മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം

മനുഷ്യക്കടത്ത് വിരുദ്ധ ലോകദിനം ജൂലൈ 30-ന് ആചരിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം, ഇത്തരത്തിലുള്ള ആഗോളപ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും നിവാരണോപാധികള്‍ വര്‍ദ്ധമാനമാക്കുകയുമാണ്.

മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവരില്‍ 23 ശതമാനവും പെണ്‍കുട്ടികളും യുവതികളുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ, ശിശുക്ഷേമനിധിയുടെ – യുണിസെഫിന്‍റെ (UNICEF) പഠനം വെളിപ്പെടുത്തുന്നു. യൂറോപ്പില്‍ കൂടുതലും ലൈംഗിക ചൂഷണമാണ് മനുഷ്യക്കടത്തിന്‍റെ ലക്ഷ്യമെന്നും പഠനം വെളിപ്പെടുത്തുന്നു.

ദശലക്ഷക്കണക്കിന് ആളുകളാണ് മനുഷ്യക്കടത്തുകാരുടെ കെണിയില്‍ പെടുന്നതെന്നും, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മനുഷ്യക്കടത്തിന് ഇരകളായവരുടെ സംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, മയക്കുമരുന്നിനെയും കുറ്റകൃത്യങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന യുഎന്‍ഡിഒസി (UNDOC) വെളിപ്പെടുത്തി.

മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവരുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള നടപടികള്‍ക്കാണ് ഈ സംഘടന ഇക്കൊല്ലം ഊന്നല്‍ നല്കുന്നത്.