റേഡിയോ ജോക്കിയായ വിനു ചെയ്ത വീഡിയോ ഒരാൾക്ക് ജീവനേകാൻ പോകുന്ന കഥ

മരിയ ജോസ്

ആയിരത്തിൽ ഒരുവനെപ്പറ്റിയുള്ളതല്ല, പതിനായിരത്തിൽ ഒരുവനാകുവാനുള്ള ഒരു കിടിലൻ ചാൻസുമായി പുറത്തിറങ്ങിയ ഒരു വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധേയമായിരുന്നു. സമ്മാനപദ്ധതികളിൽ പങ്കുചേരുവാനുള്ള പതിവ് ക്ഷണത്തിനു പകരം അമൽ സുകുമാരൻ എന്ന യുവാവിന്റെ കിഡ്‌നി ട്രാൻസ്പ്ലാന്റേഷനുവേണ്ടിയുള്ള പണം സ്വരൂപിക്കാനുള്ള  വ്യത്യസ്തമായ ക്ഷണം. പതിവ് ശോകഗാനങ്ങളുടെയും രോഗാവസ്ഥയുടെയും വിവരണങ്ങൾ ഇല്ലാതെ പോസിറ്റിവ് ആയ രീതിയിൽ നടന്ന ഈ ധനസമാഹരണ സാധ്യതയ്ക്കു പിന്നിൽ പ്രവർത്തിച്ചത് റേഡിയോ ജോക്കി കൂടിയായ വിനു കെ. ജോൺ എന്ന യുവാവാണ്. ശബ്ദസാധ്യതയ്ക്കുള്ളിലെ പുതിയ ആശയങ്ങളുടെ പിന്നിലെ വിശേഷങ്ങളുമായി ലൈഫ് ഡേ -യ്ക്ക് ഒപ്പം ചേരുകയാണ് വിനു കെ. ജോൺ.

അമലിനായി ചേപ്പനം ഗ്രാമം വീണ്ടും കൈകോർക്കുന്നു

എറണാകുളം ജില്ലയിലെ ചേപ്പനം സ്വദേശിയാണ് അമൽ സുകുമാരൻ. ഇരുപത്തിനാലുകാരനായ അമലിന്‌ രണ്ടുവർഷം മുമ്പ് കിഡ്‌നി രോഗം കണ്ടുപിടിക്കുകയും ഡയാലിസും മറ്റുമായി മുന്നോട്ട് പോകുകയുമായിരുന്നു. ആ സമയങ്ങളിൽ ചികിത്സയ്ക്കും മറ്റും പിരിവുകൾ നടത്തിയെങ്കിലും അതൊക്കെ ഡയാലിസിസിനു മാത്രമേ തികഞ്ഞിരുന്നുള്ളൂ. കൂടാതെ കിഡ്‌നി ട്രാൻസ്പ്ലാന്റേഷന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഏകദേശം പത്ത് ലക്ഷം രൂപയോളം ഇതിനു ചിലവ് വരുമായിരുന്നു. അതെങ്ങനെ നടക്കും എന്ന ആശങ്കയിലിരുന്നപ്പോഴാണ് കൊറോണയും ലോക് ഡൗണും വരുന്നത്. ലോക് ഡൗൺ ആയതോടുകൂടി സാമ്പത്തികമായി ഞെരുക്കത്തിലായ അമലിന്റെ കുടുംബത്തിന് ഡയാലിസിസിനുപോലും പണം കണ്ടെത്താൻ കഴിയാതെ വന്നു. ലോക് ഡൗൺ ആയതിനാൽ നാട്ടുകാരെല്ലാവരും തിരക്കൊഴിഞ്ഞു വീടുകളിലായിരിക്കുന്ന ഈ സമയത്താണ് അമലിന്റെ കാര്യം വീണ്ടും ചർച്ചയിൽ വരുന്നത്. തന്നെയുമല്ല സ്വസ്ഥമാകുമ്പോൾ ആണല്ലോ ചുറ്റുമുള്ളവരുടെ കാര്യങ്ങളിലേയ്ക്കും കൂടി ശ്രദ്ധ തിരിയുന്നത്. അതിനാൽ തന്നെ അമലിനുവേണ്ടി സഹായം കണ്ടത്തുവാനുള്ള ശ്രമങ്ങളും സീനിയറായ ചേട്ടന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ചു. അവർക്കൊപ്പം വിനുവും ഉണ്ടായിരുന്നു.

