ഞായർ പ്രസംഗം: ഉയിർപ്പുകാലം രണ്ടാം ഞായർ ഏപ്രിൽ 07 യോഹ. 20: 24-31 കാത്തിരുപ്പ്

ബ്രദര്‍ ബിബിന്‍ കൊച്ചുപുരയ്ക്കല്‍ MCBS

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ഈസ്റ്റര്‍ പ്രത്യാശയുടെ തിരുനാളാണെങ്കില്‍ പുതുഞായര്‍ വിശ്വാസത്തിന്റെ തിരുനാളാണ്. ഈശോമിശിഹായിലൂടെ സംലഭ്യമായ പുതുജീവനില്‍ ആഹ്ലാദിക്കുന്ന ഉയിര്‍പ്പുകാലത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. പുതുഞായറിന്റെ എല്ലാ മംഗളങ്ങളും പ്രാര്‍ഥനകളും ഒത്തിരി സ്‌നേഹത്തോടെ ആശംസിക്കുന്നു.

അനുദിനജീവിതത്തില്‍ കാത്തിരിക്കുന്നവരാണ് നാമെല്ലാവരും. പ്രിയപ്പെട്ട ഒരാള്‍ക്കു വേണ്ടിയോ, എന്തിനെങ്കിലും വേണ്ടിയോ, നാളുകളായുള്ള നമ്മുടെ പ്രാര്‍ഥനകള്‍ സാധിക്കുന്നതിനു വേണ്ടിയോ ജീവിതത്തില്‍ ക്ഷമയോടെ കാത്തിരിക്കുന്നവര്‍. കാത്തിരിപ്പാണ് നമ്മുടെ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്നത്. ക്രിസ്തുവിനുവേണ്ടി ദിവസങ്ങളോളം കാത്തിരുന്ന് അവിടുത്തെ ദര്‍ശിക്കാനും സ്പര്‍ശിക്കാനും ആഗ്രഹിച്ച നമ്മുടെ പിതാവായ മാര്‍ തോമായുടെ ജീവിതത്തില്‍ വിളങ്ങിനിന്ന കാത്തിരിപ്പിന്റെ സൗന്ദര്യത്തെയും വിശ്വാസത്തിലെ ആഴത്തെയുമാണ് ഇന്നത്തെ വചനഭാഗം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

ഗോതമ്പുപാടത്തിന്റെ സമൃദ്ധിയും മുന്തിരിത്തോപ്പിന്റെ സൗന്ദര്യവും ഒലിവിന്‍പൂക്കളുടെ സുഗന്ധവും ഉപേക്ഷിച്ചാണ് ശ്ലീഹാ ആര്‍ഷഭാരതസംസ്‌കാരം പേറുന്ന ഭാരതമണ്ണിലേക്ക് വിശ്വാസദീപവുമായി കടന്നുവന്നത്. സങ്കീര്‍ത്തകന്‍ പറയു ന്നതുപോലെ, കര്‍ത്താവിനെ ആഴമായി അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്, ആഴമായി രുചിച്ചതു കൊണ്ടാണ് സ്വന്തം ജീവന്‍ ബലികഴിച്ചുപോലും വിശ്വാസദീപം ഭാരതമണ്ണില്‍ തെളിയിക്കാനായിട്ട് സാധിച്ചത്. കൊടുങ്ങല്ലൂര്‍ പള്ളിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ രൂപത്തിനുമുമ്പില്‍ നമ്മള്‍ വായിക്കുന്നത് ”ഇത് തിരുമുറിവുകളെ തൊട്ട വിശുദ്ധ വിരലുകളാണ്”. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴവും അര്‍ഥവും നീളവുമെല്ലാം തൊട്ടനുഭവിച്ച ആ വിശുദ്ധവിരലുകള്‍ക്ക് ത്യാഗത്തിന്റെയും ക്ഷമയുടെയും കഥകളാണ് നമ്മോടു പറയാനുള്ളത്.

