പ്രസംഗം: സ്വര്‍ഗാരോപണ തിരുനാള്‍ (മത്തായി 12:46-50, 13:53-57)

ബ്ര. റിജോ ചെറുപുഷ്പം MCBS

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വൈദികരേ, സഹോദരരേ,

പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളിന്റെ പ്രാര്‍ത്ഥനാശംസകള്‍ ഏറെ സ്‌നേഹത്തോടെ നേരുന്നു.

റ്റോഡ് ഹെന്റിയുടെ ‘Die Empty’ എന്ന പുസ്തകത്തിലെ മനോഹരമായ ആശയം ഇപ്രകാരമാണ്: ലോകത്തിലെ ഏറ്റവും വിലയേറിയ ഭൂമി സെമിത്തേരിയാണ്. കാരണം ഏറ്റവും മഹത്തായ ആശയങ്ങള്‍, സ്വപ്നങ്ങള്‍, കറയറ്റ സ്‌നേഹം, വിലമതിക്കാനാവാത്ത നന്മകള്‍, അറിവുകള്‍ ഇവിടെ മറവ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുവന്റെ ഉള്ളിലുള്ള ഈ കഴിവുകള്‍ ചുറ്റുമുള്ളവര്‍ക്ക് നല്‍കിക്കൊണ്ട് ശൂന്യമായി മരിക്കാന്‍ ഈ പുസ്തകം നമ്മെ ക്ഷണിക്കുന്നു. കാരണം നമ്മുടെ സ്‌നേഹവും സ്വപ്നങ്ങളും കഴിവുകളും ആശയങ്ങളും ശ്മശാനത്തില്‍ കുഴിച്ചുമൂടേണ്ടതല്ല. നമുക്കുള്ളതെല്ലാം നല്‍കി ശൂന്യമായി മരിക്കാന്‍ തയ്യാറാവണം. ‘എല്ലാം പൂര്‍ത്തിയായി’ എന്ന് പറഞ്ഞുകൊണ്ട് ഈശോ മരിച്ചതുപോലെ. പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണവും സ്വയം ശൂന്യമാക്കലിന്റെ അടയാളമാണ്. ഭൂമിക്ക് ആവശ്യമായ ഏറ്റവും ശ്രേഷ്ഠമായത് അവള്‍ നല്‍കിക്കഴിഞ്ഞു. അതിനാല്‍ പരിശുദ്ധ അമ്മയ്ക്ക് ഉടലിന്റെ ഭാരമില്ലാതെ ഒരു തൂവലിന്റെ കനത്തോടെ സ്വര്‍ഗത്തിലേക്ക് പറക്കാന്‍ സാധിക്കുന്നു.

ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ അഭിസംബോധന ചെയ്തത് ‘കര്‍ത്താവ് നിന്നോടു കൂടെ’ എന്നാണ്. ‘കര്‍ത്താവ് നിന്നോടു കൂടെ’ എന്നതുപോലെ മറിയം കര്‍ത്താവിനോടു കൂടെയാണ്. കര്‍ത്താവിനോടു കൂടെ നില്‍ക്കാന്‍ ഏറ്റവും അടുത്ത ശിഷ്യന്മാര്‍ പോലും പരാജയപ്പെട്ടപ്പോള്‍ കുരിശിന്റെ വഴിയിലും കുരിശിന്‍ചുവട്ടിലും മറിയം കര്‍ത്താവിനോടു കൂടെയുണ്ട്. ഒരു ആയുസ് മുഴുവന്‍ ദൈവത്തോടു ചേര്‍ന്നു ജീവിച്ച് അവളുടെ മനസിനെയും ആത്മാവിനെയും വഹിച്ച ആ ശരീരം അഴുകാനുള്ളതല്ല; എടുക്കപ്പെടാനുള്ളതാണ്; നിത്യതയുടെ സ്വര്‍ഗത്തിലേക്ക്.

