‘ഈശോയുടെ ഈ വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ സുഖപ്പെടും’ – എയ്ഡ്സ് രോഗികള്‍ക്ക് പ്രതീക്ഷ പകരുന്ന ഭവനം  

സി. സൗമ്യ DSHJ

ഈശോയുടെ വീട്. അതാണ് ഭദ്രാവതി രൂപതയുടെ കീഴിലുള്ള ഷിമോഗ ജില്ലയിലെ നവജീവന്‍ ഹോളിസ്റ്റിക്ക് ആന്‍ഡ് പാലിയേറ്റിവ് സെന്റർ. ആശുപത്രികളിൽ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത എയ്‌ഡ്‌സ്‌ രോഗികളെ ശുശ്രൂഷിക്കുന്ന സ്ഥലമാണ് ഇവിടം. ഇവരുടെ ഇടയിൽ ശുശ്രൂഷ നിർവഹിക്കുന്ന ഡോക്ടർ സി. ലിജോ ആൻ CMC, ഇവർക്ക് വേണ്ട പരിചരണം നൽകുന്ന സി. എൽസമ്മ DSHJ എന്നിവർ തങ്ങളുടെ ശുശ്രൂഷാ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

ലോകം പേടിയോടെ വീക്ഷിക്കുന്നവരെ കാരുണ്യത്തോടെ കരുതുന്നവര്‍

ലോകം പേടിയോടെ മാറ്റിനിർത്തുന്ന ഈ രോഗികളെ സ്വന്തമായി കരുതി ക്രിസ്തുവിന്റെ സ്നേഹം പകർന്ന് ശുശ്രൂഷ നിർവഹിക്കുന്ന ഇവർ ക്രിസ്തു സ്നേഹത്തിന്റെ നേർസാക്ഷ്യങ്ങൾ ആണ്. മരണത്തോട് മല്ലടിച്ചാണ് ഓരോ രോഗിയും ഈ ഭവനത്തിലേക്ക് കടന്നുവരുന്നത്. നല്ല ഭക്ഷണവും മാനസികമായ ഉണർവ്വും കരുതലും കൊടുക്കുമ്പോൾ തന്നെ പകുതി രോഗം ഭേദമാകും. സ്വന്തം ഭർത്താവിൽ നിന്നു രോഗം വന്നവരും, പ്രായത്തിന്റെ അപക്വതയിൽ നിന്ന് ചെറുപ്പത്തിൽ തന്നെ ഈ രോഗത്തിലേക്ക് എത്തിയവരും ഇവരുടെ ഇടയിലുണ്ട്. തങ്ങള്‍ക്ക് എയ്ഡ്സ് രോഗമാണെന്ന് തിരിച്ചറിയുന്ന നിമിഷം പലരും മാനസികമായി തകര്‍ന്ന അവസ്ഥയിലാകും. കൃത്യമായ മരുന്നും പ്രോട്ടീന്‍ അടങ്ങിയ നല്ല ഭക്ഷണവും ഉണ്ടെങ്കില്‍ ഒരുപരിധിവരെ രോഗത്തിന്റെ അപകടകരമായ അവസ്ഥയില്‍ നിന്നും രക്ഷപെടാവുന്നതേ ഉള്ളു.

‘നവജീവൻ’ എന്ന ഈ സ്ഥാപനത്തിൽ വരുമ്പോൾ ഇവർക്ക് രോഗത്തിന്റെ അവസ്ഥകളെ അംഗീകരിക്കാന്‍ സാധിക്കുന്നു. ഒപ്പം ഇവിടെയുള്ളവരിൽ നിന്നും നല്ല പരിചരണവും സ്നേഹവും സാമീപ്യവും ലഭിക്കുന്നു. ഇതുവരെ എയ്ഡ്‌സ് രോഗമാണെന്നറിഞ്ഞവർ ഇവരെ ആട്ടിയോടിച്ച അനുഭവത്തിൽ നിന്നും, സ്നേഹത്തോടെ ശുശ്രൂഷകൾ സ്വീകരിക്കാൻ പറ്റുന്ന ഒരു അനുഭവം. രോഗികൾ തന്നെ അത്ഭുതത്തോടെയാണ് ഈ സിസ്റ്റേഴ്സിന്റെ പരിചരണത്തെ വീക്ഷിക്കുന്നത്. ഡോക്ടറായ സി. ലിജോ ആനും നേഴ്സായ സി. എല്‍സമ്മയും ഇവര്‍ക്ക് അമ്മയും സഹോദരിയും മകളും ഒക്കെയാണ്. ചിലര്‍ക്ക് ഈശോയുടെ വീടാണ് ഈ ഭവനം.

