ഞായർ പ്രസംഗം: നോമ്പുകാലം ഒന്നാം ഞായർ ഫെബ്രുവരി 11, ലൂക്കാ 4: 1-13 ജീവിതനവീകരണം

ബ്രദര്‍ എബി ആന്റണി കളരിപ്പറമ്പില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ആരാധനാക്രമവത്സരത്തിലെ പുതിയ ഒരു കാലത്തിലേക്ക് – നോമ്പുകാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണല്ലോ. ഓരോ ക്രൈസ്തവനും ഇത് ജീവിതനവീകരണത്തിന്റെ കാലമാണ്. ജീവിതത്തെ, തിരിച്ചുവരവിനായും തിരുത്തലിനായും കുറച്ചുകൂടി ഒരുക്കേണ്ട സമയം, ജീവിതമനോഭാവങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ചില വേലിയേറ്റങ്ങളും വേലിയറക്കങ്ങളും നടക്കേണ്ട സമയം, ആടുകളും ആട്ടിടയനും ഒരുപോലെ മാനസാന്തരപ്പെടേണ്ട സമയം, ഓരോ ധൂര്‍ത്തപുത്രനും/ പുത്രിക്കും സ്‌നേഹത്തോടെ കാത്തിരിക്കുന്ന ഒരു പിതാവുണ്ടെന്ന തിരിച്ചറിവു നല്‍കുന്ന കാലം, പഴയ ജീവിതവഴികളില്‍നിന്നും പുതിയ ജീവിതനിയോഗങ്ങളിലേക്കുള്ള യാത്രയുടെ കാലം. ഈ നോമ്പുകാലം നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരാക്കാന്‍ ഒരുക്കുകയാണ്, പ്രലോഭനങ്ങളെ അതിജീവിക്കാന്‍ സഹായിക്കുകയാണ്. കൂടുതലായി ദൈവത്തെ സ്‌നേഹിക്കാന്‍ അഭ്യസിപ്പിക്കുകയാണ്.

നോമ്പുകാലം ഒന്നാം ഞായറായ ഇന്ന് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. ലൂക്കായുടെ സുവിശേഷം നാലാം അധ്യായം ഒന്നുമുതല്‍ 13 വരെയുള്ള വാക്യങ്ങളാണ്. പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ നാം വായിച്ചറിഞ്ഞത്. ഓരോ മനുഷ്യനും പ്രലോഭനങ്ങളെ നേരിടണമെന്ന് ക്രിസ്തു സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുകയാണ്. നമ്മുടെയൊക്കെ ഈ കൊച്ചുജീവിതത്തില്‍ കടന്നുവന്നേക്കാവുന്ന പ്രലോഭനങ്ങളെ അതിജീവിക്കാനും അതുവഴി ഈശോയെ സ്വന്തമാക്കാനുമുള്ള ക്ഷണമാണ് തിരുസഭ ഇന്ന് നമുക്കു നല്‍കുന്നത്. ഇതിനായി ഈശോ നല്‍കുന്ന ആദ്യസന്ദേശം, ‘പിശാചിന് ഇഷ്ടമുള്ളവരാകാതിരിക്കുക’ എന്നതാണ്. വചനത്തില്‍ നാം വായിക്കുന്നതുപോലെ, പിശാച് ഈശോയോടു പറയുകയാണ്: ”എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇത് കൊടുക്കുന്നു” (ലൂക്കാ 4:6(B)). പിശാച് നമ്മുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും കുളിര്‍മ്മ നല്‍കുന്ന ഒരുപാടു കാര്യങ്ങള്‍ സമ്മാനിക്കും. എന്നാല്‍ നാം അതിലൊന്നും വീണുപോകരുതെന്നാണ് വചനത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നത്.

പിശാച് വച്ചുനീട്ടിയ സമ്മാനങ്ങള്‍ തിരികെനല്‍കിയ ഒരു മനുഷ്യനെപ്പറ്റി ‘സെന്റ് ഫ്രാന്‍സിസ്’ എന്ന പുസ്തകത്തില്‍ കസന്‍ദ്‌സകീസ് കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ”എല്ലാം ഉപേക്ഷിച്ച് ദൈവത്തിന്റെ വഴി പിന്തുടര്‍ന്ന ഫ്രാന്‍സിസിന്റെ മുമ്പില്‍ ഒരു ചോദ്യം ഉയരുകയാണ്, പട്ടുവസ്ത്രങ്ങളും ചുവന്ന തൂവല്‍ത്തൊപ്പിയും മാലയും മോതിരവുമെല്ലാം എവിടെപ്പോയി?”

