ഞായർ പ്രസംഗം: മംഗളവാര്‍ത്താക്കാലം രണ്ടാം ഞായര്‍ ഡിസംബർ 07, ലൂക്കാ 1: 26-38 വിശ്വാസത്തില്‍ ആഴമുള്ളവരാകാം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹിക്കപ്പെടുന്ന പ്രിയ മാതാപിതാക്കളേ, സഹോദരരേ,

വചനമായ മിശിഹാ മാംസം ധരിക്കുന്ന ദിനത്തിനായി നമ്മെ ഒരുക്കുന്ന മംഗളവാര്‍ത്തക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രക്ഷകനു വഴിയൊരുക്കാന്‍ വന്ന സ്‌നാപകയോഹന്നാന്റെ ജനന അറിയിപ്പിനു ശേഷം രക്ഷകനായ യേശുവിന്റെ ജനന അറിയിപ്പുമായി ഗബ്രിയേല്‍ ദൂതന്‍ മറിയത്തിന്റെ പക്കലെത്തുന്ന വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 26 മുതല്‍ 38 വരെയുള്ള തിരുവചന ഭാഗമാണ് ഇന്ന് നാം വായിച്ചുകേട്ടത്. പഴയനിയമത്തില്‍ ഇസഹാക്കിന്റെയും സാംസന്റെയും ജനനത്തിനു മുന്‍പ് കാണുന്ന ദൈവീകസന്ദേശത്തിനു സമാനമായാണ് സുവിശേഷകനായ ലൂക്ക ഈ വചനഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പഴയനിയമ ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രക്ഷകന്റെ ജനന അറിയിപ്പുമായി ഗബ്രിയേല്‍ ദൂതന്‍ മറിയത്തിന്റെ പക്കല്‍ ആഗതനാകുന്നത്. രക്ഷകനെ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കമാണ് പഴയനിയമ ഗ്രന്ഥങ്ങളില്‍ നാം കാണുന്നത്. പാപം ചെയ്ത് തന്നില്‍ നിന്ന് അകന്നുപോയ ആദ്യമാതാപിതാക്കള്‍ക്ക് ദൈവമായ കര്‍ത്താവ് രക്ഷകനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണ് ഇന്ന് നാം ഒന്നാം വായനയില്‍ ശ്രവിച്ചത്. രണ്ടാം വായനയില്‍ ജെറമിയ പ്രവാചകന്റെ പുസ്തകത്തില്‍ ദൈവമായ കര്‍ത്താവ് ദാവീദുമായി ചെയ്ത തന്റെ ഉടമ്പടിയെ സ്മരിക്കുന്നതും ഇസ്രയേലിന്റെ സിംഹാസനത്തിലിരിക്കാന്‍ എന്നും ദാവീദിന് ഒരു സന്തതി ഉണ്ടായിരിക്കുമെന്ന തന്റെ വാഗ്ദാനത്തെ ഊട്ടിയുറപ്പിക്കുന്നതും നാം കണ്ടു. മൂന്നാം വായനയില്‍ യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായ കുഞ്ഞാടിന്റെ വിജയത്തെക്കുറിച്ച് യോഹന്നാന്‍ സ്‌നാപകനു ലഭിച്ച വെളിപാടാണ് നാം വായിച്ചുകേട്ടത്.

വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 34-ാം തിരുവചനത്തില്‍ ‘ഇത് എങ്ങനെ സംഭവിക്കും?’ എന്ന ഒരു ചോദ്യം മറിയം ദൂതനോടു ചോദിക്കുന്നുണ്ട്. തനിക്ക് വെളിപ്പെട്ടവയെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യം ഉണ്ടായിരുന്നുവെങ്കില്‍ മറിയം ഈ ചോദ്യം ചോദിക്കുകയില്ലായിരുന്നു. ഈ സുവിശേഷത്തിന്റെ മൂലകൃതിയില്‍ മറിയത്തിന്റെ ചോദ്യം രേഖപ്പെടുത്തുന്നതിനു വേണ്ടി ലൂക്കാ സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്നത് ‘പോസ് യെസ്തായി തൊവുതോ’ എന്ന ഗ്രീക്ക് പ്രയോഗമാണ്. ഈ പ്രയോഗം ഇത് ‘സംഭവിക്കാന്‍ വേണ്ടി ഞാന്‍ എന്തു ചെയ്യണം’ എന്ന് വിധേയത്വത്തോടുള്ള ചോദ്യമായി വേണം മനസ്സിലാക്കാന്‍ എന്നാണ് ബൈബിള്‍ പണ്ഡിതര്‍ പറയുന്നത്. ഏത് അര്‍ഥത്തിലായാലും തന്റെ ജീവിതത്തില്‍ ഇനി സംഭവിക്കാന്‍പോകുന്ന ദൈവീകപദ്ധതികളെക്കുറിച്ചുള്ള മറിയത്തിന്റെ അവ്യക്തത ഇവിടെ സ്പഷ്ടമാണ്.

