ഗർഭാവസ്ഥയിൽ കാൻസർ ബാധിച്ചെങ്കിലും തന്റെ കുഞ്ഞിനൊപ്പം പോരാടുവാൻ തീരുമാനിച്ച ഒരമ്മയുടെ ജീവിതസാക്ഷ്യം

ഇത് ഒരു അമ്മയുടെ മാത്രം കഥയല്ല; പോരാടി ജയിച്ച ഒരു കുഞ്ഞിന്റെയും കൂടിയാണ്. ഗർഭാവസ്ഥയിൽ ശരീരത്തിൽ കാൻസർ കോശങ്ങൾ വളരുന്നുണ്ടെന്ന് അറിയുമ്പോൾ എന്തായിരിക്കും ഒരു അമ്മയുടെ മാനസികാവസ്ഥ! തന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ സ്വപ്നം കണ്ടു കഴിയുന്ന സമയത്താണ് തന്റെ ശരീരത്തിൽ കാൻസർ കോശങ്ങൾ കൂടി വളരുന്നുണ്ടെന്ന് മാൻഡി ഗെയ്മാൻ എന്ന അമ്മ അറിഞ്ഞത്. പിന്നീടങ്ങോട്ട് എണ്ണമറ്റ ടെസ്റ്റുകളും ചികിത്സകളുമായിരുന്നു. ഗർഭാവസ്ഥയിൽ ഇതിനെയെല്ലാം ധൈര്യത്തോടെ ഈ അമ്മ നേരിട്ടത് തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്.

രണ്ടു തവണ രക്തസ്രാവം, മൂന്നു തവണ ആന്റി-ബയോട്ടിക് മരുന്നുകൾ, ബ്രസ്റ്റിനു മൂന്ന് തവണ അൾട്രാസൗണ്ട് സ്കാനിങ്ങുകൾ, കാൻസർ പരിശോധന, കാൻസർ രോഗനിർണ്ണയം, ശ്വാസകോശത്തിന്റെ എക്സ് റേ, കരളിന് പ്രശ്നങ്ങളുണ്ടോ എന്നറിയാൻ അൾട്രാസൗണ്ട് സ്കാനിങ്, അഞ്ച് MRI സ്കാനിങ്, ഒരു ഓപ്പറേഷൻ, 13 തവണകളായുള്ള കീമോ തെറാപ്പി, മൂത്രാശയ രോഗം, യീസ്റ്റ് മെഡിക്കേഷൻ, കാൻസർ രോഗവിദഗ്ധനുമായുള്ള എണ്ണമറ്റ കൂടിക്കാഴ്ചകൾ, ഗൈനക്കോളജിസ്റ്റുമായുള്ള നിരവധി മീറ്റിംഗുകൾ, അതിനിടയിൽ ഗർഭകാല പ്രമേഹവും.

ഒരു ഗർഭിണി എന്ന നിലയിലും മറ്റൊരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിലും മാൻഡി കടന്നുപോയത് വലിയ പ്രതിസന്ധികളിലൂടെയായിരുന്നു. അബോർഷൻ എന്ന ഒരു സാധ്യത മുന്നിലുണ്ടായിരുന്നെങ്കിലും മാൻഡി അതിനു തയ്യാറായില്ല. തന്റെ ചികിത്സയോടൊപ്പം കുഞ്ഞിനേയും പ്രാർത്ഥനയോടെ അവൾ ചേർത്തുപിടിച്ചു.

ചികിത്സകളുടെ ഒരു പ്രളയമായിരുന്നു മാൻഡിക്ക് ഉണ്ടായിരുന്നതെങ്കിലും തന്റെ കുഞ്ഞിനേയും അവർ അങ്ങേയറ്റം പരിഗണിച്ചു, സ്നേഹിച്ചു. അവളുടെ സ്ത്രീത്വത്തെയും മാതൃത്വത്തെയും ഒരുപോലെ അവൾ ബഹുമാനിച്ചു. തന്റെ മൂത്ത മകൾക്ക് ഒരു സഹോദരിയെയോ സഹോദരനെയോ നൽകണമെന്ന് വർഷങ്ങളായി മാൻഡിയും ഭർത്താവും ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അങ്ങനെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി വരാൻപോകുന്നു എന്നറിഞ്ഞത്. അതിനിടയിലാണ് ഒരു പരീക്ഷണമെന്നവണ്ണം കാൻസർ രോഗവും കടന്നുവരുന്നത്.

“അതികഠിനമായ സാഹചര്യങ്ങൾ ഉണ്ടായെങ്കിൽ കൂടിയും 36 ആഴ്ചയും എട്ടു ദിവസവും ആയപ്പോൾ ജൂൺ പത്തിന് അവരുടെ രണ്ടാമത്തെ മകൾ ജനിച്ചു. അത് ഒരു ‘അസാധാരണ ജനനം’ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്രയധികം ചികിത്സകളോടൊപ്പം തന്നോടൊപ്പം കൂട്ടായി നിന്നത് മകളാണെന്ന് ഈ അമ്മ സാക്ഷ്യപ്പെടുത്തുകയാണ്. ‘ഒരു കുഴപ്പവും കൂടാതെ ഒരു യോദ്ധാവിനെപ്പോലെ അവൾ പുറത്തുവന്നിരിക്കുകയാണ്. അതിനാൽ ഞങ്ങൾ അവൾക്ക് പ്രത്യാശ എന്നർത്ഥമുള്ള ‘എസ്പെരൻസാ’ എന്ന പേര് നൽകുന്നു.”

ഒരു കൈയ്യിൽ കുഞ്ഞിനേയും പിടിച്ച് മറുകൈ ലോകത്തിനു നേരെ ഉയർത്തിപ്പിച്ചു നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടപ്പോഴാണ് ഈ വാർത്ത ലോകമറിയുന്നത്.

“ഇവൾ എന്റെ ചികിത്സയിലുടനീളം എനിക്ക് കൂട്ടായിരുന്നു. കോവിഡ്-19 മാനദണ്ഡങ്ങൾ കൊണ്ട് ഭർത്താവിന് പല സ്ഥലങ്ങളിലും പ്രവേശനമില്ലായിരുന്നു. MRI ചെയ്യുമ്പോഴും കീമോ തെറാപ്പിയിലും ഒക്കെ പ്രത്യക്ഷത്തിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. പക്ഷേ, അവൾ എന്റെ കൂടെയുണ്ടായിരുന്നു. അവൾ എനിക്ക് നൽകിയത് പകരം വയ്ക്കാനാകാത്ത സമ്മാനമാണ്. അത് എനിക്കൊരിക്കലും മറക്കാൻ സാധിക്കില്ല” – മാൻഡി കുറിച്ചു.

അത്ഭുതകരമായി പുറത്തുവന്ന ഈ ‘കുഞ്ഞുയോദ്ധാവ്’ അവരുടെ ജീവിതത്തിന്റെ വലിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. കാൻസർ രോഗത്തിനെ ചെറുക്കാൻ അമ്മയ്‌ക്കൊപ്പം പോരാടിയ ഈ മകളും അബോർഷന് കൂട്ട് നിൽക്കാതെ എല്ലാം നേരിട്ട ധീരയായ അമ്മയും ഇന്ന് ലോകത്തിനു മുൻപിൽ ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് അനേകർക്ക് പ്രചോദനമായി നിലകൊള്ളുന്നു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.