ആഫ്രിക്ക എന്റെ സ്വർഗ്ഗം: 5

ലാസലെറ്റ് സഭാംഗം ആയ ഫാ. ദിലീഷ് പൊരിയംവേലില്‍ തന്റെ ആഫ്രിക്കൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഇസ്രായേൽ ഭവനമേ കുശവന്റെ കയ്യിലെ കളിമണ്ണു പോലെയാണ് എന്റെ കൈയിൽ നിങ്ങൾ (ജറെമിയാ18: 6 ). കുശവൻ തന്റെ കയ്യിലെ കളിമണ്ണുകൊണ്ട് തന്റെ മനസിനിണങ്ങിയ രൂപങ്ങളുണ്ടാക്കുന്നു. കുശവന്റെ ഇഷ്ടത്തിനനുസരിച്ചുള്ള പാത്രമാകുന്നതുവരെ ഉടച്ചുവാർക്കലുകൾ അനിവാര്യമാണ്. ശേഷം വെയിലിലും തീച്ചൂളയിലും വെന്ത് പാകമായി തണുക്കണം. അപ്പോൾ അനേകം ആവശ്യങ്ങൾക്കുപയോഗിക്കുവാനാകുന്ന തരത്തിലുള്ള പാത്രമായി രൂപപ്പെടും. എന്നാൽ പിന്നീടു പലപ്പോഴായി തീയിലും വെള്ളത്തിലും മഞ്ഞിലുമൊക്കെയായി കടന്നു പോകേണ്ടിവരുമ്പോൾ നിനക്ക് ജീവിതത്തെ സമചിത്തതയോടെ മുന്നോട്ട് കൊണ്ടു പോകുവാനും പൊട്ടിപ്പോകാതിരിക്കുവാനും സാധിക്കും, കുശവന്റെ ഇഷ്ടാനുസരണമാണ് നീ കടന്നു പോയത് എങ്കിൽ. ദൈവത്തിന്റെ കയ്യിലെ കളിമണ്ണാണ് മനുഷ്യരായ നാമോരോരുത്തരും. ദൈവവും അതുപോലെ നമ്മെ ദൈവ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്തുന്നു. ക്രിസ്തുവാണ് നിന്നെ രൂപപ്പെടുത്തിയത് എങ്കിൽ, ക്രിസ്തുവിലാണ് നീ രൂപപ്പെട്ടത് എങ്കിൽ, നിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന സഹനങ്ങൾക്കും, ഇല്ലായ്മകൾക്കും, നഷ്ടങ്ങൾക്കും നിന്നെ തകർക്കുവാനാവില്ല.

അനുദിന ജീവിതത്തിലെ സഹനങ്ങൾ നാളെകളിലേക്കുള്ള തിരുപ്പാഥേയമാണ്, അതിനെ ഒരിക്കലും വേണ്ട എന്നു പറയരുത് മറിച്ച് സഹനങ്ങളിലുള്ള നന്മകൾ തിരിച്ചറിഞ്ഞ് സന്തോഷത്തോടെ അവയെ സ്വീകരിക്കുക. ഇന്നു നാമെല്ലാവരും പരാതികളുടെയും, കുറവുകളുടെയും, അകൃത്യങ്ങളുടെയും, നിരാശയുടെയും ഇടയിൽ ജീവിക്കുന്നവരാണ്. ജനതകൾക്ക് പ്രത്യാശയായി, വെളിച്ചമായി, ഈശോ കടന്നുവന്നു അതുപോലെ യേശു നല്കുന്ന വെളിച്ചം മറ്റുള്ളവർക്ക് പകർന്നു നല്കുക ക്രിസ്തുശിഷ്യന്റെ കടമയാണ്.

എത്ര പെട്ടന്നാണ് ദിവസങ്ങൾ കടന്നു പോവുക. ഒരാഴ്ച കടന്നു പോയതറിഞ്ഞില്ല. ആദ്യമായി ടൗണിലെത്തിയപ്പോൾ കുറച്ചു ഷോപ്പിംഗ് നടത്തി. ഒത്തിരിയേറെ സാധനങ്ങൾ വാങ്ങണമെന്നുണ്ട് എന്നാൽ പലതും ലഭ്യമല്ല ഉള്ളതിന് വലിയ വിലയും കൂടെ ഭാഷയും പരിചയമായി വരുന്നതേ ഉള്ളൂ. പല സാധനങ്ങളും സെക്കൻറ് ഹാന്റ് ആയാണ് ലഭിക്കുക. നമ്മുടെ നാട്ടിൽ എനിക്കൊന്നുമില്ല എന്നു പറഞ്ഞു കരയുന്നവർ ഇവിടെയെത്തിയാൽ ഒരു ദിവസം പോലും ഇവിടെ ഉറങ്ങുകയില്ല, ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടുവാനാവാതെ കൂടുതൽ നിരാശയിലേക്ക് പതിക്കുകയും ചെയ്യും. ഇവിടെ വന്നപ്പോൾ മുതൽ ശ്രദ്ധിച്ച കാര്യമാണ് എല്ലാവരുടെയും കാലിൽ നല്ല പോളിഷു ചെയ്ത കറുത്ത ഷൂ. വൈദീകർ മാത്രമല്ല ആണുങ്ങളെല്ലാവരും ഷൂ ധരിച്ചാണ് പുറത്തിറങ്ങുക. എന്നാൽ എനിക്കു മാത്രം ഷൂ ഇല്ലായിരുന്നു.

