ഞായർ പ്രസംഗം: നോമ്പുകാലം നാലാം ഞായർ മാർച്ച് 03, മത്തായി 5: 27-32 വിശുദ്ധിയിലേക്കുള്ള വിളി

ബ്രദര്‍ നിബിന്‍  കൊണ്ടാട്ടുപറമ്പില്‍  MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

അനുതാപത്തിന്റെ ചൈതന്യം പുലര്‍ത്താനും പാപം ഉപേക്ഷിച്ച് വിശുദ്ധിയില്‍ വളരാനും യേശുവിന്റെ പീഡാസഹനമരണത്തെക്കുറിച്ചു ധ്യാനിക്കാനും നമ്മെ ക്ഷണിക്കുന്ന കാലമാണ് നോമ്പുകാലം. നോമ്പുകാലത്തിന്റെ നാലാം ഞായറാഴ്ചയിലൂടെ കടന്നുപോകുമ്പോള്‍ നമ്മെത്തന്നെ വിശുദ്ധീകരിക്കാനുള്ള ആഹ്വാനമാണ് ഇന്നത്തെ വായനകളിലൂടെ തിരുസഭാമാതാവ് നമുക്കു നല്‍കുന്നത്. അതോടൊപ്പം പാപത്തിന്റെ ധാര്‍മ്മിക അധഃപതനതിന്റെയും തിക്തഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കുന്നു.

പരിശുദ്ധി തന്നെയായ ദൈവത്തിന്റെ മുന്‍പില്‍ വ്യാപാരിക്കാന്‍ വിശുദ്ധിയെന്ന പുണ്യം തന്നെയാണ് നമ്മുടെ ഹൃദയത്തില്‍ ചേര്‍ത്തുവയ്‌ക്കേണ്ടത്. ആദ്യ രണ്ടു വായനകളില്‍ പാപത്തിന്റെ ബാഹ്യ കാഴ്ചപ്പാടിനെക്കുറിച്ചു വിവരിക്കുമ്പോള്‍, മൂന്നും നാലും വായനകള്‍ പാപത്തിന്റെ ആന്തരികതലത്തെക്കുറിച്ചു പറയുന്നു. ഒന്നാം വായനയില്‍ വിശുദ്ധി നഷ്ടപ്പെട്ട് ദൈവത്തിന്റെ മുമ്പില്‍ പാപം ചെയ്യുന്ന സോദോം ഗൊമോറയുടെ തകര്‍ച്ചയെ സൂചിപ്പിക്കുമ്പോള്‍ രണ്ടാം വായന, ഇസ്രായേലിന് നീതിയും ന്യായവും നടപ്പിലാക്കാന്‍ ദൈവം തിരഞ്ഞെടുത്ത ദാവീദ് രാജാവ് അനീതിയുടെ വക്താവായി മാറുമ്പോള്‍ ദൈവികസ്വരമായി മാറുന്ന നാഥാന്‍ പ്രവാചകനെ കാണുന്നു. ലേഖനഭാഗത്ത് വിശുദ്ധി പ്രാപിക്കാനുള്ള ലളിതമായ കാര്യങ്ങളാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതുന്നത്. യുവസഹജമായ പാപങ്ങളില്‍ നിന്ന് ഓടിയകലാനും പരിശുദ്ധ ഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്‌നേഹം, സമാധാനം എന്നിവ ലക്ഷ്യംവയ്ക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നു.

വി. മത്തായിയുടെ സുവിശേഷം 5-ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങളിലൂടെ ഈശോ രണ്ടു കാര്യങ്ങള്‍ നമ്മോടു പറയുന്നു. 1. വിശുദ്ധി നിറഞ്ഞ ഹൃദയത്തിന് ഉടമയാവുക, 2. കുടുംബത്തിന്റെ ശ്രേഷ്ഠത അഥവാ മഹനീയത ഉയര്‍ത്തിക്കാട്ടുക.

വചനത്തില്‍ ഈശോ പറയുന്നു: ”സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയുന്നു.” സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാനും സ്വര്‍ഗസ്ഥനായ പിതാവിന്റെ പരിശുദ്ധി ഹൃദയത്തില്‍ സ്വീകരിക്കണമെന്നാണ് ഈശോ ഇവിടെ പറയുന്നത്. പാപത്തിന്റെ ബാഹ്യമായ പഴയനിയമ കാഴ്ചപ്പാടില്‍നിന്നും പാപത്തിന്റെ ആന്തരികതലത്തിലേക്കുള മാറ്റമാണ് പുതിയനിയമത്തില്‍ കാണുന്നത്.