ഒരു പുതിയ രാജ്യം സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തതിന്റെ പിന്നാലെ എല്ലാം ഉപേക്ഷിച്ചുനടന്നവനാണ് ശ്ലീഹ. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് തന്റെ ഗുരുവിന്റെ മുമ്പില്‍ വന്ന് അതേ ദുരന്തം തനിക്കും വരുമെന്ന പേടിയില്‍ ജീവിച്ചവന്‍. റോമന്‍ സാമ്രാജ്യത്തെയും യഹൂദ മതനേതാക്കളെയും വെല്ലുവിളിച്ചുവന്ന ശിഷ്യനെന്നനിലയില്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടതിന്റെ വിഷമവും തോമായ്ക്ക് ഉണ്ടായിരുന്നിരിക്കണം. എല്ലാറ്റിനുമുപരിയായി സമൂഹത്തിന്റെ പൊതു ആവശ്യത്തിനുവേണ്ടി പുറത്തുപോയിവന്നപ്പോള്‍ തനിക്കുമാത്രം ക്രിസ്തുവിനെ കാണാനായി സാധിച്ചില്ല എന്ന ദുഃഖവും അദ്ദേഹത്തിന് ആ ദിവസങ്ങളില്‍ ഉണ്ടായിരുന്നിരിക്കണം. പക്ഷേ, മനുഷ്യന്റെ എല്ലാ സങ്കടങ്ങള്‍ക്കും മേലുള്ള ക്രിസ്തുവിന്റെ ഉത്തരമായിരുന്നു അവന്റെ ഉത്ഥാനം.

തുറന്ന കൈപ്പാടുകളും തുളഞ്ഞ ഹൃദയവുമായി ക്രിസ്തു വീണ്ടും ആ ഇരുണ്ട മുറിയിലേക്ക് കടന്നുവന്നത് തന്റെ പ്രിയശിഷ്യനുവേണ്ടി മാത്രമായിരിക്കണം. മനുഷ്യകുലം മുഴുവനും വേണ്ടി താന്‍ അനുഭവിച്ച വേദനകളുടെ ആഴം മനസ്സിലാക്കാന്‍ തോമാശ്ലീഹായെയും അതിലൂടെ നമ്മെയും ക്രിസ്തു ക്ഷണിക്കുന്നു. ഇന്ന് വായിച്ചുകേട്ട് വായനകളും ഈ ചിന്തയാണ് മുന്നോട്ടു വയ്ക്കുന്നത്. ലേവ്യരുടെ പുസ്തകത്തില്‍ കര്‍ത്താവിന്റെ അനുഗ്രഹങ്ങളിലൂടെ അവിടുത്തെ തിരിച്ചറിഞ്ഞ ഇസ്രായേല്‍ ജനത്തെ നാം കണ്ടുമുട്ടുന്നു. യോഹന്നാന്‍ ശ്ലീഹായുടെ ഒന്നാം ലേഖനത്തില്‍ കര്‍ത്താവിനെ ആഴമായി അനുഭവിച്ചറിയേണ്ട ആവശ്യകതയെപ്പറ്റിയും നമ്മോടു പ്രതിപാദിക്കുന്നു.

തന്റെ മുറിവിലൂടെ തിരുമുറിവിനെ തൊട്ട തോമാശ്ലീഹ നമുക്കു നല്‍കുന്ന ഏറ്റവും വലിയ സന്ദേശം കാത്തിരിപ്പിന്റേതാണ്. ഒറ്റിക്കൊടുക്കപ്പെട്ട പെസഹാവ്യാഴത്തിനും, പിച്ചിച്ചീന്തപ്പെട്ട ദുഃഖവെള്ളിക്കും ഒറ്റയ്ക്കാവുന്ന ദുഃഖശനിക്കുമപ്പുറം പ്രത്യാശയുടെ ഉയര്‍പ്പിനും വിശ്വാസത്തിന്റെ പുതുഞായറിനുവേണ്ടി കാത്തിരിക്കണം. എല്ലാ ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായിട്ടും നീണ്ട എട്ടു ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് തോമായ്ക്ക് ക്രിസ്തു പ്രത്യക്ഷപ്പെടുന്നത്. ആ ദിവസങ്ങളിലൂടെ അദ്ദേഹം കടന്നുപോയ മാനസികവേദനകള്‍ അത്രമേല്‍ ഭീകരമായിരുന്നു. എങ്കിലും കര്‍ത്താവിനുവേണ്ടി, അവിടുത്തെ സമയത്തിനുവേണ്ടി കാത്തിരിക്കാന്‍ തോമയ്ക്കു സാധിച്ചു.

സ്‌നേഹമുള്ളവരേ, ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും നൊമ്പരങ്ങളും നേരിടുമ്പോള്‍ കര്‍ത്താവിനുവേണ്ടി അവിടുത്തെ സമയത്തിനുവേണ്ടി കാത്തിരിക്കാന്‍ എനിക്ക് നിനക്കും സാധിക്കുന്നുണ്ടോ? ദൈവത്തോട്, സഭയോട്, സമൂഹത്തോടും എപ്പോഴും ചേര്‍ന്നുനിന്നിട്ടും എന്തു കൊണ്ടാണ് എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്ന് നമ്മള്‍ ചിന്തിച്ചിട്ടില്ലേ? ഒരു വേദന തീരും മുമ്പ് മറ്റൊരു വേദന വന്നു എന്ന് ദൈവത്തോട് നമ്മള്‍ പരാതി പറഞ്ഞിട്ടില്ലേ? ഈശോ നമ്മോട് പറയുക കാത്തിരിക്കാനാണ്. ഒന്നും ‘അവസാനം അല്ല എല്ലാം അവസരങ്ങളാണ്. ‘നമ്മുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ പ്രശ്‌നവും ഓരോ പ്രതിസന്ധിയും ഒന്നും അവസാനമായി കാണേണ്ടതല്ല, മറിച്ച് എല്ലാം ദൈവത്തിലേക്ക് അടുപ്പിക്കുന്ന അവസരങ്ങളായി കാണണം.

