ശ്ലീവാപ്പാതയിലെ അഞ്ചാം സ്ഥലം ജീവിതത്തിലേയ്ക്ക് പകര്‍ത്തിയൊരു വീട്ടമ്മ

ജയ്മോന്‍ കുമരകം

ബാംഗ്ളൂരില്‍, ഒരു വീട്ടമ്മ കുരിശിന്റെ വഴിയിലെ അഞ്ചാം സ്ഥലം ഈ നോമ്പുകാലത്ത് പ്രവർത്തികമാക്കിയ സംഭവം ശ്രീ. ജയ്‌മോൻ കുമരകം എഴുതുന്നു.

കുരിശിന്റെ വഴിയിൽ നാം പ്രാര്‍ത്ഥിക്കാറുണ്ട്… “ദൈവമേ, മുറിവേറ്റവനും തകര്‍ന്നവനുമായി അങ്ങയെ കണ്ടിരുന്നെങ്കില്‍ ഞങ്ങള്‍ പരിസരം പോലും മറന്ന് ഓടിവന്ന് അങ്ങയെ സഹായിക്കുമായിരുന്നു” എന്ന്. എന്നാല്‍, അങ്ങനെ പ്രാർത്ഥിക്കുമ്പോൾ പോലും ജീവിതക്ലേശങ്ങളും നൊമ്പരവും മൂലം ഇടറിപ്പോയവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ ജീവിതയാത്രയിൽ നമുക്ക് കഴിയാറുണ്ടോ?

ബാംഗ്ളൂരില്‍ ഒരു വീട്ടമ്മ കുരിശിന്റെ വഴിയിലെ അഞ്ചാംസ്ഥലം ഈ നോമ്പുകാലത്തു തന്നെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് ഏറെ ശ്രദ്ധേയമായി തോന്നി.

കെവുറീന്‍ കാരനായ ശിമയോന്‍ ഈശോയെ സഹായിച്ചതുപോലെ, ഷിജി എന്നൊരു വീട്ടമ്മ തന്റെ കിഡ്‌നികളിലൊന്ന് നല്‍കിയാണ് ഒരു കുടുംബത്തെ വലിയൊരു ദുരന്തത്തിൽ നിന്നും സഹായിച്ചത്.

ആകാശപ്പറവകളുടെ സ്വന്തം അപ്പനായി അറിയപ്പെട്ടിരുന്ന ജോര്‍ജ്ജ് കുറ്റിക്കലച്ചന്റെ പ്രവര്‍ത്തനം വർഷങ്ങളായി സ്വന്തം കുടുംബത്തിലേക്ക് പകര്‍ത്തുകയായിരുന്നു ബാംഗ്ളൂരില്‍ താമസമാക്കിയ ഷാജുവും ഷിജിയും മക്കളും ചെയ്തുകൊണ്ടിരുന്നത്. നൂറുകണക്കിന് മാനസികരോഗികളുടെ അപ്പനും അമ്മയും ആയിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. തെരുവിൽ അലയുന്നവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് അവരെ കുടുംബാംഗങ്ങളെപ്പോലെ ശുശ്രൂഷിക്കാൻ ഈ കുടുംബത്തിന് കഴിയുന്നു. അതുകൊണ്ടാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി രണ്ട് വൃക്കകളും നഷ്ടപ്പെട്ട് ജീവനും മരണത്തിനുമിടയിലൂടെ കടന്നുപോയ, ബാംഗ്ളൂർ ജാലഹള്ളിയില്‍ താമസിക്കുന്ന ഡീനുവിന് വൃക്ക നല്‍കാൻ ഷിജി തയ്യാറായതും. പ്രാർത്ഥനാപൂർവ്വം എല്ലാ പിന്തുണയും നൽകി ഭർത്താവും ഒപ്പമുണ്ട്.

വൃക്ക സ്വീകരിച്ച ഡീനു, സാമ്പത്തിക ക്ലേശത്താലും വൃക്കരോഗത്തിന്റെ ദുരിതത്താലും ഏറെ ക്ലേശിക്കുകയായിരുന്നു. നഴ്‌സായി ജോലി ചെയ്യുന്ന ഡീനുവിന്റെ ഭാര്യയുടെ വരുമാനത്തിലൂടെയാണ് ഈ കുടുംബം കഴിഞ്ഞുപോയത്. നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഡീനുവിന് കഴിഞ്ഞ മൂന്നു വർഷമായി വൃക്കരോഗം മൂലം ജോലിക്ക് പോകാനും കഴിയുന്നില്ല. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. വീട്ടുവാടകയും ചികിത്സാച്ചെലവുകളും മൂലം ഡീനു വളരെയേറെ വിഷമിച്ചു. ലക്ഷക്കണക്കിന് രൂപ നല്‍കി കിഡ്‌നി വാങ്ങാനുള്ള സാമ്പത്തികശേഷിയും ഇവർക്കുണ്ടായിരുന്നില്ല. അപ്പോഴാണ് കുരിശുമായി മുന്നോട്ടു നീങ്ങുന്ന ക്രിസ്തുവിനെ സഹായിക്കാൻ കെവുറീൻ കാരൻ എത്തുന്നതുപോലെ ഡീനുവിന് സഹായഹസ്തവുമായി ഷാജുവും ഷിജിയും എത്തുന്നത്.

ദൈവം തന്റെ നിലവിളി ശ്രവിച്ച സന്തോഷത്തിലാണ് ഡിനുവും കുടുബവും. എറണാകുളത്ത് രാജഗിരി ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവയ്ക്കല്‍ സര്‍ജറി വിജയകരമായിരുന്നു. അധികം വൈകാതെ ഡീനു വീട്ടിലെത്തും!

വാചാലമായ പ്രഘോഷണത്തേക്കാളുപരി ജീവിതമാതൃകകളാണ് ഫലപ്രദമെന്ന് തെളിയിക്കുകയാണ് ഈ സാധുവായ വീട്ടമ്മയും കുടുംബവും. അതെ. ജീവിതയാത്രയിൽ വീണുപോയവർക്ക് മുന്നിൽ ഒരു ശിമയോനായി എത്താൻ കഴിയുക എന്നതല്ലേ നോമ്പിന്റെ വലിയ പുണ്യം.

ജയ്‌മോൻ കുമരകം