പഴയനിയമത്തില്‍ ഒരു വ്യക്തി പാപം ചെയ്താല്‍ അത് അവന്റെ തെറ്റല്ല, മറിച്ച് സമൂഹവും ചുറ്റുപാടും അവനെ പ്രേരിപ്പിക്കുന്നതുകൊണ്ടാണെന്നു പറയുമ്പോള്‍, പുതിയ നിയമത്തിലെ ആന്തരികതലത്തില്‍ പാപമെന്നത് ഒരു വ്യക്തിയുടെ തെറ്റാണെന്ന് ഈശോ പഠിപ്പിക്കുന്നു. പഴയനിയമ കാലഘട്ടത്തില്‍ ഒരു പുരുഷന് സ്വന്തം ഭാര്യയോട് അനിഷ്ടം തോന്നിയാലോ, അഥവാ വേറെ ഒരു സ്ത്രീയെ ഭാര്യയായി സ്വികരിക്കാന്‍ താല്‍പര്യപ്പെട്ടാല്‍ ഉപേക്ഷാപത്രം കൊടുത്ത് വിവാഹമോചനം നേടാമായിരുന്നു. ഇത് ഭര്‍ത്താക്കന്മാര്‍ക്ക് അനുകൂലമായിട്ടാണ് നിന്നിരുന്നത്. എന്നാല്‍ ഈശോ ഇവിടെ ജീവിതത്തിന്റെ വിശുദ്ധിയെക്കുറിച്ചു വ്യാഖ്യാനിക്കുന്നതിനോടൊപ്പം വിവാഹബന്ധത്തിന്റെ പവിത്രതയും അവിഭാജ്യതയും ഉയര്‍ത്തിക്കാട്ടുന്നു.

വ്യഭിചാരം ചെയ്യരുതെന്ന കല്‍പന പഴയനിയമത്തില്‍ പുറപ്പാടിന്റെ പുസ്തകത്തിലാണ് ആദ്യമായി കാണുന്നത്. ഈ പ്രമാണത്തെ ഈശോ ജീവിതത്തിന്റെ സമഗ്രതയിലേക്കു കൊണ്ടുവരുന്നു. മോശയുടെ നിയമത്തില്‍ വിലക്കിയിരിക്കുന്ന ഈ കല്‍പനയെ ഈശോ മനുഷ്യന്റെ ജഡീകതാല്‍ര്യങ്ങളോടും ആന്തരിക അശുദ്ധിയോടും ബന്ധപ്പെടുത്തിക്കാണിക്കുന്നു. സഭയുടെ കാഴ്ച പ്പാടില്‍ വിശുദ്ധി എന്നത് ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ഐക്യത്തെ സൂചിപ്പിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ വിഷയാസക്തി, അവിഹിതവേഴ്ച, അശ്ലീലകല, വേശ്യാവൃത്തി, ബലാത്സംഘം, സ്വയം ഭോഗം, സ്വവര്‍ഗഭോഗം എന്നിവയാണ് വിശുദ്ധിക്കെതിരായ പാപങ്ങളെന്ന് നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ‘ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍, ഒരു വ്യക്തി വിശുദ്ധി കൈവരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹം നല്ല കാര്യങ്ങളിലൂടെ സഞ്ചരിക്കണമെന്ന് പറഞ്ഞുവയ്ക്കുന്നു. 1. മറ്റുള്ളവനെ വിധിക്കാതിരിക്കുക, 2. ജീവിതത്തിന്റെ നല്ല ഒരു ഭാഗം കുടുംബങ്ങളുമായി ചെലവഴിക്കുക, 3. ദൈവാനുഭവത്തില്‍ വളരാനും ദൈവത്തെ സ്‌നേഹിക്കാനും ശ്രമിക്കണം, 4. കാരുണ്യപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് അയല്‍ക്കാരനെ സ്‌നേഹിക്കുക. ഈ നാലു കാര്യങ്ങളിലൂടെ നാം സഞ്ചരിച്ചാല്‍ വിശുദ്ധി എന്ന പുണ്യം നേടാന്‍ സാധിക്കുമെന്ന് പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

പ്രിയപ്പെട്ടവരേ, വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തീയജീവിതം ഒരു യുദ്ധമാണ്. ജീവിതയാത്രയില്‍ നാം ആരോടാണ് യുദ്ധം ചെയ്യുന്നതെന്നും, യുദ്ധം ചെയ്യാനുള്ള സന്നാഹം എനിക്കുണ്ടോയെന്നും എപ്പോഴാണ് യുദ്ധം ചെയ്യേണ്ടതെന്നുമുള്ള ബോധ്യം എനിക്കുണ്ടാകണം. എന്നെ എന്റെ ദൈവത്തില്‍ നിന്നകറ്റുന്ന എല്ലാ പ്രവൃത്തികളോടും സാഹചര്യങ്ങളോടും, ബന്ധങ്ങളോടും ആസക്തികളോടുമൊക്കെ യുദ്ധം ചെയ്തു വിജയിച്ചാല്‍ മാത്രമേ വിശുദ്ധിയെന്ന പുണ്യം എനിക്ക് കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

