പന്ത്രണ്ട് മക്കൾക്കുവേണ്ടി ഒന്നുമില്ലായ്മയിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഒരമ്മ

രാക്ക്വെൽ സുവാരസ് എന്ന സ്ത്രീ പന്ത്രണ്ടു കുട്ടികളുടെ അമ്മയും ജെസെസ് എന്ന മത്സ്യവില്പനക്കാരൻ്റെ ഭാര്യയുമാണ്. തൻ്റെ ഭർത്താവിന് മത്സ്യവില്പനയിലൂടെ വലിയ ഒരു നഷ്ടം നേരിടേണ്ടിവന്നപ്പോൾ തൻ്റെ കുടുംബത്തെ ആ സാമ്പത്തിക ബാധ്യതയിൽ നിന്നും കരകയറ്റാൻ സോഷ്യൽ മീഡിയയിലൂടെ മത്സ്യക്കച്ചവടം പുനരാരംഭിച്ച ധൈര്യവതിയായ സ്ത്രീ. ജീവിതത്തിലെ പ്രതിസന്ധികളെ ഈ സ്ത്രീ നേരിട്ടതെങ്ങനെയെന്ന് നമുക്ക് ശ്രദ്ധിക്കാം.

ജീവിതത്തിലെ വെല്ലുവിളികളുടെ മുമ്പിൽ രാക്ക്വെൽ സുവാരസ് പതറാതെ നിന്നു. ഭർത്താവ് ജെസെസ് നടത്തിക്കൊണ്ടു പോന്ന മത്സ്യക്കച്ചവടം നിലയ്ക്കുകയും നഷ്ടത്തിലാവുകയും ചെയ്‌തത്‌ പെട്ടെന്നായിരുന്നു. ഒരു സ്ത്രീ വലിയ തുകയ്ക്ക് മത്സ്യത്തിന് ഓർഡർ നൽകി. എന്നാൽ, അവൾ പണം നൽകിയില്ല. ഇത് അവരുടെ കച്ചവടത്തെ വലിയ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എല്ലാം നഷ്ടമായി ആഹാരത്തിനു പോലും കുടുംബം നട്ടംതിരിയുന്ന അവസ്ഥ.

ഇല്ലായ്മകളെ സധൈര്യം നേരിട്ട കുടുംബിനി

അന്നുവരെ ഒരു അമ്മയും കുടുംബിനിയും മാത്രമായിരുന്ന രാക്ക്വെൽ, വിശക്കുന്ന തൻ്റെ പന്ത്രണ്ടു മക്കൾക്കും സാമ്പത്തികനഷ്ടം മൂലം നിരാശപ്പെട്ട ഭർത്താവിനും മുമ്പിൽ ധൈര്യപൂർവ്വം നിലകൊണ്ടു. കാരണം, ആ അമ്മയുടെ മുമ്പിൽ അതല്ലാതെ മറ്റു വഴികളില്ലായിരുന്നു. അവരുടെ മുമ്പിൽ രണ്ട് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു. ഒന്നുകിൽ, ഈ നഷ്ടത്തിൽ നിരാശപ്പെട്ട് കൂടുതൽ നഷ്ടത്തിലേക്ക് പോവുക. അല്ലെങ്കിൽ, ഈ ബുദ്ധിമുട്ടിനെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുക. അതിൽ രാക്ക്വെൽ രണ്ടാമത്തെ മാർഗ്ഗം തിരഞ്ഞെടുത്തു. എങ്ങനെയും ഈ പ്രതിസന്ധികളെ തരണം ചെയ്യുവാൻ അവൾ ധൈര്യപൂർവ്വം തീരുമാനമെടുത്തു.

