ഭ്രൂണഹത്യാ ക്ലിനിക്കില്‍ ജീവന്റെ മുദ്രാവാക്യം മുഴക്കിയ വൈദികൻ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തു

ഭ്രൂണഹത്യാ ക്ലിനിക്കില്‍ ജീവന്റെ മുദ്രാവാക്യം മുഴക്കിയ വൈദികൻ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തുള്ള ട്രെൻഡൻ നഗരത്തിലെ പ്ലാൻഡ് പേരൻഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യാ പ്രസ്ഥാനത്തിന്റെ ശൃംഖലയിൽപ്പെടുന്ന ക്ലിനിക്കിനു മുന്നിൽ പ്രതിഷേധിച്ചതിനെത്തുടർന്നാണ്  കത്തോലിക്കാ വൈദികനുൾപ്പെടെയുള്ള നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

“റെഡ് റോസ് റെസ്ക്യൂ” എന്ന പേരിലറിയപ്പെടുന്ന റോസാപ്പൂവ് നൽകി ഭ്രൂണഹത്യയ്ക്കായി എത്തുന്ന സ്ത്രീകളോട് അതിന്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ച്  ഭ്രൂണഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണ് പ്രവർത്തകർ അവലംബിച്ചിരുന്നത്. ഇവർ ക്ലിനിക്കിൽ എത്തിയ സ്ത്രീകളോട് സംസാരിക്കുന്നതിനിടയില്‍ പ്ലാൻഡ് പേരൻഹുഡിന്റെ അധികൃതർ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.

പോലീസെത്തിയപ്പോൾ പ്രവർത്തകർ സ്ത്രീകളുമായി സംസാരിക്കുന്നത് തുടരുകയും ചിലർ നിലത്ത് നിശബ്ദതയിൽ പ്രാർത്ഥിക്കാൻ ആരംഭിക്കുകയും ചെയ്തു. തുടർന്ന്, അതിക്രമിച്ച് അകത്തുകടന്നു എന്ന കുറ്റത്തിന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാ. ഫിഡലിസ് മോസിൻസ്ക്കി എന്ന കത്തോലിക്കാ വൈദികനും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.