ഗവണ്മെന്റ് ആശുപത്രികളിൽ വരുന്ന എയ്ഡ്‌സ് രോഗികള്‍ വിവിധ നെറ്റ്‌വർക്കിന്റെ സഹായത്തോടെയാണ് ഈ സെന്ററിലേക്ക് എത്തുന്നത്. വളരെ പാവപ്പെട്ട സാഹചര്യത്തിൽ ഉള്ളവരാണ് ഇവിടെ വരുന്നവരില്‍ മിക്കവരും. തങ്ങള്‍ക്ക് എയ്ഡ്സ് രോഗമാണെന്നറിഞ്ഞുകൊണ്ട് വീടുകളില്‍ നിന്നും പുറം തള്ളിയവരും ഇവരുടെ ഇടയില്‍ ധാരാളം. ഇവിടുത്തെ പരിചരണത്തിനും ശുശ്രൂഷകള്‍ക്കും ശേഷം തിരിച്ചു പോകുന്നവര്‍ മിക്കവാറും നിറകണ്ണുകളോടെയാണ് ഇവിടെനിന്നും യാത്രയാവുക. “യേശുദേവരുടെ വീട്ടിൽ വന്നാൽ അസുഖം ഭേദമാകും” – എന്നാണ് ഇവര്‍ പറയുന്നത്. എല്ലാമാസവും ഇവര്‍ക്ക് മരുന്ന്‌ മുടങ്ങാതിരിക്കാന്‍ ഉള്ള സൗകര്യവും ഇവിടെ നിന്നും ലഭ്യമാക്കുന്നുണ്ട്. ഇവിടെ മരുന്ന് മേടിക്കാൻ വരുന്നവര്‍ എല്ലാമാസവും വലിയ ഉത്സാഹത്തോടെയാണ് വരുന്നത്. സ്വന്തം വീട്ടിലേക്ക് വരുന്ന ഉത്സാഹം.

ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതത്തിലേക്ക്

വെറും 27 കിലോ മാത്രം ഭാരമുള്ള ഒരു ചെറുപ്പക്കാരൻ. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായം. തനിക്ക് എയ്ഡ്‌സ് രോഗമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാള്‍ വളരെയധികം നിരാശയിലേക്ക് ആണ്ടുപോയി. മാനസികമായി തകർന്ന അവസ്ഥ. എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ അവിടെയെത്തിയ ആ ചെറുപ്പക്കാരന് അന്ന് ഏറ്റവും അത്യാവശ്യമായത് മാനസികമായ സപ്പോർട്ട് ആയിരുന്നു. “ഈ ചെറുപ്പക്കാരന്‍ വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കില്ലെങ്കിലും മരിക്കണം എന്ന ചിന്ത അവനില്‍ ശക്തമായിരുന്നു. എനിക്കിനി ജീവിക്കണ്ട എന്ന് അവന്‍ കന്നടയില്‍ പറയുന്നുണ്ടായിരുന്നു. ശാരീരികമായും മാനസികമായും അവശനായ അവന്‍, നല്ല പരിചരണം കൊടുത്തത് വഴിയായും കാര്യങ്ങള്‍ ശാന്തമായി പറഞ്ഞു മനസിലാക്കിയതിന്റെ ഫലമായും ക്രമേണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇന്നവന്‍ വളരെ മിടുക്കനായിരിക്കുന്നു.” സിസ്റ്റര്‍ എല്‍സമ്മയുടെ വാക്കുകളില്‍ സന്തോഷം.

