ഇറ്റാലിയൻ മാധ്യമങ്ങളിൽ താരമായി മാറിയ മലയാളി സിസ്റ്റർ

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

ഈ ദിവസങ്ങളിൽ ഇറ്റാലിയൻ പത്രങ്ങളിൽ നിറഞ്ഞു നിന്ന ഒരു കഥാപാത്രമാണ് 30 വയസ്സുള്ള ഒരു മലയാളി സിസ്റ്റർ. നമ്മുടെ നാട്ടിലെപ്പോലെ സന്യാസത്തെ ചീത്ത പറഞ്ഞു കൊണ്ടോ, മോശമായി ചിത്രീകരിച്ചു കൊണ്ടോ അല്ല അവരുടെ പേര് പ്രത്യക്ഷപ്പെട്ടത്. മറിച്ച് സ്വന്തം ജീവൻപോലും പണയപ്പെടുത്തി അപരന്റ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ധീരതയുടെ പേരിലാണ്.

ജനോവ എന്ന നഗരത്തിലെ ഒരു ദേവാലയത്തിൽ ജനുവരി 31- ന് വൈകുന്നേരം ദിവ്യബലിക്ക് മുമ്പായുള്ള ആരാധനയ്ക്കിടയിൽ 57 വയസ്സുള്ള ഒരു മനുഷ്യൻ തിളങ്ങുന്ന ഒരു കഠാരയുമായി “ഞാൻ പിശാചാണ്, ഞാൻ പിശാചാണ്” എന്നലറി കൊണ്ട് പാഞ്ഞടുത്തപ്പോൾ സധൈര്യം കൊലയാളിയുടെ മുന്നിലേക്ക് ഓടിയിറങ്ങി അയാളെ തടഞ്ഞു. സ്വന്തം കഴുത്തിൽ മുറിവേറ്റിട്ടും ആ സിസ്റ്ററിനെ തന്റെ ലക്ഷ്യം നേടിയെടുക്കാൻ ദൈവം അനുഗ്രഹിച്ചു. ആരാധന ലീഡ് ചെയ്തിരുന്ന വൃദ്ധനായ വൈദികനായിരുന്നു അയാളുടെ ലക്ഷ്യം.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന വിശ്വാസസമൂഹവും സിസ്റ്ററിന്റെ സഹായത്തിനെത്തി. നിമിഷങ്ങൾക്കുള്ളിൽ പോലീസ് വന്ന് ആ മനുഷ്യനെ അറസ്റ്റ് ചെയ്യുകയും സിസ്റ്ററിനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. എത്രയേറെ കൃതജ്ഞതയോടെയും സന്തോഷത്തോടെയുമാണ് ഇറ്റലിയിലെ മാധ്യമങ്ങൾ ഈ സംഭവം പങ്കുവെച്ചത്.

രാവും പകലും ചാനലുകൾതോറും കയറിയിറങ്ങി കള്ളങ്ങൾ പറഞ്ഞും കള്ളക്കേസ് കൊടുത്തും സന്യാസത്തെ പിച്ചിചീന്താൻ കാട്ടുന്ന ചിലരെ പോലെയല്ല എല്ലാ സന്യാസിനികളും. പോലീസ് പോലും മടുത്ത് കേസ് ഉപേക്ഷിച്ചു എന്ന് കേട്ടു. പിന്നിൽ നിന്ന് കളിക്കുന്നവരുടെ ലക്ഷ്യങ്ങൾ എന്താണെന്ന് ഇപ്പോൾ ഏറെക്കുറെ എല്ലാവർക്കും ബോധ്യമായി. ഇനിയെങ്കിലും ഈ മാധ്യമ മേലാളന്മാരുടെ കണ്ണുകൾ തുറക്കുമോ എന്നാർക്കറിയാം? വെളിവില്ലാണ്ട് ചിലർ വിളിച്ചു പറയുന്ന കുറെ വിഡ്ഢിത്തരങ്ങൾ അല്ല സന്യാസം എന്ന് ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കുമോ ആവോ?

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