രക്തസാക്ഷിത്വം വരിച്ച മിഷനറിമാര്‍ക്കായുള്ള പ്രാര്‍ത്ഥനാദിനം നാളെ 

രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഓസ്‌കാര്‍ റൊമേരോയുടെ സ്മരണയില്‍ ലോകമെമ്പാടും വിശ്വാസത്തെപ്രതി ജീവന്‍ വെടിഞ്ഞ മിഷനറിമാര്‍ക്കായി പ്രാര്‍ത്ഥനയും ഉപവാസ ദിനാചരണവും നടക്കും. വിശുദ്ധ ഓസ്‌കാര്‍ റൊമേരോ കൊല്ലപ്പെട്ട മാര്‍ച്ച് 24-നാണ് രക്തസാക്ഷിത്വം വരിച്ച മിഷനറിമാര്‍ക്കായുള്ള പ്രാര്‍ത്ഥനാദിനം എല്ലാ വര്‍ഷവും ആചരിക്കുക.

എന്റെ ജനത്തിന്റെ നന്മയ്ക്കായി ഞാന്‍ നിശ്ശബ്ദനായിരിക്കുകയില്ല എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ ആപ്തവാക്യം. സാധാരണ ജനത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയും വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടി മരിച്ച വിശുദ്ധ ഓസ്‌കാര്‍ റൊമേരോയുടെ പ്രത്യേക മദ്ധ്യസ്ഥവും ഈ ദിവസം തേടുന്നു.

1993 മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തെപ്രതി ജീവന്‍ ബലികഴിക്കുന്ന മിഷനറിമാര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഒരു ദിനം മാറ്റിവയ്ക്കുന്നത്. ലോകം മുഴുവന്‍ ക്രിസ്തുവിന്റെ സ്‌നേഹം പകരുവാനായി അനേകര്‍ സ്വയം ഇല്ലാതാകുമ്പോള്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് ഈ ദിനാചരണം തുടങ്ങുന്നത്. അവരും നമ്മുടെ സഹോദരങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് പൊന്തിഫിക്കല്‍ ഇറ്റാലിയന്‍ മിഷന്‍ സമൂഹത്തിന്റെ കീഴിലുള്ള യൂത്ത് മിഷനറി മൂവ്‌മെന്റ് ആണ് രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥനാ ദിനാചരണം ആരംഭിക്കുന്നത്.