അമലിന്റെ പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രണ്ടു വർഷം മുമ്പ് ഉണ്ടായിരുന്നു. എന്നാൽ ആദ്യമൊക്കെ സഹായങ്ങൾ എത്തിയിരുന്നുവെങ്കിലും പതിയെ നിർജ്ജീവമായ അവസ്ഥയിലേയ്ക്ക് മാറിയ ആ ഗ്രൂപ്പിനെ തന്നെ സജീവമാക്കി കൂടുതൽ ആളുകളെ അതിലേയ്ക്ക് ആഡ് ചെയ്തു. അതിൽ അംഗമായ അജയൻ മുച്ചങ്ങത്ത് എന്ന വ്യക്‌തിയാണ് ആദ്യം 100 രൂപ ചലഞ്ച് എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത്. ഒരാൾ നൂറു രൂപ വീതം നൽകി സഹായിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ആദ്യഘട്ടം തുടങ്ങി. നാട്ടുകാരും പരിചയക്കാരും ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും പോസ്റ്റുകളും പോസ്റ്ററുകളും മറ്റും ഷെയർ ചെയ്തുതുടങ്ങി. നാട്ടുകാരുടെയും അവരുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയുമൊക്കെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി നിരവധി ആളുകൾ സഹായങ്ങൾ അയച്ചുതുടങ്ങി. സമൂഹ മാധ്യമങ്ങളുടെ അനന്ത സാദ്ധ്യതകൾ പരമാവധി പ്രചരണത്തിനായി ഉപയോഗിച്ചു. എന്നാല്‍ ആദ്യ സമയങ്ങളിൽ കിട്ടിയ തുകകൾ പിന്നീട് കുറഞ്ഞു തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞതോടെ ഫണ്ട് വരവ് ഗണ്യമായി കുറഞ്ഞു. തൊള്ളായിരം രൂപയൊക്കെ വന്ന ദിവസങ്ങളും ഉണ്ടായി. ഈ സമയം പത്തുലക്ഷം എന്ന ലക്ഷ്യം അതിന്റെ പാതിവഴിയിലേ എത്തിയിരുന്നുള്ളൂ.

വ്യത്യസ്തമായ ആശയത്തിലേയ്ക്ക്

ഫണ്ട് പിരിവ് തുടങ്ങിയ സമയം മുതലേ റേഡിയോ ജോക്കിയും പ്രോഗ്രാം പ്രൊഡ്യൂസറും ആയ തന്റെ സാധ്യതകളെ എങ്ങനെ ഈ ഒരു ധനസമാഹരണത്തിനായി പ്രയോജനപ്പെടുത്താൻ കഴിയും എന്ന ചിന്തയിലായിരുന്നു വിനു. വ്യത്യസ്തമായ ഒരു ചാരിറ്റി പ്രവർത്തനമായിരുന്നു വിനുവിന്റെ മനസ്സിൽ.  ശോകമൂകമായ അവതരണത്തിലൂടെ ആളുകളെ കരയിപ്പിക്കാതെ, ആകർഷകമായ രീതിയിൽ ആളുകൾ കണ്ടുകഴിഞ്ഞാൽ എന്താണെന്നു നോക്കത്തക്ക വിധത്തിൽ വ്യത്യസ്തമായ ഒരു വീഡിയോ ഉണ്ടാക്കണം. ഒപ്പം, അതു കണ്ടാൽ വിഷമത്തെക്കാൾ സഹായിക്കാനുള്ള ഒരു മനസ്ഥിതി ആളുകളിൽ ഉണ്ടാകണം. കൂടാതെ അനേകം ആളുകളിലേയ്ക്ക്‌ അത് എത്തിപ്പെടുകയും വേണം. ഇതായിരുന്നു വിനുവിന്റെ ഉദ്ദേശം. കാരണം പത്തു ലക്ഷത്തിലേയ്ക്ക് എത്താൻ ഇനിയും അനേകം ദൂരം സഞ്ചരിക്കേണ്ടിയിരുന്നു എന്നതു തന്നെയായിരുന്നു.

വീഡിയോയ്ക്കുള്ള ആശയങ്ങൾ കണ്ടെത്തിയ ശേഷം സ്ക്രിപ്റ്റ് തയ്യാറാക്കി. ശേഷം മീഡിയ വില്ലേജിലെ സൗണ്ട് എഞ്ചിനീയർ അനൂപ് ശിവ, വീഡിയോ എഡിറ്റർ ജോർജ്ജിൻ എന്നിവരുടെ സഹായത്താൽ വീഡിയോ പൂർത്തിയാക്കി. തുടർന്ന് വീഡിയോ ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ അനേകരിലേയ്ക്ക് എത്തിച്ചു. ചേപ്പനം ഗ്രാമത്തിലെ തന്നെ നൂറുകണക്കിന് ആളുകൾ ഈ വീഡിയോ ഫേസ് ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഷെയർ ചെയ്തിരുന്നു. വീഡിയോ പുറത്തിറങ്ങിയതോടുകൂടി ധാരാളം ആളുകൾ സഹായവുമായി എത്തി. ആദ്യ ദിവസം തന്നെ ഒരു ലക്ഷം രൂപ സഹായമായി അമലിന്റെ അക്കൗണ്ടിലേയ്ക്ക് എത്തി. ഒപ്പം സ്മാർട്ട് പിക്സ് മീഡിയ അവരുടെ ഫേസ് ബുക്ക് പേജിലും, അജ്മൽ, സാബു തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ തങ്ങളുടെ പേജുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തു. നാട്ടുകാരുടെ ആത്മാർത്ഥമായ ശ്രമത്തിന്റെ ഫലമായി നൂറു രൂപ ചലഞ്ചിൽ കൂടെ തന്നെ പത്തു ലക്ഷം എന്ന ലക്ഷ്യം ഇവർ സഫലീകരിച്ചു കഴിഞ്ഞു.