ആളുകൾ നൽകിയ വിശ്വാസത്തിൽ പടുത്തുയർത്തിയ കമ്പനി

അവർ താമസിക്കുന്ന മാഡ്രിഡിലെ ലാസ് വെന്റസ് എന്ന പ്രദേശത്തുള്ളവർക്ക്, ഈ കുടുംബം പരിചിതരായിരുന്നു. “ജെസെസിന് ഈ പ്രദേശം അറിയാവുന്നതിനാൽ വാട്സ്ആപ്പിലൂടെ, അറിയാവുന്ന ആളുകൾക്ക് മത്സ്യം വിൽക്കുവാനുള്ള പദ്ധതികൾ ഞങ്ങൾ തയ്യാറാക്കി. ആദ്യം ബന്ധത്തിലുള്ള രണ്ടുപേർ വാട്സ്ആപ്പിലൂടെ മത്സ്യം ഓഡർ ചെയ്തു. പിന്നീട് അത് നാലായി, ഡസൻ ആയി… അങ്ങനെ ആ ശൃംഖല വളരെ വേഗം വ്യാപിച്ചു.”  രാക്ക്വെൽ പറയുന്നു. അവരെ വിശ്വസിക്കാൻ സാധിക്കുമെന്ന് കുറച്ചുനാളുകൾക്കൊണ്ട് തന്നെ ആളുകൾക്കു മനസിലായി. അങ്ങനെ ആ മത്സ്യവില്പന പെട്ടെന്നുതന്നെ വിപുലമായി.

രാക്വെലും ജെസെസും എല്ലാ ദിവസവും ഓർഡർ ലഭിക്കപ്പെട്ട മത്സ്യം മാർക്കറ്റിൽ പോയി വാങ്ങുന്നു. അവർ ആവശ്യപ്പെട്ട സ്ഥലത്ത് കൃത്യമായി എത്തിച്ചുകൊടുക്കുന്നു. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ എല്ലാ ദിവസവും കഠിനമായി ജോലി ചെയ്യുന്നു. മറ്റുള്ളവർ അവരിലർപ്പിക്കുന്ന വിശ്വാസം നഷ്ടപ്പെടാതെ കൃത്യസമയത്ത് സാധനങ്ങൾ എത്തിച്ചുകൊടുക്കുകയെന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഇപ്പോൾ മത്സ്യം മാത്രമല്ല ഇവർ ഇപ്രകാരം വിൽക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മാംസം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇവരുടെ ബിസിനസ് വളരെ വേഗം വിപുലമായി.

വലിയ കുടുംബമായതിന്റെ സന്തോഷം

ഒരു ഫോണും തൻ്റെ ഫേസ്ബുക്ക് പേജും മാത്രമുപയോഗിച്ച്  രാക്വെൽ തന്റെ കുടുംബത്തിന്റെ ഭദ്രത തിരികെ കൊണ്ടുവന്നു. അങ്ങനെ “ഡോസ് പീസസ്” (12 മൽസ്യങ്ങൾ) എന്ന കമ്പനിക്ക് രൂപം കൊടുക്കുവാൻ അവളുടെ കഠിനാദ്ധ്വാനത്തിനും ആർജ്ജവത്വത്തിനും കഴിഞ്ഞു. 12 മത്സ്യങ്ങൾ എന്ന പേര് തങ്ങളുടെ പന്ത്രണ്ട് മക്കളെയാണ് സൂചിപ്പിക്കുന്നതെന്ന് രാക്വെൽ പറയുന്നു.