നാട്ടിൽ എപ്പോഴും 11 ഇഞ്ചിന്റെയോ 12 ഇഞ്ചിന്റെയോ വള്ളിച്ചെരുപ്പിട്ടു നടന്ന ഞാൻ റോമിൽ പോകുന്നതിനു മുന്നോടിയായി ഷൂ അന്വേഷിച്ചിറങ്ങി. ബത്തേരിയിലും മാനന്തവാടിയിലും കിട്ടാതെ ഞാൻ ബാംഗ്ലൂർ എത്തി ബാറ്റയുടെ കമ്പനിയിലും ചെന്നു എന്നാൽ എന്റെ ചെറിയ കാലിനു പറ്റിയ കറുത്ത ഫോർമൽ ഷൂ എവിടെയും കിട്ടാനില്ല. അവസാനം ഒരു സ്പോർട്സ് ഷൂ വാങ്ങി അഡ്ജസ്റ്റ് ചെയ്തു റോമിലെത്തിയ ഞാൻ അവിടെയും കറുത്ത ഫോർമൽ ഷൂ അന്വേഷിച്ചു. പക്ഷെ ആഫ്രിക്കയിൽ ചെന്നു വാങ്ങാം എന്ന പ്രത്യാശയിലേക്കെത്തേണ്ടി വന്നു എനിക്ക്. ഞാൻ എന്റെ അന്വേഷണം ഇവിടെയും തുടർന്നു. എന്നാൽ നേരത്തെ ഇതൊരു ശീലമായതുകൊണ്ട് ( പലപ്പോഴും റെഡിമെയ്ഡ് പാന്റും പ്രത്യേകിച്ച് ഇറക്കമുള്ളതും കാലിൽ പാകമാകുന്ന ചെരുപ്പും കിട്ടാറില്ല) പല കടകളിൽ കയറിയിറങ്ങി അവസാനം ഒരു കടയിൽ പറഞ്ഞേൽപ്പിച്ചു. പിന്നീട് ബിഷപ് ഡെസിഡേരിയൂസ് റുവോമയെ കാണുവാനായി പോയി.