ഒരിക്കല്‍ ഒരു യുവാവ് തന്റെ നിരവധിയായ ജീവിതപ്രശ്‌നങ്ങള്‍ മൂലം മനം മടുത്ത് ആത്മഹത്യ ചെയ്യാനായി തീരുമാനിക്കുകയാണ്. വലിയ മലമുകളില്‍ നിന്ന് അവന്‍ താഴേക്കു ചാടാനൊരുങ്ങുമ്പോള്‍ എവിടെനിന്നോ കടന്നുവന്ന ഒരു യാചകന്‍ അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ആ യാചകനോട് യുവാവ് ചോദിച്ചു, നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ രക്ഷിച്ചത്? നിങ്ങള്‍ എന്താണ് എന്റെ ജീവിതത്തില്‍ ചെയ്യുന്നത്? പുഞ്ചിരിച്ചുകൊണ്ട് യാചകന്‍ മറുപടി പറഞ്ഞു: ”മകനെ, നീ നിന്റെ ജീവിതത്തില്‍ full stop ഇടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ ഒരു കോമയിട്ടു. because your life is to be continued”. ഒന്നും അവസാനമായി കാണേണ്ടതല്ല, അവസരങ്ങളായി കാണാനായി നമുക്ക് സാധിക്കട്ടെ.

വിശ്വാസത്തെ ശ്വാസമാക്കി മാറ്റിയ വ്യക്തിയാണ് തോമാശ്ലീഹാ. വിശ്വാസത്തെ ഗൗരവമായി എടുക്കാത്ത ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മതബോധന ക്ലാസുകളെക്കാളും വിശ്വാസ പരിശീലനത്തെക്കാളും മറ്റുപലതിനും നാം പ്രാധാന്യം കൊടുക്കുമ്പോള്‍ നമുക്കു നഷ്ടമാവുന്നത് തോമാശ്ലീഹ നേടിത്തന്ന വിശ്വാസ പാരമ്പര്യം തന്നെയാണ്. വിശ്വാസം ശ്വാസമാക്കി മാറ്റാന്‍ നമുക്കു പരിശ്രമിക്കാം.

തോമാശ്ലീഹായ്ക്ക് ക്രിസ്തു പ്രത്യക്ഷപ്പെടുന്നത് ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്ചയിലാണ്. നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവന്മാര്‍ എന്ന് ആശംസകള്‍ നേരുകയും ചെയ്തു. എന്തായിരിക്കാം ക്രിസ്തുവിന്റെ ഈ വചനത്തിന്റെ അര്‍ഥം? ക്രിസ്തുവിനെ കാണാതെതന്നെ നാം വിശ്വസിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധ കുര്‍ബാനയിലാണ്. ഒരു ഗോതമ്പപ്പത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന അവിടുത്തെ തിരുസാന്നിധ്യവും സ്‌നേഹവും തിരിച്ചറിഞ്ഞ് അവിടുത്തെ നോക്കി എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന് വിളിച്ചുപറയുമ്പോഴാണ് ഓരോ പുതുഞായറും നമ്മുടെ ജീവിതത്തില്‍ ഐശ്വര്യപൂര്‍ണ്ണമാകുന്നത്.

സ്‌നേഹമുള്ളവരെ, തോമാശ്ലീഹായോട് മാധ്യസ്ഥ്യം തേടാം, വിശുദ്ധനെപ്പോലെ കര്‍ത്താവിനെ ആഴമായി അനുഭവിച്ചറിയാനും എല്ലാ അവസരങ്ങളായിട്ടു കാണാനും, അനേകര്‍ക്ക് അവിടുത്തെ പങ്കുവയ്ക്കാനുള്ള കൃപയ്ക്കായിട്ട് നമുക്കും അപേക്ഷിക്കാം. ഏവര്‍ക്കും നല്ലൊരു ആഴ്ച ആശംസിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിനെയും നാമത്തില്‍, ആമേന്‍.

ബ്രദര്‍ ബിബിന്‍ കൊച്ചുപുരയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.