍ കാഴ്ചക്കാര്‍ മാമ്മോദിസ മുങ്ങി ക്രിസ്തുമാര്‍ഗം സ്വീകരിച്ചു എന്നാണ് ചരിത്രം പറയുന്നത്. രക്തസാക്ഷികളുടെ ചുടുനീണം വീണ മണ്ണില്‍ പ്രേഷിതസഭ അവളുടെ വേരുറപ്പിച്ചു.

സ്‌നേഹമുള്ളവരേ, ഈ കാലഘട്ടത്തില്‍ ദൈവം എന്നില്‍ നിന്നും നിന്നില്‍ നിന്നും ആഗ്രഹിക്കുന്ന പ്രേഷിതദൗത്യം തിരിച്ചറിഞ്ഞ് ആ പാത പുണരാന്‍ നമുക്ക് പരിശ്രമിക്കാം. അസീസിയില്‍ പുത്തന്‍ ആധ്യാത്മികത കൊണ്ട് സഭയെ താങ്ങിനിര്‍ത്തിയ ഫ്രാന്‍സിസും നീലക്കരയുള്ള വെള്ളസാരി ചുറ്റി അനേകരുടെ വിശപ്പടക്കിയ മദര്‍ തെരേസയും ഇന്‍ഡോറില്‍ കുത്തിക്കീറപ്പെട്ട് രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയും നീതിരഹിതമായ ഈ കാലഘട്ടത്തില്‍ പാവങ്ങള്‍ക്കായി ജീവിതം ഹോമിച്ച അനേകായിരം പ്രേഷിതപ്രവര്‍ത്തകരും നമുക്ക് മുന്‍പേ നടന്നുനീങ്ങിയ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മാതൃകകളാണ്.

നാം ആയിരിക്കുന്ന അവസ്ഥയില്‍ നമുക്ക് നന്മ ചെയ്യാന്‍ കിട്ടുന്ന ഓരോ അവസരവും ജീവിതത്തിലെ പ്രേഷിതദൗത്യമായി നമുക്ക് മാറ്റാം. ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് സ്വന്തം ജീവിതമാതൃകയിലൂടെ ക്രിസ്തുവിനെ പകര്‍ന്നുനല്‍കാം. അങ്ങനെ ഈശോയ്ക്ക് കത്തിജ്വലിക്കാനും ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തോട് പൂര്‍ണ്ണവിധേയത്വവും ബഹുമാനവും പുലര്‍ത്താനും പ്രേഷിതപ്രവര്‍ത്തനങ്ങളെ ഹനിക്കുന്ന തിന്മകളെയും പ്രതിബന്ധങ്ങളെയും ഉപേക്ഷിക്കാനും തരണം ചെയ്യാനും പരിപൂര്‍ണ്ണമായ ദൈവാശ്രയത്തില്‍ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും നമുക്ക് സാധിക്കട്ടെ. കൂദാശകളുടെ കൂദാശയായ വിശുദ്ധ കുര്‍ബാനയില്‍ ഒരു നിമിഷം ലോകത്തിലെ എല്ലാ പ്രേഷിതപ്രവര്‍ത്തനങ്ങളെയും പ്രേഷിതപ്രവര്‍ത്തകരെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കാം. സര്‍വേശ്വരന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ജോയല്‍ ജോസഫ് പ്ലാക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.