പ്രിയമുള്ളവരേ, ഏതൊരു വിശ്വാസിയും തന്റെ ജീവിതത്തില്‍ ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും. മറിയത്തിന്റെ ചോദ്യം ഇതെങ്ങനെ സംഭവിക്കും എന്നായിരുന്നെങ്കില്‍, നമ്മുടെ ചോദ്യം ഒരു പക്ഷേ എന്തേ എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നായിരിക്കും. പരമാവധി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ഥനാജീവിതത്തില്‍ കുറവ് വരുത്താതിരിക്കുകയും ചെയ്യുന്നവനല്ലേ ഞാന്‍? ദൈവാലയത്തിനും ദൈവശുശ്രൂഷയ്ക്കും എന്നാലാകുംവിധം എല്ലാം ഞാന്‍ ചെയ്യുന്നില്ലേ? എന്നിട്ടുമെന്തേ എന്റെ കുടുംബത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുന്നു? എന്തുകൊണ്ടാണ് മാറാരോഗങ്ങള്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് പിടിപെടുന്നത്? എന്തുകൊണ്ടാണ് എന്റെ പ്രിയപ്പെട്ടവര്‍ അകാലത്തില്‍ മരിക്കുന്നത്? വിവാഹപ്രായം കഴിഞ്ഞിട്ടും മക്കളുടെയും സഹോദരരുടെയും വിവാഹം നടക്കാത്തതെന്തേ? ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും മാന്യമായ ഒരു ജോലി ഇല്ലാത്തതെന്തേ? പ്രിയമുള്ളവരേ, ഇതുപോലൊരു ചോദ്യം ദൈവത്തോടു ചോദിക്കാത്തവരായി നമ്മള്‍ ആരുണ്ട്?

ജീവിതമാകുന്ന നൗക പ്രതിസന്ധികളില്‍ ആടിയുലയുമ്പോള്‍ നാം ദൈവത്തോട് ചോദ്യം ചോദിച്ചുപോകും. മറിയവും ചോദിച്ചു. കാരണം, ദൂതന്‍ വെളിപ്പെടുത്തിയതുപോലുള്ള ഒരു ഗര്‍ഭധാരണത്തെക്കുറിച്ച് അവള്‍ അന്നേവരെ കേട്ടിട്ടില്ലായിരുന്നു. തന്നെയുമല്ല, പ്രകൃതിയുടെ സ്വാഭാവികനിയമത്തിനു വിരുദ്ധവുമാണിത്. ഇനി ദൂതന്‍ പറഞ്ഞത് യാഥാര്‍ഥ്യമായാലോ? വിവാഹത്തിനു മുന്‍പ് ഗര്‍ഭിണിയായാല്‍ മരണശിക്ഷ ലഭിക്കുമെന്ന ബോധ്യം മറിയത്തിനുണ്ട്. പക്ഷേ ‘പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നള്ളിവരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും’ എന്നായിരുന്നു ദൂതന്റെ മറുപടി. ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പ്രത്യത്തുരിച്ചുകൊണ്ട് ദൈവഹിതത്തിനു കീഴ്‌വഴങ്ങാന്‍ മറിയത്തെ ശക്തിപ്പെടുത്തി. പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നള്ളിവരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും.

