ഉഗാണ്ടയിലെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ നിന്ന് 80 കുട്ടികളെ രക്ഷപ്പെടുത്തി

ഉഗാണ്ടയ്ക്കു ചുറ്റുമുള്ള വിവിധ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നിന്ന് ഈ ആഴ്ച 80 -ലധികം കുട്ടികളെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ സംയുക്ത തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്‌സും മിലിട്ടറി ഇന്റലിജൻസ് മേധാവിയും കലുലെ-ലുവേറോ, എൻടോറോക്കോ ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും അവിടെ നിന്നും 50 കുട്ടികളെ രക്ഷപെടുത്തിയെന്നും പോലീസ് വക്താവ് ഫ്രെഡ് എനംഗ പത്രസമ്മേളനത്തിൽ അറിയിച്ചു.

കസെൻഗെ-വാകിസോ ജില്ലയിലെ മറ്റൊരു തീവ്രവാദ റിക്രൂട്ട്‌മെന്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 22 കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ആയുധം കൈകാര്യം ചെയ്യുന്നതിൽ തങ്ങൾക്ക് പരിശീലനം ലഭിച്ചിരുന്നുവെന്ന് പ്രായപൂർത്തിയാകാത്ത ഈ കുട്ടികൾ പോലീസിനോടു പറഞ്ഞു.

“പോലീസ് രേഖകളനുസരിച്ച്, സഖ്യകക്ഷികളായ ജനാധിപത്യ സേന – എഡിഎഫിനു വേണ്ടി സൗകര്യമൊരുക്കുകയും സാമ്പത്തിക സഹായം നൽകുകയും റിക്രൂട്ട് ചെയ്യുകയും അണിനിരത്തുകയും ചെയ്തതിന് ഇതുവരെ 106 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്” – പോലീസ് അറിയിച്ചു.

പടിഞ്ഞാറൻ ഉഗാണ്ടയിൽ ആരംഭിച്ച ഭീകരസംഘമാണ്‌ എഡിഎഫ്. നിലവിൽ കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. മധ്യ ആഫ്രിക്കയിൽ ഇസ്ലാമിക ഖിലാഫത്ത് രൂപീകരിക്കുക എന്നതാണ് സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇവർ ക്രിസ്ത്യൻ ആധിപത്യമുള്ള ഡിആർസിയിൽ പതിവായി ആക്രമണങ്ങൾ നടത്തുന്നു. ക്രൈസ്തവരെ കൊല്ലുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. അടുത്തിടെ, ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ തീവ്രവാദ സംഘം നാല് ബോംബ് ആക്രമണങ്ങൾ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.