ഇതു കൂടാതെ ഓൾ കേരള പബ്‌ജി ഗെയിമേഴ്‌സ് അസോസിയേഷൻ ഒരു ദിവസം ലൈവ്സ്ട്രീമിലൂടെ സമ്പാദിച്ച 2,75000 രൂപ അമലിന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറിയിരുന്നു. ഒപ്പം തന്നെ ഇന്ന് ചേപ്പനം ഗ്രാമത്തിൽ ഒരു വലിയ ചലഞ്ച് അരങ്ങേറിയിരുന്നു. ‘ബിരിയാണി ചലഞ്ച്!’. ഒരു ബിരിയാണിക്ക് നൂറു രൂപ എന്ന കണക്കിൽ ഈ ചലഞ്ചിന്റെ ഭാഗമായി പിരിഞ്ഞുകിട്ടുന്ന പണം മുഴുവൻ കൈമാറുന്നതും അമലിന്റെ ചികിത്സയ്ക്കായി തന്നെ. അധികം വരുന്ന പണം തുടർചികിത്സയ്ക്കായി തന്നെ മാറ്റിവയ്ക്കുന്നതിനാണ് നാട്ടുകാരുടെ തീരുമാനം. കാരണം, ട്രാൻസ്പ്ലാന്റേഷനുശേഷം ഭീമമായ ഒരു തുക ആവശ്യമായി വരും.

ഇനി നാട്ടുകാരുടെ ലക്ഷ്യം അമലിനു ഉചിതമായ കിഡ്‌നി ഡോണറെ കണ്ടെത്തുക എന്നതാണ്. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഉചിതമായ ഡോണറെ കിട്ടി എങ്കിലും അവസാന നിമിഷം ആരോഗ്യപ്രശ്നങ്ങൾ നിമിത്തം അദ്ദേഹത്തിന് കിഡ്നി ദാനം ചെയ്യലിൽ നിന്ന് പിന്മാറേണ്ടിവന്നു. ബി പോസിറ്റിവ് ബ്ലഡ് ഗ്രൂപ്പ് ഉള്ള അമലിനായി ഡോണറെ കണ്ടെത്തുവാനുള്ള ഊർജ്ജിതശ്രമങ്ങൾ നാട്ടുകാർ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു.

സംതൃപ്തി നൽകിയ ചെറിയ വീഡിയോ

ഇതിനുമുമ്പ് വിനു ഡയറക്ഷൻ നിർവഹിച്ച പല വീഡിയോകൾക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് എങ്കിലും അതിലും സംതൃപ്തി ഈ ഒരു ചെറിയ വർക്കിന്‌ നൽകാനായി എന്ന് വിനു പറയുന്നു. കാരണം, ഇതുകൊണ്ട് ഒരാൾക്ക് ഒരു ജീവിതം ലഭിക്കുകയാണല്ലോ. വീഡിയോ കണ്ട ധാരാളം ആളുകൾ വിളിച്ചു. അവരൊക്കെ കണ്ടതിൽ വച്ച് ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ഒരുപക്ഷേ, ചാരിറ്റി പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരു പരീക്ഷണം. അത് വിജയിച്ചതിൽ ഏറെ സന്തോഷം, അതിലേറെ സംതൃപ്തി ഉണ്ട്. ഒരുപാട് ആളുകളിലേയ്ക്ക്‌ എത്തണം, മാക്സിമം പണം സമാഹരിക്കണം അത്രമാത്രമായിരുന്നു വിനുവിന്റെ മനസ്സിൽ ഈ വീഡിയോ ഇറക്കുമ്പോൾ ഉണ്ടായിരുന്നത്. ഇത്രയധികം വിജയമായിരിക്കും അതെന്നു ഒരിക്കൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വിനു വെളിപ്പെടുത്തുന്നു. ഒരുപാട് അഭിനന്ദനങ്ങൾ തേടി എത്തുന്നുണ്ടെങ്കിലും ഈ ഹൺഡ്രഡ് റുപ്പീസ് ചലഞ്ച് വിജയിപ്പിക്കാൻ കഴിഞ്ഞത് നാട്ടുകാരുടെയും അവരുടെ സുഹൃത്തുക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്. അതിനു സഹായകരായി ഒരു വീഡിയോ ചെയ്തു ഇതിൽ ഭാഗമായി മാറിയതിൽ അതിയായ സന്തോഷം ഉണ്ട് എന്ന് വിനു കൂട്ടിച്ചേർത്തു.

