കാന്റൻബറിയുടെയും വത്തിക്കാന്റെയും ബന്ധം ഏറ്റവും മികച്ചതാണ്: ആംഗ്ലിക്കൻ പ്രതിനിധി

കാന്റൻബറിയുടെയും വത്തിക്കാൻറെയും ബന്ധം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണ് എന്ന് റോമിലെ ആംഗ്ലിക്കൻ സെന്ററിലെ പുതിയ ഡയറക്ടർ ബെർണാഡ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് റോമിലെ ആംഗ്ലിക്കൻ സെന്ററിലെ പുതിയ ഡയറക്ടർ ആയി ബെർണാഡ് സ്ഥാനമേറ്റത്.

റോമില്‍ എത്തിയ അദ്ദേഹം ഒരുമാസം കഴിഞ്ഞ് ഫ്രാൻസീസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇറ്റലിയിൽ വന്നതിന് ശേഷം ഉള്ള ഏറ്റവും അവിസ്മരണീയമായ നിമിഷമായിരുന്നു അത് എന്ന് അദ്ദേഹം പറഞ്ഞു.

“പാപ്പാ ഒരു യഥാർത്ഥ മനുഷ്യനാണ്, അദേഹം നമ്മളെ സ്വാഗതം ചെയ്യുമ്പോൾ ജനത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനുമായി നിങ്ങൾ ഇടപഴകുകയാണെന്നു തോന്നും.  ഒരേ സമയം തന്നെ കർത്താവിനെയും ജനത്തെയും സ്നേഹിക്കുന്ന ആളാണ് പാപ്പ” എന്നും ആംഗ്ലിക്കൻ സെന്ററിന്റെ (റോം) ഡയറക്ടർ  ബെർണാഡ് പറഞ്ഞു.

ഇപ്പോൾ ബെർണാഡിന്റെ ജീവിതം പൂർണ്ണമായും റോമിലേക്ക് മാറ്റിയിരിക്കുകയാണ്. വിഭജിക്കപ്പെട്ട ലോകത്തിലെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ  പ്രധാന ലക്ഷ്യം.

ബുറുണ്ടിയിൽ ജനിച്ചു വളർന്ന അദ്ദേഹം ഉഗാണ്ടയിലെ തിയോളജി പഠനത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് താമസം മാറി. പിന്നിട് ബുറുണ്ടിയിലേക്ക് ആർച്ച് ബിഷപ്പായി അദ്ദേഹം മടങ്ങിയെത്തി. അവിടെ അദ്ദേഹം രാജ്യത്തെ ഗവൺമെന്റിന്റെയും വിമതരുടെയും ഇടയിലെ മധ്യസ്ഥനായിരുന്നു. രാജ്യത്തിന്റെ ഭാവിയിൽ പ്രതീക്ഷകൾ വീണ്ടെടുക്കുന്നതിനായി നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞതായി തോന്നുന്നു എന്നദ്ദേഹം പറഞ്ഞു. പല വ്യത്യാസങ്ങളും വിദ്വേഷവും ഉള്ളവരെപ്പോലും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് പുതിയൊരു അനുഭവമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.