മുത്തശ്ശീ-മുത്തശ്ശന്മാരെ അനുഗ്രഹിക്കാം ഈ പ്രാര്‍ത്ഥനയിലൂടെ

    ഫ്രാന്‍സിസ് പാപ്പാ എപ്പോഴും ഊന്നിപ്പറയുന്ന ഒന്നാണ്, മുത്തശ്ശനും മുത്തശ്ശിയും ഒരു കുടുംബത്തിന്റെ ഐശ്വര്യമാണ്-സമ്പത്താണ്‌ എന്ന്. അവരെ സ്നേഹിക്കുകയും കൊച്ചുമക്കളോടൊപ്പം ചിലവിടുവാന്‍ അനുവദിക്കുകയും വേണം. കുടുംബത്തിലെ പ്രായമായ മാതാപിതാക്കള്‍ക്ക് കൊച്ചുമക്കളിലേയ്ക്ക് ശരിയായ മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പാ ഉറച്ചു വിശ്വസിക്കുന്നു.

    വിശുദ്ധരായ അന്നായോടും യൊവാക്കിമിനോടും മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് നല്ല ശീലമാണ്. മക്കളും കൊച്ചുമക്കളും കുടുംബത്തിലെ പ്രായം ചെന്ന മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതുപോലെ തന്നെ കൊച്ചുമക്കള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മുത്തശ്ശീ-മുത്തശ്ശന്മാരും പ്രത്യേകം ശ്രദ്ധിക്കണം.

    പ്രായം ചെന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം അവരെ പ്രത്യേകമാം വിധത്തില്‍ ആദരിക്കുകയാണ്. കാരണം, അവര്‍ക്ക് നമ്മെക്കാള്‍ അനുഭവസമ്പത്തുണ്ട്. അറിവും ജ്ഞാനവുമുണ്ട്. അവരുടെ സ്നേഹവും വിശ്വാസവുമാണ് മാതാപിതാക്കളിലൂടെ കൊച്ചുമക്കളിലേയ്ക്കും അടുത്ത തലമുറയിലേയ്ക്കും പകരുന്നത്. അതിനാല്‍ത്തന്നെ അവരുടെ ജീവിതമാതൃകയെ നാം ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും അവര്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടതും ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പ്രാര്‍ത്ഥനാ ഇതാ…

    “സർവ്വശക്തനായ കർത്താവേ, ഞങ്ങളുടെ മുത്തശ്ശീ-മുത്തശ്ശന്മാരെ ദീര്‍ഘായുസ്സും സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കണമേ. അവര്‍ അങ്ങയുടെ സ്നേഹസാന്നിധ്യത്തില്‍ തുടരുകയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിന് മാതൃകയും വിശ്വാസത്തിന്റെ ഉറവിടവുമായി നിലകൊള്ളട്ടെ. സന്തുഷ്ടമായ ഒരു ജീവിതം അവര്‍ക്കും അവരിലൂടെ ഞങ്ങള്‍ക്കും പ്രദാനം ചെയ്യേണമേ എന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.”

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.