ആദ്യമായി ബുക്കോബ എയർപോർട്ടിലെത്തിയപ്പോൾ തന്നെ എയർപോർട്ടിന്റെ ഉള്ളിലേക്ക് വന്നു ഞങ്ങളെ സ്വീകരിച്ച ബിഷപ്പുമാർ ആദ്യം ഞങ്ങളുടെ പെട്ടികളെടുത്തുവയ്ക്കുക്കുന്നതിനു സഹായിച്ചു. പിന്നീട് ഞങ്ങളുടെ ഡ്രൈവറായി മാറുന്ന കാഴ്ച കൗതുകമുളവാക്കി. ബിഷപ്പിന് ഡ്രൈവർ ഉണ്ട് എങ്കിലും ഞങ്ങളെ സ്വീകരിക്കാൻ വന്നപ്പോൾ ഡ്രൈവറെ കൂട്ടിയിരുന്നില്ല. ഭക്ഷണത്തിനായി ഞങ്ങളെ വിളിച്ച മെത്രാൻ ആതിഥ്യമര്യാദ കൊണ്ട് മാതൃകയായി. രണ്ടു ബിഷപ്പുമാരും എളിമയുടെ മാതൃകയായിരുന്നു. ഞങ്ങൾക്ക് വിളമ്പിത്തരുകയും കൂടെയിരുന്നു ഭക്ഷിക്കുകയും തമാശയും കാര്യങ്ങളുമൊക്കെപ്പറഞ്ഞതും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞങ്ങളെ സഹായിച്ചു. ബിഷപ്പുമാരായിരുന്നു ഞങ്ങളെ റുട്ടേറ്റയിലെത്തിച്ചത് അതിനു ശേഷം നടന്ന സ്വീകരണ പരിപാടിയും കുർബാനയും അതിനു ശേഷമുള്ള പ്രോഗ്രാമും ഒത്തിരിയേറെ നീണ്ടുപോയെങ്കിലും എല്ലാത്തിനും ചുക്കാൻ പിടിക്കാൻ അവരുണ്ടായിരുന്നു അതിനു ശേഷം എല്ലാവരുമൊരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഏകദേശം മൂന്നുമണി ആയിരുന്നു. അപ്പോഴേക്കും എനിക്ക് വിശപ്പ് അതിന്റെ ഉച്ഛസ്ഥായിലെത്തിയിരുന്നു. എന്നാൽ ബിഷപ്പുമാരുടെ മുഖത്ത് അതിന്റെ വിഷമമൊന്നും കണ്ടില്ല മറിച്ച് ഊർജ്ജസ്വലതയോടെയുള്ള അവരുടെ പ്രവർത്തനങ്ങൾ നാളെ ഇവിടെ സേവനം ചെയ്യുന്ന വൈദീകനെന്ന നിലയിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ നല്കി. ഇടവക ഏൽപ്പിക്കുന്ന ചടങ്ങിന്റെ കൂടെ 12 വിവാഹവും 234 മാമ്മോദീസയുമായിരുന്നു നടന്നത്. അതിൽ ഞങ്ങൾ 6 വൈദീകരാണ് 234 മാമ്മോദീസ നടത്തിയത്. സ്വാഹിലി ഭാഷക്ക് പകരം മാമ്മോദീസ ഫോർമുല മലയാളത്തിൽ ചെല്ലിക്കൊണ്ടാണ് ഞാൻ മാമ്മോദീസ മുക്കിയത്.

വളരെ ഹാർദ്ദവമായി ഞങ്ങളെ സ്വീകരിച്ച ബിഷപ്പ് അതിനു ശേഷം ഞങ്ങളെയും കൊണ്ട് താൻസാനിയയുടെ ലൂർദ്ദ് എന്നറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടുത്തെ തിരുനാളിന് പ്രധാന ദിവസം ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ വരുകയും പ്രാർത്ഥിക്കുകയും അവിടെ നിന്ന് വെള്ളം എല്ലാവരും കൊണ്ടുപോവുകയും ചെയ്യും. നാച്വറലായുള്ള ജലസ്രോതസായിരുന്നു അത് ഒരിക്കലും വറ്റുകയുമില്ല. അവിടെ വരുന്ന എല്ലാവരും ആ വെള്ളവുമായാണ് മടങ്ങുക. ഞങ്ങളും കുറച്ചു വെള്ളം കുടിച്ചു പ്രാർത്ഥിച്ചു തിരിച്ചു വന്നു.

തിരിച്ചു റുട്ടേറ്റയിലെത്തിയ ഞങ്ങളെയും കൊണ്ട് ബിഷപ്പ് കിലൈനി ഇവിടെയുള്ള കുറച്ച് ആദ്യകാല കൃസ്ത്യാനികളുടെ വീട്ടിൽ കൊണ്ടുപോയി. ഈശോയെ ദേവാലയത്തിൽ കാഴ്ചവച്ചപ്പോൾ ശിമയോനും അന്നയ്ക്കുമുണ്ടായ അനുഭവമാണ് ഇവിടെ വിശ്വാസം വളർത്തുന്നതിനു പരിശ്രമിച്ച ആ പ്രായമായ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ഉണ്ടായത്. ദേവാലയം പണിയുന്നതിനായി കല്ലുകൾ ചുമന്നപ്പോഴും പിൻതലമുറയ്ക്കായി വിശ്വാസം പകർന്നു നല്കിയപ്പോഴും അവരുടെ മനസിലെ സ്വപ്നമായിരുന്നു റുട്ടേറ്റ ഒരു ഇടവകയായതിനുശേഷം കണ്ണടയ്ക്കുക എന്നത്. ബിഷപ്പ് അവരുടെ ഇടയിൽ സേവനം ചെയ്തിരുന്നതിനാൽ ബിഷപ്പിനെ അവർക്കെല്ലാം വലിയ കാര്യമായിരുന്നു. അവിടെ നിന്നും പോരുമ്പോഴേക്കും വാഹനത്തിൽ കോഴിയും വാഴക്കുലകളും നിറഞ്ഞതിനാൽ ഇരിക്കുവാൻ ഞങ്ങളും കഷ്ടപ്പെട്ടു.