ഫ്രാന്‍സിസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”സാത്താന്‍ വായ്പ്പ തന്നതായിരുന്നു. എല്ലാം മടക്കിക്കൊടുത്തു.”

ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.

”ആരാ തന്നെ ഇങ്ങനെയാക്കിയത്?”

ഫ്രാന്‍സിസിന്റെ ഹൃദയം നിറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ”ദൈവമാണ് എന്നെ ഇങ്ങനെയാക്കിയത്.”

സ്‌നേഹമുള്ളവരേ, ഈ നോമ്പുകാലം പുതിയ ഒരു തിരിച്ചറിവിനുള്ള കാലമാകട്ടെ. പിശാച് ഇഷ്ടപ്പെടുന്നവരുടെ ഗണത്തില്‍ നമ്മുടെ പേരുകള്‍ എഴുതപ്പെടാതിരിക്കട്ടെ. അതിനുള്ള ഏകവഴി ഈശോയെ കൂടുതലായി സ്‌നേഹിക്കുക എന്നതുമാത്രമാണ്. ആ സ്‌നേഹത്തില്‍ നിലനിന്ന് ഈശോയ്ക്ക് ഇഷ്ടമുള്ളതുമാത്രം പ്രവര്‍ത്തിക്കുന്ന നല്ല മക്കളായി മാറാന്‍ നമുക്കു പരിശ്രമിക്കാം.

ഈശോ നമുക്കു നല്‍കുന്ന രണ്ടാമത്തെ സന്ദേശം, ”നമ്മുടെയൊക്കെ ബലഹീനതകളിലും അവസാന നിമിഷങ്ങളിലും ദൈവത്തിലുള്ള ആശ്രയം കൈവിടാതിരിക്കുക എന്നതാണ്.”

വി. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നു: ”അവസാനം അവനു വിശന്നു” (ലൂക്കാ 4: 2(ആ)). എന്നിരുന്നാലും ആ അവസാന നിമിഷത്തിലും ക്രിസ്തു പ്രലോഭനങ്ങളെ അതിജീവിക്കുന്നതായാണ് തുടര്‍ന്ന് നാം വചനത്തില്‍ കാണുന്നത്.

പഴയനിയമത്തില്‍ ജോബ് എന്ന മനുഷ്യനെ നാം കണ്ടുമുട്ടുന്നുണ്ട്. ജീവിതത്തില്‍ എല്ലാമുള്ളവനായിരുന്നു അവന്‍. നല്ല കുടുംബം, സമ്പത്ത്, സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം. പിന്നീട് കാലം കടന്നുപോകുമ്പോള്‍ ദൈവം ജോബിനെ പരീക്ഷിക്കുന്നതായി നാം കാണുന്നു. സ്വന്തമെന്നു കരുതിയതെല്ലാം അവനു നഷ്ടമാകുകയാണ്. പ്രിയപ്പെട്ട മക്കള്‍ മരണപ്പെടുന്നു, സമ്പത്ത് നഷ്ടമാകുന്നു, ഒടുവില്‍ സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാത്തവനായി അവന്‍ മാറുകയാണ്. ജോബിന്റെ തകര്‍ച്ചയുടെ കാരണം അവന്റെതന്നെ പ്രവൃത്തികളാണ് എന്നുപറഞ്ഞ് കുറ്റപ്പെടുത്തുന്ന സുഹൃത്തുക്കള്‍, ദൈവത്തെ ഉപേക്ഷിച്ചു ജീവിക്കാന്‍ ഉപദേശിക്കുന്ന ഭാര്യ, അതിലുപരി ശരീരം മുഴുവന്‍ വ്രണങ്ങള്‍. മാനസികമായും ശാരീരികമായും ജോബ് വേദനയുടെ കഠിന നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ്. എന്നാല്‍ ഇവിടെയാന്നും ജോബ് ദൈവത്തെ നിരാകരിക്കുന്നില്ല. ഓട്ടുകഷണങ്ങള്‍കൊണ്ട് തന്റെ വ്രണങ്ങളില്‍ ചുരണ്ടുമ്പോഴും സ്വര്‍ഗത്തിലേക്കുനോക്കി ആ മനുഷ്യന്‍ വിളിച്ചുപറഞ്ഞത് ‘ദൈവം തന്നു; ദൈവം എടുത്തു’ എന്നുമാത്രമായിരുന്നു. സ്‌നേഹമുള്ളവരേ, തന്റെ ജീവിതത്തിലെ സഹനങ്ങളുടെയും വേദനകളുടെയും 37 അധ്യായങ്ങള്‍ക്കുശേഷം ദൈവം 38-ാം അധ്യായത്തില്‍ ജോബിന്റെ ജീവിതത്തില്‍ ഇടപെടുകയാണ്.