നിങ്ങള്‍ ചെയ്യുന്നപോലെ വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല സിസ്റ്റര്‍

ആഴ്ചയില്‍ രണ്ട് ദിവസമാണ് സിസ്റ്റര്‍ ലിജോ ആന്‍ ഇവിടെ ശുശ്രൂഷ ചെയ്യുന്നത്. മറ്റ് രണ്ട് ആശുപത്രികളില്‍ ജോലി ചെയ്യുന്ന സിസ്റ്റര്‍ ലിജോയ്ക്ക് ഇവിടെ ആഴ്ചയില്‍ രണ്ട് ദിവസത്തെ സേവനം നല്‍കുന്നത് വലിയൊരു ആത്മബലമാണ്. കാരണം, ഇവരുടെ ഇടയിലുള്ള പ്രവര്‍ത്തങ്ങള്‍ വേറിട്ട ഒരു അനുഭവമാണ് നല്‍കുന്നതെന്ന് സിസ്റ്റര്‍ പറയുന്നു. “എല്ലാവരെയും കുറച്ചുകൂടി തുറന്ന മനസോടെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ എന്നില്‍ തന്നെ രൂപപ്പെട്ടു. ഒപ്പം അവരെ മരുന്നെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു ആവശ്യം. കാരണം, അത് ഈ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും സഹായകമാകും. മരുന്നെടുത്തില്ലെങ്കില്‍ ഇവരുടെ രോഗ പ്രതിരോധശേഷി കുറയും. അതിന് ഇവരെ പ്രചോദിപ്പിക്കുക എന്നതാണ് അത്യാവശ്യം.” ഡോക്ടര്‍ സി. ലിജോ ആന്‍ പ്രവര്‍ത്തന രീതി വിശദീകരിച്ചു.

ചെറുപ്പക്കാര്‍ രോഗികളായി വരുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഇവര്‍ വഴി ഇനി രോഗം പടരാതെ ഇവരെ ബോധവത്ക്കരിക്കുക എന്നതും ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. ഈ രോഗികളോട് ഇടപെടുമ്പോള്‍ സാധാരണക്കാരായ വ്യക്തികളോട് ഇടപെടുന്ന രീതിയില്‍ പെരുമാറുക എന്നതും ആവശ്യമാണ്. അതവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

“ഞാന്‍ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു.” ഇവിടെയെത്തിയവരില്‍ പലരും പറയുന്ന വാക്യമാണ്. ആശുപത്രികളില്‍ നിന്നുപോലും തിരസ്ക്കരണങ്ങള്‍ കിട്ടുന്നവരും ശ്രദ്ധ ലഭിക്കാത്തവരും ആയവര്‍ ആണ് ഇവിടെ വരുന്നത്. അതോടൊപ്പം ചിലര്‍ക്ക് വീടുകളില്‍ പോയി ശുശ്രൂഷ കൊടുക്കുന്ന സാഹചര്യവും ഇപ്പോള്‍ ഈ സിസ്റ്റേഴ്സ് ചെയ്യുന്നുണ്ട്. ഇനി ഒന്നും ചെയ്യാന്‍ ഇല്ല എന്നൊരു സാഹചര്യം മുന്‍പില്‍ വരുമ്പോള്‍ ഈ രോഗികളെ പരിചരിക്കുവാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കുന്നു. രോഗികള്‍ക്ക് ധൈര്യം കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന പ്രകാശം നമുക്ക് അവരുടെ കണ്ണുകളില്‍ നിന്നും വായിച്ചറിയാന്‍ സാധിക്കും. ആരോഗ്യ പരിപാലനത്തെക്കുറിച്ചും ചില ധാര്‍മ്മിക വശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. സി. ലിജോ പറയുന്നു.