കുറവുകൾ ഉണ്ടായിരുന്നു എങ്കിലും തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തേക്ക് ദൈവജനത്തെ കൂട്ടിക്കൊണ്ട് പോയതുപോലെ ഞങ്ങളെയും പുതിയ സ്വർഗത്തിലേക്ക് അവിടുന്ന് വഴികാട്ടുകയായിരുന്നു. പോകുന്ന ഓരോ സ്ഥലത്തും എനിക്കു മുൻപേ എത്തി വഴിയൊരുക്കി കാത്തിരിക്കുന്ന ദൈവം, ആ കരുതൽ കൂടുതൽ ശക്തി നല്കി. ഒന്നും പ്രതീക്ഷിക്കാതെ എത്തിയതുകൊണ്ടായിരിക്കാം കിട്ടിയതിലെല്ലാം സന്തോഷിക്കുവാനും അതിലേറെ ദൈവീകസാന്നിധ്യം അനുഭവിക്കുവാനും സാധിച്ചു.

തത്വശാസ്ത്ര പഠനകാലത്ത് മദർ തെരേസ ബ്രദേഴ്സിന്റെ കൂടെ ജോലി ചെയ്തതും, പ്രത്യേകിച്ച് ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ കൂടെ പ്രവർത്തിച്ച സമയം അവരുടെ പ്രഭാതകൃത്യങ്ങൾ ചെയ്യുവാനും കുളിപ്പിക്കുവാനും ഭക്ഷണം കൊടുക്കുവാനുമൊക്കെ സഹായിച്ച് ഭക്ഷണത്തിനായി പോകുമ്പോൾ ആദ്യത്തെ രണ്ടു മൂന്നു ദിവസം ഭക്ഷണം കഴിക്കുവാൻ പോലും സാധിച്ചിരുന്നില്ല. പോസ്റ്റുലൻസി കാലയളവിൽ കാടിന്റെയുള്ളിൽ മിഷൻ പ്രവർത്തനത്തിനായി പോയതും, സ്വന്തമായി പാചകവും പ്രഭാതകൃത്യത്തിനായി പോകുവാൻ കാടു മാത്രം അതും കാട്ടുമൃഗങ്ങളെയും തോട്ടാപ്പുഴുക്കളെയും പേടിച്ചതും. ദൈവശാസ്ത്ര പഠനകാലത്തെ വില്ലേജിൽ താമസിച്ചതുമെല്ലാം പ്രത്യേകിച്ച് ജോലി ചെയ്ത് ഭക്ഷണം പാകം ചെയ്ത് ജനങ്ങളുടെ കൂടെയായിരുന്നു അവരുടെ ആവശ്യങ്ങളറിയാൻ പരിശ്രമിച്ചതുമെല്ലാം എന്നെ ഇവിടെ സഹായിക്കുകയായിരുന്നു. ഇന്നലെകളാണ് നമ്മെ ഇന്നത്തെ അവസ്ഥയിലേക്ക് രൂപപ്പെടുത്തുന്നതും നല്ല നാളെകളായി മാറാൻ നമ്മെ സഹായിക്കുന്നതും.

ഇസ്രായേൽ ജനത്തിന് തേനും പാലും ഒഴുകുന്ന കാനാൻ ദേശം സ്വന്തമാകുവാൻ അനുദിന സഹനങ്ങളിലൂടെ കടന്നു പോകേണ്ടിയിരുന്നു. എന്റെയും നിങ്ങളുടെയും ജീവിതത്തിൽ യഥാർത്ഥ സ്വർഗ്ഗം സ്വായത്തമാക്കുവാൻ ഇന്നിന്റെതായ വേദനകളിലൂടെ നീയും ഞാനും കടന്നു പോയേ മതിയാവൂ. തീയിലൂടെ കടന്നു പോയാണ് സ്വർണ്ണം ശുദ്ധീകരിക്കപ്പെടുക അതുപോലെ ശുദ്ധീകരിക്കപ്പെടുവാനായി സഹനമാവുന്ന തീച്ചൂളയിലൂടെയും ഇല്ലായ്മയിലൂടെയും സന്തോഷത്തോടെ കടന്നു പോകാം ആ സന്തോഷം നമ്മിൽ നിന്ന് എടുത്തുകളയുവാൻ ആർക്കും സാധ്യമല്ല.

ഫാ. ദിലീഷ് പൊരിയൻവേലിൽ MS

ലാസലെറ്റ് സഭാംഗം ആയ ദിലീഷ് പൊരിയംവേലില്‍ അച്ചന്റെ ആഫ്രിക്കൻ  അനുഭവ കുറിപ്പുകൾ തുടരും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.