ദൈവം നമ്മുടെ ജീവിതത്തിലും ഇടപെടും. ജോബിനെപ്പോലെ വേദനയുടെയും പ്രലോഭനങ്ങളുടെയും അവസാന നിമിഷങ്ങളിലും ദൈവത്തെ മുറുകെപ്പിടിക്കാം. നമ്മുടെ ജീവിതങ്ങളിലും അവന്‍ ഉറപ്പായും ഇടപെടും.

ക്രിസ്തു നമുക്കു നല്‍കുന്ന അടുത്ത സന്ദേശം, ”ദൈവഹിതമെന്നു തോന്നിപ്പിക്കുംവിധം പിശാച് നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഇടപെടുമ്പോള്‍ ബുദ്ധിപൂര്‍വം പെരുമാറുക” എന്നതാണ്. വചനത്തില്‍ നാം വായിക്കുന്നു: ” നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്ന് താഴേക്കുചാടുക. നിന്നെ സംരക്ഷിക്കാന്‍ അവന്‍ തന്റെ ദൂതന്മാരോടു കല്‍പിക്കും” (ലൂക്കാ 9(യ)-10).

വി. പാദ്രെ പിയോയുടെ ജീവചരിത്രം വായിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ജീവിതത്തിലും സ്‌നേഹിക്കുന്നവരുടെ രൂപത്തില്‍ പിശാച് വന്ന് പലപ്പോഴായി അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നത് നമുക്കു കാണാന്‍ സാധിക്കും. എന്നാല്‍ പിന്നീട് നാം വായിക്കുന്നത്, ദൈവഹിതമെന്തെന്നു പൂര്‍ണ്ണമായി തിരിച്ചറിയാമായിരുന്ന അദ്ദേഹത്തിന് തിന്മയെ തിരിച്ചറിയാനും എളുപ്പമായിരുന്നു എന്നാണ്.

ദൈവത്തെ കൂട്ടുപിടിച്ചു ജീവിച്ചാല്‍ തിന്മ എന്തെന്നു തിരിച്ചറിയാന്‍ നമുക്കും സാധിക്കും. അതിന് പാദ്രെ പിയോയെ സഹായിച്ചതുപോലെ നമ്മുടെ ജീവിതങ്ങളിലും വിശുദ്ധ ബലിയര്‍പ്പണവും ജപമാല പ്രാര്‍ഥനയും ദൈവവചന വായനകളും സഹായിക്കട്ടെ.

പ്രിയമുള്ളവരേ, ഈ നോമ്പുകാലം നമ്മെ ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെടുത്താന്‍ ക്ഷണിക്കുകയാണ്. ലോകം വച്ചുനീട്ടുന്ന നശ്വരമായ സുഖങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും അറിവുകള്‍ക്കും മോഹങ്ങള്‍ക്കും പിന്നാലെപോകാതെ ഈശോയുടെ കൂടെയായിരുന്ന് ആ സ്‌നേഹം അനുഭവിക്കാനുള്ള ആഗ്രഹം നമ്മില്‍ ജനിക്കുന്നതിനുള്ള അവസരമായി ഈ നോമ്പുകാലം മാറട്ടെ. വി. അഗസ്തീനോസ് പ്രാര്‍ഥിക്കുന്നതുപോലെ നമുക്കും പ്രാര്‍ഥിക്കാം, ”ദൈവമേ, നീ എന്നെ നിനക്കുവേണ്ടി സൃഷ്ടിച്ചു. നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമാകുന്നു.”

പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണുപോകാതെ അവന്‍ വച്ചുനീട്ടുന്ന കെണികളെ വിവേചിച്ചറിഞ്ഞ് ദൈവഹിതത്തില്‍ ആഗ്രഹിച്ചുജീവിക്കാന്‍ നമുക്കു പരിശ്രമിക്കാം. അതിനുള്ള ഏറ്റവും മഹത്തായ ശക്തിസ്രോതസ്സ് പരിശുദ്ധ കുര്‍ബാനയല്ലാതെ മറ്റെന്താണ്. നമ്മുടെ ഹൃദയത്തില്‍ വസിക്കാന്‍ ആഗ്രഹത്തോടെ കട ന്നുവരുന്ന ക്രിസ്തുവിനെ സ്‌നേഹപൂര്‍വം നമുക്കും നമ്മുടെ ജീവിതങ്ങളിലേക്കു സ്വീകരിക്കാം, ശക്തി സംഭരിക്കാം.

കാരുണ്യവാനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ എബി ആന്റണി കളരിപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.