ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 05

സർ ഐസക് ന്യൂട്ടന്റെ പ്രശസ്ത കൃതിയായ ‘മാത്തമാറ്റിക്കൽ പ്രിൻസിപ്പിൾസ് ഓഫ് നാചുറൽ ഫിലോസഫി’ പ്രസിദ്ധീകൃതമായത് 1687 ജൂലൈ അഞ്ചിനായിരുന്നു. പ്രിൻസിപിയ എന്ന ചുരുക്കപ്പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ലണ്ടനിലെ റോയൽ സൊസൈറ്റിയാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ന്യൂട്ടന്റെ ചലനനിയമങ്ങളും ഭൂഗുരുത്വാകർഷണത്തെ സംബന്ധിച്ച സിദ്ധാന്തങ്ങളും ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്. 1729 ൽ ആൻഡ്രൂ മോട്ടെയാണ് രണ്ടു വാല്യങ്ങളായി ഇത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്.

ആദ്യത്തെ ലക്ഷണയുക്തമായ ക്ലോൺ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോളി എന്ന ചെമ്മരിയാട് ജനിച്ചത് 1996 ജൂലൈ അഞ്ചിനായിരുന്നു. ഡോ. ഇയാൻ വിൽമുട്ടിന്റെയും സഹപ്രവർത്തകരുടെയും ഗവേഷണഫലമായിരുന്നു ഡോളി. ഏഴുമാസങ്ങൾക്കു ശേഷം 1997 ഫെബ്രുവരി 27 നാണ് ഡോളിയുടെ പിറവി ലോകം അറിഞ്ഞത്. അലൈംഗീക പ്രക്രിയ വഴി ജനിച്ച ആദ്യ സസ്തനി കൂടിയാണ് ഡോളി. 6 LL 3 എന്നായിരുന്നു പരീക്ഷണശാലയിൽ ഡോളിയുടെ പേര്. സൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ എന്ന സാങ്കേതികവിദ്യയിലൂടെയാണ് ഡോളിയുടെ ജനനം സാധ്യമായത്. ഈ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച 29 ഭ്രൂണങ്ങളിൽ മൂന്നെണ്ണമാണ് ഗർഭാവസ്ഥയിലേക്കെത്തിയത്. അതിലൊന്നാണ് ജീവനോടെ പിറന്ന ഡോളി.

ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമി എന്ന സ്റ്റാൻ സ്വാമി പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത് 2021 ജൂലൈ അഞ്ചിനായിരുന്നു. അമ്പതു വർഷത്തോളം ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ എൽഗാർ പരിഷത് കേസുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് എൻ ഐ എ നടപടിക്കെതിരെ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. എട്ടുമാസത്തോളം മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ അനാരോഗ്യം പരിഗണിച്ച് കോടതി ഇടപെട്ടതിനെ തുടർന്ന് മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.