രണ്ടാം ലോകമഹായുദ്ധം വിനാശം വിതച്ച ലോകത്തില്‍ യുദ്ധത്തിന്റെ ക്രൂരതകള്‍ അവശേഷിപ്പിച്ച മരണത്തിന്റെയും പട്ടിണിയുടെയും സാമ്പത്തിക ക്ലേശത്തിന്റെയും സാമൂഹിക അരക്ഷിതാവസ്ഥയുടെയും നടുവില്‍ ധാര്‍മ്മികതയും പ്രതീക്ഷയും ജീവിതത്തിന്റെയും ശരീരത്തിന്റെയും മഹത്വവും നഷ്ടപ്പെട്ട ലോകത്തിനു മുമ്പില്‍ ‘അത്യുദാരനായ ദൈവം’ (Munificentissimus Deus) എന്ന പ്രമാണരേഖകളിലൂടെ 1950 നവംബര്‍ ഒന്നിന് 12-ാം പിയൂസ് പാപ്പാ, പരിശുദ്ധ അമ്മ സ്വര്‍ഗാരോപിതയാണ് എന്ന വിശ്വാസ സത്യം പ്രഖ്യാപിക്കുമ്പോള്‍, ആശയറ്റു പോയ മനുഷ്യമനസുകള്‍ക്ക് സ്വര്‍ഗീയസ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനുള്ള പ്രത്യാശയുടെ ചിറകുകള്‍ നല്‍കുകയായിരുന്നു. ജീവന് മൂല്യമുണ്ടെന്നും മനുഷ്യശരീരത്തിന് ഒരു സ്വര്‍ഗീയമാനമുണ്ടെന്നും ശരീരത്തെ മലിനമാക്കുന്ന സകല പ്രവര്‍ത്തികളില്‍ നിന്നും നാം വിട്ടുനില്‍ക്കണമെന്നും സ്വര്‍ഗാരോപണ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘ജനതകളുടെ പ്രകാശം’ (LG) എന്ന പ്രമാണരേഖയിലൂടെ സഭ പഠിപ്പിക്കുന്നത് ‘ജന്മപാപത്തിന്റെ എല്ലാ കറകളില്‍ നിന്നും സ്വതന്ത്രയായ നിര്‍മ്മലകന്യക ഈ ലോകവാസത്തിന്റെ അവസാനത്തില്‍ ആത്മശരീരങ്ങളോടു കൂടെ സ്വര്‍ഗീയമഹത്വത്തിലേക്ക് ആരോപിതയായി’ (LG59) എന്നാണ്. ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ അമ്മ നമുക്ക് നല്‍കുന്ന സന്ദേശം, ഈ ലോകജീവിതത്തിനു ശേഷം നാം സ്വര്‍ഗരാജ്യം സ്വന്തമാക്കണമെന്നും മരണസമയത്ത് നമ്മെ സ്വര്‍ഗത്തിലേക്ക് നയിക്കാന്‍ പരിശുദ്ധ അമ്മ മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുമെന്നതാണ്. ദൈവത്തോട് ചേര്‍ന്ന് ജീവിച്ച്, ശരീരത്തെ വിശുദ്ധമായ കാത്തുസൂക്ഷിച്ചുകൊണ്ട് പരിശുദ്ധ അമ്മയെപ്പോലെ നമുക്കും സ്വര്‍ഗത്തിലേക്ക് പറന്നുയരാം.

ദൈവം വസിക്കുന്ന ഇടമാണ് സ്വര്‍ഗം. എങ്കില്‍ ദൈവത്തിന് വസിക്കാന്‍ ഇടം കൊടുത്തുകൊണ്ട് ഭൂമിയില്‍ സ്വര്‍ഗം തീര്‍ത്തവളാണ് പരിശുദ്ധ അമ്മ. പത്തു മാസം വയറ്റിലും പിന്നെ ഒരായുസ് മുഴുവന്‍ ഹൃദയത്തിലും ക്രിസ്തുവിനെ വഹിച്ച പരിശുദ്ധ അമ്മയെപ്പോലെ കടന്നുചെല്ലുന്ന ഇടങ്ങളെല്ലാം സ്വര്‍ഗമാക്കിത്തീര്‍ക്കാനുള്ള ക്ഷണമാണ് സ്വര്‍ഗാരോപണ തിരുനാള്‍ നമുക്ക് നല്‍കുന്നത്.

ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുന്നവര്‍ക്കെല്ലാം ക്രിസ്തുവിന്റെ അമ്മയാകാനുള്ള സാധ്യതയാണ് ഇന്നത്തെ സുവിശേഷം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. ആദിമസഭയില്‍ ക്രിസ്തുവിനെ അനുഗമിച്ചതിന്റെ പേരില്‍ വീടും കുടുംബവും നഷ്ടപ്പെട്ട്, കുടുംബാംഗങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ട് വേദന അനുഭവിച്ചിരുന്ന ക്രൈസ്തവര്‍ക്കായി എ.ഡി. 75-നും 90-നും ഇടയില്‍ വി. മത്തായി സുവിശേഷം രചിക്കുമ്പോള്‍, ദൈവഹിതം നിറവേറ്റുന്നവരാരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ കുടുംബത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കുന്ന ഈശോയുടെ വചനം എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചവര്‍ക്ക് വലിയ സാന്ത്വനമായിരുന്നു. നമ്മുടെ അനുദിന ജീവിതത്തിലും ദൈവഹിതം നിറവേറ്റിക്കൊണ്ട് ക്രിസ്തുവുമായി ആഴമായ ബന്ധത്തിലേക്ക് കടന്നുവരാം; പരിശുദ്ധ അമ്മയെപ്പോലെ.

വേദപുസ്തകത്തിന്റെ ആദ്യതാളുകളില്‍ ദൈവഹിതത്തിനെതിരെ പ്രവര്‍ത്തിച്ച ശേഷം അത്തിമരത്തിന്റെ ഇലകള്‍ കൂട്ടിത്തുന്നി കുപ്പായം ഉണ്ടാക്കിയിടുന്ന ഹവ്വ എന്ന സ്ത്രീയെ നാം കാണുന്നു. എന്നാല്‍ അവസാന താളുകളില്‍ എത്തുമ്പോള്‍ ആകാശത്ത് മറ്റൊരു സ്ത്രീയെ നാം കാണുന്നു. സൂര്യനെ ഉടയാടയാക്കിയവളും ചന്ദ്രനെ പാദപീഠമാക്കിയവളുമായ ഒരു സ്ത്രീയെ. മണ്ണില്‍ നിന്ന് മെനഞ്ഞെടുത്ത മനുഷ്യര്‍ക്ക് അങ്ങേയറ്റത്തെ സാധ്യതയാണവള്‍. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായ രീതിയില്‍ ഈശോയെ വളര്‍ത്തിയ പരിശുദ്ധ അമ്മക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വാഴ്ത്ത് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തുന്നുണ്ട്, ‘നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്തനങ്ങളും എത്ര ഭാഗ്യമുള്ളവ.’

ദൈവഹിതത്തോട് പൂര്‍ണ്ണമായും ചേര്‍ന്നുനിന്നുകൊണ്ട് ജീവിതസഹനങ്ങളെ മധുരിക്കുന്ന അനുഭവങ്ങളായി സ്വീകരിച്ച മറിയത്തിന്റെ ജീവിതം മനോഹരമായ ഒരു കവിതയായി മാറി. പ്രാര്‍ത്ഥനയായി മാറിയ ഒരു കവിത. ആ പ്രാര്‍ത്ഥനകളില്‍ മറിയം മാലാഖമാരുടെ രാജ്ഞിയായി, രക്ഷകന്റെ അമ്മയായി, സ്വര്‍ഗത്തിന്റെ വാതിലായി, തിരുസഭയുടെ മാതാവായി, പാപികളുടെ സങ്കേതമായി, പ്രവാസികളുടെ ആശ്വാസമായി, കരുണയുടെ മാതാവായി, പ്രത്യാശയുടെ മാതാവായി, സ്വര്‍ഗാരോപിത രാജ്ഞിയായി…

പ്രിയ സഹോദരരേ, സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പരിശുദ്ധ അമ്മയെപ്പോലെ നമുക്കും ഈ ഭൂമിയെ സ്വര്‍ഗമാക്കിത്തീര്‍ക്കാം. ശ്രേഷ്ഠമായതെല്ലാം മറ്റുള്ളവര്‍ക്കായി നല്‍കിക്കൊണ്ടും ശരീരത്തെ വിശുദ്ധമായി കാത്തുകൊണ്ടും ആയുസ് മുഴുവന്‍ ദൈവഹിതത്തോട് ചേര്‍ന്നുനിന്നുകൊണ്ടും ഈശോയുടെ സഹോദരനും സഹോദരിയും അമ്മയുമാകാനുള്ള ക്ഷണം നമുക്ക് സ്വീകരിക്കാം. പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ.

ബ്ര. റിജോ ചെറുപുഷ്പം MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.