അഭ്യൂഹങ്ങള്‍ക്ക് വിരാമം! വിവാഹിതര്‍ക്ക് പൗരോഹിത്യമില്ലെന്ന് വ്യക്തമാക്കി ആമസോണ്‍ സിനഡാനന്തര രേഖ

ആമസോണ്‍ ഡിനഡ് 2019 ന്റെ സിനഡാന്തര രേഖ പുറത്തുവന്നപ്പോള്‍ കത്തോലിക്കാ ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന കാര്യങ്ങള്‍ക്ക് വ്യക്തത വന്നിരിക്കുകയാണ്. ആമസോണ്‍ മേഖലയില്‍ വിവാഹിതരായവരെ പുരോഹിതരായി അഭിഷേകം ചെയ്യുന്ന കാര്യം പരിഗണിക്കാമെന്ന സിനഡ് തീരുമാനം പാപ്പാ ഒഴിവാക്കി എന്ന് വ്യക്തമാക്കിയാണ് ‘ക്വേറിക ആമസോണിയ’ എന്ന പേരിലുള്ള രേഖ പുറത്തുവിട്ടിരിക്കുന്നത്.

24 പേജുള്ള രേഖയില്‍ പൗരോഹിത്യ വിശുദ്ധിയെ കുറിച്ചു പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധ ദിവ്യകാരുണ്യത്തെ ഏറ്റവും വിലമതിക്കണമെന്നും ലോകമെമ്പാടും പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ മേഖലകളില്‍ കൂടുതല്‍ ദൈവവിളി ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും അതില്‍ തന്നെ മിഷനറിമാരാവാന്‍ അനേകര്‍ സന്നദ്ധരാകേണ്ടതിന് കൂടുതല്‍ പ്രാര്‍ത്ഥനയും പ്രചോദനവും നല്‍കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സുവിശേഷവത്കരണം, പ്രകൃതിസംരക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സിനഡാനന്തര രേഖയില്‍ ചര്‍ച്ചയാകുന്നു. ലത്തീന്‍ സഭയില്‍ വൈദികരാകുന്നവര്‍ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിര്‍പ്പാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേയും വ്യക്തമാക്കിയിരുന്നു. ‘പൗരോഹിത്യ ബ്രഹ്മചര്യം മാറ്റുന്നതിനെക്കാള്‍ എന്റെ ജീവന്‍ നല്‍കാന്‍ തയ്യാറാണ്’ എന്ന പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞ അതേ വാചകങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും ആവര്‍ത്തിച്ചിരുന്നു.

2019 ഒക്ടോബര്‍ ആറാം തീയതി മുതല്‍ ഇരുപത്തിയഞ്ചാം തീയതി വരെയായിരുന്നു റോമില്‍ ആമസോണ്‍ സിനഡ് സമ്മേളിച്ചത്. സിനഡാനന്തര രേഖയിലൂടെ ആമസോണ്‍ മേഖലയില്‍ വൈദിക ബ്രഹ്മചര്യ നിയമത്തിന് എന്തെങ്കിലും ഇളവ് നല്‍കുമോ എന്നതായിരുന്നു കത്തോലിക്കാ ലോകം പ്രധാനമായും ഉറ്റു നോക്കിയിരുന്നത്.

പ്രസ്തുത നിയമത്തിന് ഇളവനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആരാധനയ്ക്കും, കൂദാശകള്‍ക്കുമായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സേറ, എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ ചില വിശകലനങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത് എഴുതിയ ‘ഫ്രം ദി ബോട്ടം ഓഫ് ഔര്‍ ഹേര്‍ട്ട്‌സ്’ എന്ന പുസ്തകവും സിനഡിനുശേഷം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.