ഞായർ പ്രസംഗം: നോമ്പുകാലം ഏഴാം ഞായർ, മത്തായി 28: 1-6 ഉയിര്‍പ്പു തിരുനാള്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരേ, ആദ്യം തന്നെ ഏവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ ഏറെ സ്‌നേഹത്തോടെ ആശംസിക്കുന്നു.

മനുഷ്യന്‍ നിര്‍ണ്ണയിച്ച അന്ത്യത്തിനുമേല്‍ ദൈവം പുലര്‍ത്തിയ വിജയത്തിന്റെ മിശിഹാരഹസ്യമാണ് ഉത്ഥാനം. ആ ഉത്ഥാനം എന്ന മൂലക്കല്ലിനെ ആധാരശിലയാക്കി പണിയപ്പെട്ട വിശ്വാസസൗധമാണ് തിരുസഭ. ഇന്ന് തമ്പുരാന്റെ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുമ്പോള്‍ തിരുസഭ നമ്മോടു പറയുന്നത്, ഉത്ഥാനത്തിരുനാള്‍ എന്നുള്ളത് നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ പ്രത്യാശയുടെ ദിവസമാണ് എന്നതാണ്. കുരിശിനെ നോക്കി കണ്ണീരൊഴുക്കിയ നമ്മുടെ മുഖം ഉത്ഥിതനായ ഈശോയെ നോക്കി പുഞ്ചിരിക്കേണ്ട ഒരു ദിവസമാണിത്. കാല്‍വരിയും അവിടെ ഉയര്‍ന്ന മരക്കുരിശും ദുഃഖവെള്ളിയും അതിന്റെ കഥനവുമൊക്കെ നമ്മുടെ ഹൃദയങ്ങളില്‍ വേദനയുടെ കനലുകള്‍ വാരിവിതറിയെങ്കില്‍ ഈശോയുടെ ഉത്ഥാനം നിത്യസന്തോഷത്തിന്റെ അനുഭൂതി നല്‍കുന്ന നിര്‍മ്മലനിമിഷങ്ങളാണ്. ബെനഡിക്ട് 16-ാമന്‍ പാപ്പ പറയുന്ന, ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും ക്രിസ്തുമതത്തിന്റെ ഹൃദയമാണ്. ഈ ലോകത്തില്‍ അവസാനിക്കാനുള്ളതല്ല നമ്മുടെ ജീവിതം, മറിച്ച് മരണശേഷം ഉത്ഥാനമുണ്ടെന്നും നമ്മുടെ ആത്മാവ് അനശ്വരമാണ് എന്നുമുള്ള ദൈവികവെളിപ്പെടുത്തലാണ് ഉത്ഥിതനായ മിശിഹാ നമുക്കു നല്‍കുന്നത്.

ആദ്യവായനയായ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ദൈവഹിതത്തിനു വിധേയപ്പെട്ടു ജീവിക്കുന്ന മനുഷ്യരുടെമേല്‍ ദൈവം ചൊരിയുന്ന ദിവ്യമഹത്വത്തിന്റെ സൂചനകളാണ് വായിച്ചുകേട്ടത്. രണ്ടാം വായനയായ സാമുവല്‍ പ്രവാചകന്റെ ഒന്നാം പുസ്തകം ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച ഹന്നായുടെ ജീവിതസാക്ഷ്യമാണ് പങ്കുവയ്ക്കുന്നത്. പുതിയനിയമത്തിലേക്കു കടന്നുവരുമ്പോള്‍ പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നത് മരണത്തെ വിജയിച്ച യേശുവിനെ അനുകരിക്കാനാണ്.

പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തില്‍ ദൈവവും ദൈവിക അനുഭവങ്ങളും നഷ്ടപ്പെടുമ്പോഴാണ് ദുഃഖവെള്ളികള്‍ ഉണ്ടാകുന്നത്. അങ്ങനെ ദുഃഖവെള്ളികള്‍ ഉണ്ടാകുമ്പോള്‍ നിരാശരാകാതെ യേശുവിന്റെ ഉത്ഥാനത്തിലേക്ക് കണ്ണുകളുയര്‍ത്താന്‍ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നു.

കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രാരംഭത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തി സ്‌പെയിന്‍ ആയിരുന്നു. സ്‌പെയിനിന്റെ അതിര്‍ത്തി ജിബ്രാള്‍ട്ടര്‍ കടലിടുക്കാണ്. അതിനപ്പുറം നോക്കെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന അറ്റലാന്റിക് സമുദ്രമാണ്. സ്‌പെയിനിന്റെ ഔദ്യോഗികമുദ്രയായി ജിബ്രാള്‍ട്ടര്‍ കടലിടുക്കിനെ ചിത്രീകരിച്ച നാണയങ്ങളില്‍ ‘Nibil Vitra’ അപ്പുറത്ത് ഒന്നുമില്ല എന്ന് മുദ്രണം ചെയ്തിരുന്നു. കരകാണാകടലിനപ്പുറം ഒന്നുമില്ല എന്ന് അവര്‍ നൂറ്റാണ്ടുകളായി വിശ്വസിച്ചിരുന്നു. എന്നാല്‍ 1492-ല്‍ സാന്താ മരിയ എന്ന കപ്പലില്‍ കൊളമ്പസ് അമേരിക്കയില്‍ പോയി തിരിച്ചുവന്നതോടെ സ്‌പെയിന്‍കാര്‍ക്കു മനസ്സിലായി, കടലിനപ്പുറത്ത് ശൂന്യതയല്ല മറ്റൊരു ലോകമുണ്ട് എന്ന്. അവര്‍ നാണയങ്ങളിലെ മുദ്രണം തിരുത്തി ‘Plus not Pius’ അപ്പുറത്ത് പലതുമുണ്ട്. മരണമെന്ന കരകാണാക്കടലിലേക്ക് ഇറങ്ങിയവരാരും തിരിച്ചുവന്നിട്ടില്ലാത്തതിനാല്‍ മനുഷ്യന്‍ വിചാരിച്ചു, മരണത്തിനപ്പുറത്ത് ഒന്നുമില്ല ശൂന്യത മാത്രമേയുള്ളൂ. എന്നാല്‍ മരണത്തിന്റെ മറുകരയില്‍നിന്ന് നിത്യജീവന്റെ തീരത്തേയ്ക്കുള്ള വഴിതുറന്ന് ഈശോ ഉത്ഥാനം ചെയ്തപ്പോള്‍ സ്‌നേഹം നിറഞ്ഞവരേ, ശിഷ്യസമൂഹത്തിനു ബോധ്യമായി ഈ കാണുന്ന ലോകത്തിനു, മരണത്തിനപ്പുറത്തേക്ക് പലതുമുണ്ട് എന്ന്.

നമ്മുടെ ജീവിതം ഈ ലോകത്തില്‍ അവസാനിക്കുന്നതല്ല. മറിച്ച് ഉത്ഥാനത്തിലൂടെ അനശ്വരമായ ആത്മാവില്‍ തുടരുന്ന ഒരു ദൈവികപ്രവൃത്തിയാണ്. അതിനാല്‍ ഈ ലോകത്തിന്റെ നശ്വരതയില്‍ അഭയം കണ്ടെത്താതെ നിത്യജീവിതത്തിന്റെ (പരലോകത്തിന്റെ) അനശ്വരതയെ ലക്ഷ്യംവച്ചുകൊണ്ട് ജീവിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ദൈവമക്കളായ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ഈ ലോകത്തിന്റെ മോഹനവാഗ്ദാനങ്ങളില്‍ പ്രത്യാശയര്‍പ്പിക്കാതെ ദൈവികവാഗ്ദാനമായ ഉത്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നല്ല നാളെയെ സ്വപ്നം കാണാന്‍ നമുക്കെല്ലാവര്‍ക്കും പരിശ്രമിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ഡീക്കന്‍ ജെറിന്‍ കിളിയന്തറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.