ഭദ്രാവതി രൂപതയുടെ കരുതല്‍

കര്‍ണ്ണാടകയിലെ ഷിമോഗയിലുള്ള ഭദ്രാവതി രൂപതയുടെ കീഴിലുള്ളതാണ് നവജീവന്‍ ഹോളിസ്റ്റിക്ക് ആന്‍ഡ് പാലിയേറ്റിവ് സെന്റർ. ബിഷപ്പ് മാര്‍. ജോസഫ് അരുമച്ചാടത്തിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നാനാജാതി മതസ്ഥരായവര്‍ക്ക് ഇത് വലിയൊരു ആശാകേന്ദ്രമാണ്. ഭദ്രാവതി രൂപതയുടെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടം വഹിക്കുന്ന ഫാദര്‍ അബ്രഹാം അരീപ്പരമ്പില്‍, ഫാദര്‍ ജെയിംസ്‌ പുല്‍ത്തകിടിയില്‍ എന്നിവര്‍ ഇവരോടൊപ്പം നിന്നുകൊണ്ട് എല്ലാവിധ സഹായവും ലഭ്യമാക്കുന്നു. മരുന്നിനു മാത്രം വളരെക്കുറച്ച് ഫീസ്‌ ഈടാക്കുക മാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ. മറ്റ് സേവനങ്ങള്‍ എല്ലാം രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിച്ചു പോരുന്നു. എല്ലാവരാലും പുറന്തള്ളപ്പെട്ട ഈ രോഗികള്‍ക്ക് ക്രിസ്തുവിന്റെ സാമിപ്യമായും സാന്ത്വനമായും ഇവര്‍ നിലകൊള്ളുന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ലോക എയ്ഡ്സ് ദിനത്തില്‍ ഷിമോഗ ജില്ലയില്‍ എയ്ഡ്സ് രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അംഗീകാരവും ലഭിച്ചിരുന്നു.

ഈ സ്ഥാപനത്തിന് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും വളരെയധികം സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. അതോടൊപ്പം നാനാജാതി മതസ്ഥരായ നിരവധിപ്പേരുടെ സഹായവും സഹകരണവും ഈ സ്ഥാപനത്തിന് പിന്തുണയേകുന്നു.

വളരെ അപകടകരമായ സാഹചര്യത്തിലാണ്  ഇവര്‍ ശുശ്രൂഷ ചെയ്യുന്നതെങ്കിലും തികഞ്ഞ ആത്മസംതൃപ്തി ഈ സന്യസിനിമാരുടെ വാക്കുകളില്‍ ഉണ്ട്. ‘ഈശോയുടെ ഈ വീട്ടില്‍’ വന്നാല്‍ അസുഖം മാറുമെന്ന പ്രതീക്ഷയും വിശ്വാസവും ഈ രോഗികളിലേയ്ക്ക് പകർന്നുകൊണ്ട് ഇവര്‍ നല്ല അമ്മയായും സുഹൃത്തായും സഹോദരിയായും മകളായും ഇവരോടൊപ്പമുണ്ട്.

Navajeevan Holistic and Palliative Care Centre – 09591780578

സി. സൗമ്യ DSHJ

6 COMMENTS

  1. Wonderfully inspiring report. We can all learn from your very loving and courageous service, dear sisters. No wonder people who come there see God’s loving face in you. Fr Joe Mannath SDB, National Secretary, CRI

  2. God still loves the world. These services are God’s own presence amidst the rejected people. Lord, empower the service team with Choicest blessings from your heart. Fr. Anto Amarnad CMI

  3. God’s love never ends. Dear Sisters, marvelous. I like to support you financially. Please give your phone no. as reply.

  4. Hearty CONGRATULATION sisters.പ്രിയപ്പെട്ട സിസ്റ്റർസ്നനിങ്ങളുടെ ത്യാഗങ്ങൾ ദൈവത്തിൻറെ മുമ്പിൽ തിളങ്ങി നിൽക്കുന്നമുത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.