ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങള്‍

സംഗീതം ഒരാളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഏറ്റവും മികച്ച മാധ്യമങ്ങളില്‍ ഒന്നാണ്. ഒരാളുടെ ഉള്ളിലേക്ക് കടന്നു ചെന്ന് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നല്ല ഗാനങ്ങള്‍ക്ക് സാധിക്കും. നിരാശ നിറഞ്ഞ ജീവിതങ്ങളെ പ്രത്യാശയിലെയ്ക്ക് കൊണ്ടുവരുവാന്‍ ആത്മീയമായ ഗാനങ്ങള്‍ സഹായിക്കും.

ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നത് കൊണ്ട് ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, നേട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം:

1 . വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു

ഭക്തിഗാനങ്ങള്‍ കേള്‍വിക്കാരനെ അവരുടെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നു. വിശ്വാസ സംബന്ധമായ മൂല്യങ്ങളില്‍ വളരുന്നതിനും അത് മറ്റുള്ളവരിലേയ്ക്ക് എത്തിക്കുന്നതിനും ഭക്തിഗാനങ്ങള്‍ ഒരാളെ സഹായിക്കുന്നു.

2 . ആത്മാവിനെ പ്രചോദിപ്പിക്കുന്നു 

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കേള്‍വിക്കാരില്‍ ആത്മീയമായ ഒരു ഉണര്‍വ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഞാന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് മനസിലാക്കുന്നതിനും ദൈവത്തിന്റെ പ്രിയപ്പെട്ടവരായി ജീവിക്കുക തങ്ങളുടെ കടമയാണെന്നും ഭക്തിഗാനങ്ങള്‍ ഒരാളെ ഓര്‍മപ്പെടുത്തുന്നു. ആത്മാവിനും ശരീരത്തിനും ഉന്മേഷം നല്‍കികൊണ്ട് ഒരാളുടെ ജീവിതത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു.

3 . ശരീരത്തെ ശാന്തമാക്കുന്നു 

ആത്മീയമായ ഗാനങ്ങള്‍ പൊതുവേ ശാന്തമായതും മനസിനെ ശാന്തമാക്കുന്നതും ആണ്. അത് ശരീരത്തെ റിലാക്സ് ചെയ്യുവാന്‍ സഹായിക്കുന്നു. ജോലിയേയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള ആകുലതകള്‍ മറക്കുവാനും സ്വസ്ഥമാകുവാനും ഭക്തിഗാനങ്ങള്‍ സഹായിക്കും.

4 . മാനസികമായ ആരോഗ്യം നിലനിര്‍ത്തുന്നു

ഭക്തിഗാനങ്ങള്‍ക്ക് ഒരു മനുഷ്യന്റെ മനസിനെ സ്വാധീനിക്കുവാന്‍ ശക്തിയുണ്ട്. അസ്വസ്ഥമായ മനസിനെ ശാന്തമാക്കുവാനും നിരാശയില്‍ കഴിയുന്നവരെ പ്രത്യാശയിലേയ്ക്ക് കരേറ്റുവാനും ഒപ്പം സഞ്ചരിക്കുന്ന  ദൈവത്തിന്റെ സാന്നിധ്യം മനസിലാക്കുവാനും ഭക്തിഗാനങ്ങള്‍ക്ക് കഴിയും. ഒപ്പം സങ്കടത്താലും ദുഖത്താലും  വലയുന്ന മനസുകള്‍ക്ക് സമാധാനം പ്രദാനം ചെയ്യുന്നതിലും ഭക്തിഗാനങ്ങള്‍ക്ക് നല്ല പങ്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.