ആൽഫയും ഒമേഗയും

ക്രിസ്തീയ ദൈവശാസ്ത്രത്തിലും കലയിലും സവിശേഷമായ രീതിയിൽ ശ്രദ്ധ നേടിയ രണ്ടു ഗ്രീക്ക് അക്ഷരങ്ങളാണ് ആൽഫയും (Α) ഒമേഗയും (Ω).

ഈ രണ്ട് അക്ഷരങ്ങൾക്കും ക്രിസ്തുമതത്തിൽ പുരാതനമായ ഒരു ചരിത്രമുണ്ട്. ഇവ രണ്ടിനും വെളിപാടിന്റെ പുസ്തകത്തിൽ അടിസ്ഥാനം കാണാൻ കഴിയും, “ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനുമായ കർത്താവായ ദൈവം അരുളിചെയ്യുന്നു: ഞാൻ ആദിയും അന്തവുമാണ്” (വെളിപാട് 1:8). പിന്നീട് വെളിപാടു പുസ്തകത്തിൽ തന്നെ ഈശോ തന്നെത്തന്നെ സൂചിപ്പിക്കാൻ ഈ പദസമുച്ചയം ഉപയോഗിക്കുന്നു, “ഞാൻ ആൽഫയും ഒമേഗയുമാണ് ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ അരുവിയിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും. വിജയം വരിക്കുന്നവനു ഇതെല്ലാം അവകാശമായി ലഭിക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനുമായിരിക്കും”(വെളിപാട് 21:6-7).

ഒരു അധ്യായത്തിനു ശേഷം ഈശോ പറയുന്നു, “ഞാൻ ആൽഫയും ഒമേഗയുമാണ് ഒന്നാമനും ഒടുവിലത്തേവനും, ആദിയും അന്തവും” ( വെളിപാട്  22:12). അതിനാൽ ക്രൈസ്തവ മതത്തിന്റെ ആരംഭം മുതൽ ഗ്രീക്ക് ഭാഷയിലെ ആദ്യത്തെതും അവസാനത്തേതുമായ അക്ഷരങ്ങൾ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ ഉറപ്പിച്ചു പറയാൻ ഉപയോഗിച്ചിരുന്നു. ആദിമ ക്രൈസ്തവർ യേശുവിനെ സൂചിപ്പിക്കുന്ന ചിത്രാക്ഷര മുദ്രയായി ഈ അക്ഷരങ്ങൾ ക്രിസ്തീയ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ക്രിസ്തീയ കലയിൽ ഉപയോഗിക്കാൻ തുടങ്ങിയ ഈ അക്ഷരങ്ങൾ ഇന്നും തുടരുന്നു.

ഇതു കൂടാതെ ഈ രണ്ട് ഗ്രീക്ക് അക്ഷരങ്ങൾക്കു പുരാതന യഹൂദ ദൈവ സങ്കല്പങ്ങളുമായി ഒരു ബന്ധം കണ്ടെത്താൻ കഴിയും.

കത്തോലിക്കാ എൻസൈക്ലോപീഡിയാ അനുസരിച്ച് “സത്യത്തിനുള്ള ഹെബ്രായ വാക്ക് എമത് (Emeth) എന്നാണ്, ഇതു മൂന്നു അക്ഷരങ്ങളാലാണ് രൂപീകൃതമായിരിക്കുന്നത്: ആലപ്പ് (Aleph=Alpha), മേം (Mem=My), താവ് (Thaw=Theta). ആൽഫയും ഒമേഗയും പോലെ ഹെബ്രായ ഭാഷയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ് ആലപ്പും താവും. അതിനാൽ എമത് എന്ന ഹെബ്രായ പദം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ അക്ഷരങ്ങൾ കൊണ്ടാണ്. പ്രാചീന യഹൂദ പണ്ഡിതന്മാർ ഇതിൽ ഒരു ദൈവ സങ്കല്പം കണ്ടിരുന്നു.

എമത് എന്ന വാക്കിലെ ആദ്യാക്ഷരമായ ആലപ്പ് എല്ലാത്തിന്റെയും ആരംഭമായ ദൈവത്തെ സൂചിപ്പിക്കുന്നു. സത്യത്തിന്റെ പൂർണ്ണത സ്വീകരിച്ച ആരും അവനു മുമ്പുണ്ടായിട്ടില്ല. താവ് അഥവാ ഹെബ്രായ ഭാഷയിലെ അവസാനത്തെ അക്ഷരം ദൈവമാണ് എല്ലാത്തിന്റെയും അവസാനം എന്നാണ് അർത്ഥമാക്കുക. അടുത്ത തവണ ഈ രണ്ടക്ഷരങ്ങൾ (Α, Ω), കാണുമ്പോൾ നമ്മളെ സ്വതന്ത്രരാക്കാൻ കഴിയുന്ന യേശുവാകുന്ന സത്യത്തെപ്പറ്റി ചിന്തിക്കുവിൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.