“വളരെ വലിയ കുടുംബം ആയതുതന്നെ വലിയ സന്തോഷം ഞങ്ങളുടെ ഇടയിൽ നിലനിൽക്കുന്നതിനു കാരണമാണ്. ആരും ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ബോധ്യം ഞങ്ങളിൽ വളരെ ശക്തമായിത്തന്നെയുണ്ട്. മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും വീട്ടിൽനിന്നും തന്നെ ഇവർ പഠിക്കുന്നു” – രാക്വെൽ കൂട്ടിചേർത്തു. പന്ത്രണ്ട് മക്കൾ ഉള്ളതിനാൽ മക്കൾ കൂടുതൽ ഉള്ളതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഭാവിയിൽ വരാവുന്ന പല ബുദ്ധിമുട്ടുകളെക്കുറിച്ചും മറ്റുള്ളവർ സംസാരിക്കാറുണ്ട്. എന്നാൽ, ദൈവം ദാനമായി നൽകിയ മക്കളാണ് ഇവരെന്ന് ഈ മാതാപിതാക്കൾ ഉറച്ചുവിശ്വസിക്കുന്നു. ഇന്ന് 52-ഉം 56-ഉം വയസിൽ എത്തിനിൽക്കുമ്പോൾ ജീവിതത്തിന്റെ പ്രതിസന്ധികളെ സന്തോഷത്തോടെ നേരിടുവാൻ സാധിക്കുമെന്ന പ്രത്യാശ ഈ മാതാപിതാക്കൾക്കുണ്ട്.

ചെറിയ വീടും ഒത്തിരി മക്കളും

ഒരു ചെറിയ വീട്ടിൽ വളരെ പരിമിതമായ സാഹചര്യത്തിലാണ് ഇവർ ഇന്നും താമസിക്കുന്നത്. എന്നാലും തികച്ചും സന്തുഷ്ടരാണിവർ. 100 ചതുരശ്ര മീറ്റർ മാത്രമുള്ള ഒരു അപ്പാർട്ട്മെന്റാണ് ഇവരുടെ വീട്. ഒരു ബാത്ത്റൂം മാത്രമേ ഉളളൂ. ഓരോരുത്തരും സമയം തിരിച്ച് കുളിക്കാനുള്ള സമയം ക്രമപ്പെടുത്തുന്നു. ഇളയ കുട്ടിക്ക് ഇപ്പോൾ പത്ത് വയസ് പ്രായമായി. എല്ലാവരും മുറികൾ പങ്കിട്ട് ഉപയോഗിക്കുന്നെങ്കിലും ഈ മക്കൾ പന്ത്രണ്ടു പേരും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്നു.

പന്ത്രണ്ട് മക്കളിൽ മൂത്തയാൾ സെന്റ് വിൻസെന്റ് ഡി പോൾ സന്യാസ സഭയിലെ അംഗമായ സമർപ്പിതയാണ്. രണ്ടാമത്തവൻ പത്രപ്രവർത്തകനും. ബാക്കി പത്തുപേരും മാതാപിതാക്കളുടെ ഒപ്പമാണ് താമസം. അതിൽ ഒരാൾ ജന്മനാ വൈകല്യം ബാധിച്ച കുട്ടിയാണ്.

തിരിച്ചടികളെ നേരിടുക

“ജീവിതത്തിൽ തിരിച്ചടികളുണ്ടാകുമ്പോൾ അവയെ തരണം ചെയ്യുവാൻ ശീലിക്കുക. പ്രതിസന്ധികൾക്കു മുമ്പിൽ ഉയർന്നുവരുവാൻ തക്കവിധം ജീവിതത്തെ ധൈര്യത്തോടെ നേരിട്ട് കഠിനാദ്ധ്വാനം ചെയ്താൽ വിജയം നിശ്ചയമാണ്.” ഈ അമ്മ പറയുന്നു. മക്കളാണ് ഈ അമ്മയുടെ ശക്തിസ്രോതസ്സ്. കുടുംബത്തിൽ പരസ്പരമുള്ള സ്നേഹത്തെ നശിപ്പിക്കുവാൻ ഒരിക്കലും ഈ മാതാപിതാക്കൾ സമ്മതിക്കുകയില്ല. നിസാരപ്രശ്നങ്ങളുടെ പേരിൽ ദുഖത്തിലും നിരാശയിലും പെട്ടുപോകുന്നവർക്ക് ശുഭാപ്തിവിശ്വാസമുള്ള രാക്ക്വെൽ സുവാരസ് എന്ന സ്ത്രീയും കുടുംബവും ഒരു മാതൃക തന്നെയാണ്.