അരുതാത്തത് കാണാതിരിക്കാന്‍ ഞാന്‍ എന്റെ കണ്ണുകളോട് യുദ്ധം ചെയ്യണം; അരുതാത്തത് പ്രവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ എന്റെ കൈകാലുകളോട് യുദ്ധം ചെയ്യണം; അരുതാത്തതു പറയാതിരിക്കാന്‍ എന്റെ നാവിനോട് ഞാന്‍ യുദ്ധം ചെയ്യണം.

സ്‌നേഹമുള്ളവരേ, ഈ ആധുനിക കാലഘട്ടത്തില്‍ നാം ജീവിക്കുമ്പോള്‍ നിരവധിയായ അശുദ്ധിയുടെ ഉദാഹരണങ്ങള്‍ നമുക്കുചുറ്റും നില്‍ക്കുന്നുണ്ട്. സ്വന്തം ജഡീകതാല്‍പര്യങ്ങള്‍ക്കും സുഖലോലുപതക്കുംവേണ്ടി മറ്റുള്ളവരെ ആക്രമിക്കുന്നതും, പണത്തിനുവേണ്ടി സ്വന്തം ശരീരം വില്‍പനവസ്തുവായി മാറ്റുന്നതും, ജഡീക-ലൈംഗിക താല്പര്യങ്ങള്‍ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന നവമാധ്യമങ്ങളും ഇവയ്ക്ക് ഉദാഹരണകളാണ്. ഈ അശുദ്ധപ്രവര്‍ത്തികള്‍ നമുക്കു ചുറ്റുംനിന്ന് നമ്മെ മാടിവിളിക്കുമ്പോള്‍ വിശുദ്ധി എന്ന പുണ്യം ഒരു സംരക്ഷണകവചമായി നമുക്കു മുന്നില്‍ നില്‍ക്കുന്നു.

1 കോറി 3:16-ല്‍ പറയുന്നതുപോലെ, എന്റെ ശരീരം ദൈവാലയമാണെന്നും അവിടെ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ടെന്ന ബോധ്യവുമാണ് എനിക്കു വേണ്ടത്. വിശുദ്ധിയില്‍ വളരാന്‍ എന്റെ ജീവിതത്തിലും മനസ്സിലും ഞാന്‍ ആയിരിക്കുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ഞാന്‍ വസിക്കുന്ന ഭവനത്തിലും മുറിയിലും കണ്ടുമുട്ടുന്ന ആളുകളിലും ദൈവം വസിക്കുന്നുവെന്നും അതിലൂടെ ദൈവം എന്നെ കാണുന്നുവെന്ന വിശ്വാസത്തോടെ വിശുദ്ധിയെന്ന പുണ്യം നമുക്കു സ്വീകരിക്കാം.

പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിശുദ്ധിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”വിശുദ്ധി ഒരു പ്രവര്‍ത്തിയല്ല, മറിച്ച് ഒരു വ്യക്തിയാണ്. അവന്‍ ക്രിസ്തുവാണ്. ഈ വ്യക്തിയോട് ഐക്യപ്പെടുമ്പോള്‍, ആഴമായ ബന്ധം സ്ഥാപിക്കുമ്പോള്‍ സ്നേഹിക്കുമ്പോള്‍ നമ്മില്‍ സ്വാഭാവികമായി നിറയുന്ന പുണ്യമാണ് വിശുദ്ധി. ഇത് പ്രാപിക്കാന്‍ ബൈബിള്‍ വായന പ്രധാനപ്പെട്ടതാണ്.”

നാം വചനത്തില്‍ കണ്ടതുപോലെ, ”സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയുന്നു.” സ്‌നേഹത്തോടെ, താല്‍പര്യത്തോടെ പരിശുദ്ധ കുര്‍ബാനയെ കാണാനും സ്വീകരിക്കാനും സാധിക്കട്ടെ. ഒരു കുഞ്ഞ് അമ്മയോടു ചേര്‍ന്നിരിക്കുന്നതുപോലെ, ദമ്പതികള്‍ പരസ്പരം സ്‌നേഹിക്കുന്നതുപോലെ, ആത്മാര്‍ഥ സുഹൃത്തുക്കള്‍ സംഭാഷണം നടത്തുന്നതുപോലെ പരിശുദ്ധ കുര്‍ബാനയെ ചേര്‍ത്തുപിടിക്കാനും സ്നേഹിക്കാനും സൗഹൃദം പങ്കുവയ്ക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ നിധിന്‍ തലയാട്ടംപള്ളി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.