സമാനമായ ഒരു സംഭവം പുറപ്പാടിന്റെ പുസ്തകം 40-ാം അധ്യായം 34,35 തിരുവചനങ്ങളില്‍ കാണാനാകും. അവിടെ കര്‍ത്താവിന്റെ മഹത്വം സമാഗമകൂടാരത്തില്‍ വന്നുനിറയുന്നതും അവിടുത്തെ പ്രഭാവം കാരണം മോശയ്ക്കു പോലും സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതും നമുക്ക് കാണാനാകും. ഇതേ മഹത്വമാണ് മറിയത്തില്‍ വന്നു നിറഞ്ഞിരിക്കുന്നത്. ഈ തിരിച്ചറിവ് , കര്‍ത്താവ് കൂടെയുള്ളതിനാല്‍ മരണത്തിന് താഴ്‌വരയില്‍ക്കൂടി നടക്കാനും ഞാന്‍ ഭയപ്പെടില്ല എന്ന സങ്കീര്‍ത്തകന്റെ വിശ്വാസത്തിലേക്ക് മറിയത്തെ ഉയര്‍ത്തി.

തത്വചിന്തകനായ കീര്‍ക്കഗാര്‍ഡ് വിശ്വാസം ഒരു എടുത്തുചാട്ടമാണ് എന്ന് പറയുന്നുണ്ട്. അവിശ്വാസിക്ക് ഇത് അന്ധകാരത്തിലേക്കുള്ള എടുത്തുചാട്ടമാണ്. ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഇത് അവിടുത്തെ കരങ്ങളിലേക്കുള്ള എടുത്തുചാട്ടവും. മറിയത്തെ ഈ എടുത്തുചാട്ടത്തിന്റെ ഉത്തമ ഉദാഹരണമായി അദ്ദേഹം പ്രതിഷ്ഠിക്കുന്നുണ്ട്. പ്രിയമുള്ളവരേ, വിശ്വാസത്തോടുള്ള ഈ എടുത്തുചാട്ടം മൂലമാണ് അതുവരെ ഒരു സാധാരണ യഹൂദകന്യകയായിരുന്ന മറിയം ദൈവമാതാവ് എന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

മറിയത്തിന്റെ ഈ വിശ്വാസം നമുക്കുണ്ടാകണം. തന്റെ ജീവിതത്തില്‍ പിന്നീടുണ്ടായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ വിശ്വാസം മറിയത്തെ ശക്തിപ്പെടുത്തി. സ്വന്തം പുത്രന്‍ കണ്‍മുമ്പില്‍ പിടഞ്ഞുമരിക്കുന്നത് കണ്ടപ്പോഴും കുരിശിനുചുവട്ടില്‍ നില്‍ക്കാന്‍ മറിയത്തെ ശക്തിപ്പെടുത്തിയത് കര്‍ത്താവിലുള്ള വിശ്വാസമായിരുന്നു. മറിയത്തെ, മാംസം ധരിച്ച് വചനത്തിന്റെ അമ്മയാക്കാന്‍ ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. എങ്കില്‍ നാം ഓരോരുത്തരെയും ദൈവമക്കളാക്കി മാറ്റാനും അവിടുത്തേക്ക് ഒരു പദ്ധതിയുണ്ട്. നമ്മുടെ ജീവിതത്തില്‍ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ ജെറമിയാ പ്രവാചകന്റെ പുസ്തകം 29-ാം അധ്യായം 11-ാം തിരുവചനം നമുക്ക് സ്മരിക്കാം. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്; നിങ്ങളുടെ നാശത്തിനല്ല, ക്ഷേമ ത്തിനുള്ള പദ്ധതി. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”

ദൈവം എന്റെ പ്രതിസന്ധികളില്‍ സാന്നിധ്യമായി, പരിശുദ്ധ കുര്‍ബാനയായി, കൂടെയുണ്ട്. നമ്മുടെ രോഗാവസ്ഥയെ, തൊഴിലില്ലായ്മയെ, വിവാഹതടസ്സത്തെ യേശു കൂടെയുണ്ട് എന്ന ബോധ്യത്തോടെ നമുക്ക് നേരിടാം. വിശ്വാസത്തിന്റെ നിറവിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. ദൈവവിശ്വാസത്തില്‍ ആഴപ്പെടാനുള്ള കൃപ നല്‍കി കാരുണ്യവാനായ കര്‍ത്താവ് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ ആല്‍ബര്‍ട്ട് പൊന്മലക്കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.