ദിവസവും മൈലുകള്‍ താണ്ടി അയാളെത്തി; തന്റെ പ്രിയതമയ്ക്കു നല്‍കിയ വാക്ക് പാലിക്കാന്‍ 

    വിവാഹം അത് നടക്കുന്നത് സ്വര്‍ഗത്തില്‍ വെച്ചാണെന്നു വിശ്വസിക്കുന്ന ഒരു തലമുറ നമുക്കിടയില്‍ ഉണ്ട്. കാലം മാറും തോറും അതിന് ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും വിവാഹ ബന്ധത്തെ ഭൂമിയിലെ ഏറ്റവും പവിത്രമായ ബന്ധമായാണ് കണക്കാക്കുക. ദൈവം തനിക്കായി നല്‍കിയ പങ്കാളിക്ക് ഒപ്പം ദാമ്പത്യ വിശ്വസ്തത അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുന്ന അനേകം മാതൃകകള്‍ നമുക്ക് മുന്‍പില്‍ ഉണ്ടാകാം.

    അങ്ങനെ ഉള്ള അനേകരില്‍ ഒരാളാണ് ലൂഥര്‍ യങ്ങര്‍. താലി കെട്ടിയ നിമിഷം മുതല്‍ തന്റെ ഭാര്യയെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ, അവളില്ലാത്ത ഒരു നിമിഷം പോലും തനിക്കു ജീവിക്കുവാന്‍ കഴിയില്ല എന്ന് ചിന്തിച്ച മനുഷ്യന്‍. ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ എന്ന സ്ഥലത്ത്  തന്റെ ഭാര്യയുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഒന്നും രണ്ടുമല്ല നീണ്ട 55 വര്‍ഷം. അപ്പോള്‍ ഏകദേശം ഇവര്‍ക്ക് എത്ര വയസുണ്ടെന്ന് ഊഹിക്കാമല്ലോ. നീണ്ട അമ്പത്തഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഇണങ്ങിയും പിണങ്ങിയും ആ ജീവിതം അവര്‍ ആസ്വദിച്ചു കടന്നു പോന്നു. എന്നും ഒപ്പമുണ്ടാകും എന്ന് വിവാഹ വേദിയില്‍ വച്ചു നല്‍കിയ ഉറപ്പ് അണുവിട തെറ്റാതെ അദ്ദേഹം പാലിച്ചു പോന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ന്യുമോണിയ കൂടി ഭാര്യ ആശുപത്രിയില്‍ ആകുന്നത്.

    തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന തന്റെ പ്രിയപ്പെട്ടവളെ കാണുവാന്‍ സാധിച്ചില്ലെങ്കിലും നിന്റെ ഒപ്പം ഞാനുണ്ട് എന്ന് ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം എന്നും ആശുപത്രിയില്‍ എത്തും. ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ആറു മൈല്‍ ദൂരം ഉണ്ട്. ബസ്സോ കാറോ ഉണ്ടെങ്കില്‍ വരുന്നതിന് എന്താ കുഴപ്പം എന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ആ ആറു മൈല്‍ നടന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തുക. അതും തന്റെ തൊണ്ണൂറ്റി ഒന്‍പതാം വയസില്‍! ഇപ്പോള്‍ ആ സ്‌നേഹത്തിന്റെ ആഴം മനസിലായി കാണുമല്ലോ…

    ആറു മൈല്‍ ദൂരം ഒരു വലിയ ദൂരമായോ ബുദ്ധിമുട്ടായോ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല എന്ന് യങ്ങര്‍ പറയുന്നു. കാരണം ആ സമയമത്രയും അദ്ദേഹം തന്റെ വിവാഹ ജീവിതത്തിന്റെ ആരംഭം മുതല്‍ ഉള്ള നിമിഷങ്ങളെ ഓര്‍ക്കും. തന്റെ പ്രിയപ്പെട്ടവളെ ചേര്‍ത്തു പിടിച്ചു താന്‍ നടത്തിയ ആ യാത്രയുടെ ഓര്‍മ്മകള്‍ തന്നെ എത്രയും വേഗം അവിടെ എത്തുവാന്‍ പ്രേരിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. പലരും അദ്ദേഹത്തിന്റെ പക്കല്‍ ചോദിച്ച ഒരു ചോദ്യമുണ്ട് ‘ബസില്‍ ആയിക്കൂടെ യാത്ര. ഇത്രയും ദൂരം എന്തിനു നടക്കണം ? ആ ചോദ്യം ചോദിച്ചവര്‍ക്ക് മുന്നില്‍ നിന്ന് ഒരു ചെറു ചിരി സമ്മാനിച്ചു കൊണ്ട് അദ്ദേഹം പറയും ‘ എനിക്ക് ഒരു ഭാര്യയുണ്ട്. അവളെ എനിക്ക് ചെന്ന് കാണേണ്ടതാണ്. ബസിനു വേണ്ടി കാത്തു നിന്ന് ഒരു നിമിഷം പോലും പാഴാക്കി കളയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ ജീവിതത്തെ പച്ച പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത അച്ഛന്റെ ശക്തി അമ്മയായിരുന്നു എന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു.

    ഈ സ്‌നേഹം ദൈവം തന്റെ ജീവിതത്തില്‍ വിളക്കാകാനായി നല്‍കിയ തുണയെ ദുഖത്തിലും സന്തോഷത്തിലും കഷ്ടപ്പാടുകളിലും ചേര്‍ത്തു പിടിക്കുക എന്നത് വളരെ വലിയ ഒരു ദൗത്യം ആണ്. നിസാര കാര്യങ്ങളുടെ പേരില്‍ വേര്‍പിരിയുന്നവര്‍ക്കും ദാമ്പത്യ ജീവിതത്തില്‍ വിശ്വസ്തത പുലര്‍ത്താത്തവര്‍ക്കും മുന്നില്‍ സ്‌നേഹത്തിന്റെ, പങ്കുവയ്ക്കലിന്റെ മാതൃകയായി മാറുകയാണ് ഈ വൃദ്ധ ദമ്പതികള്‍.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.