ഇടവക പ്രവർത്തനങ്ങളിൽ എല്ലാം ഇപ്പോഴും സജീവമായ വിനു ഡിഗ്രി പഠന കാലയളവിൽ തൃപ്പൂണിത്തുറ ഫൊറോനാ കെസിവൈഎമ്മിന്റെ പ്രസിഡണ്ട് ആയും സേവനം ചെയ്തിരുന്നു. എംവി ടിവിയുടെ പ്രോഗ്രാം ഹെഡ്, ചങ്ങനാശേരി അതിരൂപതയുടെ ഒഫീഷ്യൽ യുട്യൂബ് ചാനൽ ആയ മാക് ടിവിയുടെ പ്രോഗ്രാം ഹെഡ്, ഓൾ ഇന്ത്യ റേഡിയോ റെയിൻബോ എഫ് എം, റേഡിയോ മീഡിയ വില്ലേജ് എഫ്എം എന്നിവിടങ്ങളിൽ റേഡിയോ ജോക്കി എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് വിനു കെ. ജോൺ ഇപ്പോൾ. വ്യത്യസ്തമായ ആശയങ്ങളിലൂടെ സഞ്ചരിച്ച ഈ ചെറുപ്പക്കാരൻ രചനയും സംവിധാനവും നിർവഹിച്ച ഡോക്യൂമെന്ററിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. കൂടാതെ 2019 ൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യചിത്ര പുരസ്‌കാരമായ പേപ്പർ ഗോൾഡ്, പേപ്പർ ബ്രോൺസ് അവാർഡുകൾ നേടുവാൻ വിനു കെ ജോണിന്റെ നേതൃത്വത്തിൽ ഉള്ള മീഡിയ വില്ലേജ് ടീമിന് കഴിഞ്ഞിരുന്നു. മീഡിയ വില്ലേജ് ചങ്ങനാശേരി അതിരൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന വലിയ മാധ്യമ പ്രസ്ഥാനമാണ്‌. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് മാധ്യമ കോളേജ് ആയ സെന്റ്‌ ജോസഫ്സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സ്, 90. 8 റേഡിയോ മീഡിയ വില്ലജ്, എംവി ടിവി, വിവിധ സ്റ്റുഡിയോകള്‍ എന്നിവയൊക്കെ ഉള്‍പ്പെട്ട മാധ്യമ ലോകമാണിത്. ഇവയൊക്കെ വഴി അനേകായിരങ്ങളെ ആകർഷിക്കുവാൻ ഈ മീഡിയ വില്ലേജ് സംരംഭത്തിന് കഴിയുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ വകുപ്പിന് വേണ്ടി ഒരു ബോധവൽക്കരണ പരസ്യ ചിത്രത്തിനായി ഉള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് എത്തുന്നത്.

ഏതൊരു കാര്യത്തേയും വളരെ ലളിതവും വ്യത്യസ്തവും ആയ ആശയങ്ങളിലേക്ക് ‌എത്തിക്കുന്ന വിനു ഇത് സാധ്യമാകുന്നത് ദൈവാനുഗ്രഹംകൊണ്ട് മാത്രമാണെന്ന് കരുതുന്ന വ്യക്തിയാണ്. റേഡിയോ അവതരണം, ടിവി പ്രോഗ്രാം പ്രൊഡക്ഷൻ, ഫ്രീലാൻസായി അഡ്വെർടൈസിങ് ഇനീ മേഖലകളെ ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ട് പോകുന്ന ഈ ചെറുപ്പക്കാരന്റെ പ്രത്യേകത കുറഞ്ഞ ബഡ്ജറ്റിൽ ക്രിയേറ്റിവായി ഏതൊരു വിഷയത്തെയും അവതരിപ്പിക്കാൻ കഴിയുന്നു എന്നത്‌ തന്നെ. ദൈവം നൽകിയ കഴിവുകളെ ഏറ്റവും വ്യത്യസ്തവും പുതുമയേറിയതും ആയ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് വിനു കെ ജോൺ തന്റെ യാത്ര തുടരുകയാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.