പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള വണക്കം കൂടുതൽ അനുഗ്രഹപ്രദമാക്കാന്‍

കത്തോലിക്കാ സഭ ഓരോ മാസവും ഓരോ വിശുദ്ധരുടെ ഓര്‍മ്മയ്ക്കും സ്മരണയ്ക്കും അവരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടാനുമായി സമര്‍പ്പിച്ചിരിക്കുകയാണ്. ആഗസ്റ്റ് മാസം പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനായി സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള ആദരവും ഭക്തിയും പ്രഘോഷിക്കുന്നതിനും അമ്മയുടെ തിരുനാള്‍ ഏറ്റവും ഭക്തിയോടെ ആചരിക്കുന്നതിനുമായി ചില പ്രധാന കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം..

1. കാശുരൂപം ധരിക്കാം

പരിശുദ്ധ മറിയത്തിന്റേതായി ഒരു കാശുരൂപം ശരീരത്തില്‍ ഇതുവരെ ധരിച്ചിട്ടില്ലെങ്കില്‍ ഉടന്‍തന്നെ പരിശുദ്ധ അമ്മയുടെ ഒരു കാശുരൂപം വാങ്ങി ധരിക്കാം. അതുപോലെ ഒരു ജപമാല എപ്പോഴും കൂട്ടത്തില്‍ ഉണ്ടായിരിക്കാനും ഉത്തരീയം ധരിക്കാനും ശ്രദ്ധിക്കാം.

2. പരിശുദ്ധ അമ്മയുടെ രൂപം പ്രതിഷ്ഠിക്കാം

പരിശുദ്ധ മാതാവിന്റെ ചിത്രമോ രൂപമോ വാങ്ങി വീടിന്റെ പ്രധാനഭാഗത്ത് പ്രതിഷ്ഠിക്കാം. മാത്രമല്ല, പൂക്കള്‍ കൊണ്ട് അവിടമെല്ലാം അലങ്കരിക്കുകയും തിരി കത്തിച്ച് വയ്ക്കുകയും മറ്റും ചെയ്യാം.

3. കുട്ടികളെയും പങ്കെടുപ്പിക്കാം

മാതാവിന്റെ ചെറിയ ചിത്രങ്ങളും കാര്‍ഡുകളും കുട്ടികളെക്കൊണ്ട് നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിച്ച്, അവ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൊടുക്കാന്‍ പറയാം.

4. ആദ്യശനി ആചരണത്തിന് തുടക്കമിടാം

ആദ്യശനി ആചരണം മാതാവിന്റെ വിമലഹൃദയത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ഫാത്തിമാ മാതാവ് പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുള്ളതാണ് തന്റെ വിമലഹൃദയത്തോടുള്ള ഭക്തി. ആദ്യശനി ആചരണത്തിന് തുടക്കം കുറിക്കാനുള്ള അവസരമായി ഇതിനെ കണക്കാക്കാം.

5. ഫാത്തിമാ മാതാവിന് സ്വയം സമര്‍പ്പിക്കാം

അനുദിനം പ്രഭാതത്തില്‍ തന്നെ മാതാവിന് സ്വയം സമര്‍പ്പിക്കാനുള്ള ഒരു പ്രാര്‍ത്ഥന ഇതാ… ഈശോയുടെ തിരുരക്തമേ, ഞങ്ങളെ രക്ഷിക്കണമേ. മാതാവിന്റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.

6. വിശുദ്ധ ഗ്രന്ഥം വായിക്കാം

നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുമെന്നാണ് വി. ലൂക്കായുടെ സുവിശേഷം 2-ാം അധ്യായം 35-ാം വാക്യത്തില്‍ പരിശുദ്ധ ദൈവമാതാവിനെക്കുറിച്ച് ശിമയോന്‍ പ്രവചിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സുവിശേഷത്തില്‍ പരിശുദ്ധ ദൈവമാതാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ പ്രത്യേകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം.

7. പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം

മാതാവിന്റെയും അതുവഴിയായി ഈശോയുടെയും തിരുഹൃദയത്തിന് സമര്‍പ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വിശുദ്ധ കുര്‍ബാന തന്നെയാണ്. സാധിക്കുന്ന ദിവസങ്ങളിലെല്ലാം ബലിയില്‍ പങ്കെടുത്തു കൊണ്ട് ഈശോയുടെയും പരിശുദ്ധ അമ്മയുടെയും അനുഗ്രഹം തേടാം.