സ്‌കൂള്‍ തുറക്കാറായി! മാതാപിതാക്കളുടെ ശ്രദ്ധയിലേയ്ക്ക് 6 കാര്യങ്ങള്‍…

നീണ്ടുനിവര്‍ന്നു കിടന്ന ഒരു മധ്യവേനലവധി കഴിഞ്ഞു. സ്‌കൂള്‍ തുറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പുതിയ ബാഗും കുടകളും ചെരുപ്പുകളും ഒക്കെയായി സ്‌കൂളില്‍ പോകാന്‍ തയ്യാറായിരിക്കുകയാണ് പല കുട്ടികളും.

കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഉത്തരവാദിത്വം ആണ്. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക, മൂല്യങ്ങളില്‍ വളര്‍ത്തുക എന്നതിനൊപ്പം അവര്‍ എത്തുന്നിടങ്ങളിലൊക്കെ അവര്‍ സുരക്ഷിതരാണ് എന്ന്  ഉറപ്പുവരുത്തുന്നതിനുമുള്ള ബാധ്യത മാതാപിതാക്കള്‍ക്കുണ്ട്. കുട്ടികളെ സ്‌കൂളിലേയ്ക്ക് അയയ്ക്കുന്നതിനു മുമ്പ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. കുഞ്ഞുങ്ങളെ മാറ്റങ്ങള്‍ക്കായി ഒരുക്കാം

ഒരു നീണ്ട അവധിക്കാലത്തിനു ശേഷമാണ് കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുവാന്‍ തയ്യാറെടുക്കുന്നത്. പഠിത്തത്തിന്റേതായ ചുറ്റുപാടുകളില്‍ നിന്നും ടൈം ടേബിളുകളില്‍ നിന്നും അകന്നിരിക്കുന്ന സമയം. അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ കിടക്കുന്നതും എഴുന്നേല്‍ക്കുന്നതുമൊക്കെ അവര്‍ക്ക് തോന്നുന്ന സമയത്തായിരിക്കും. അതിനാല്‍ തന്നെ തുടര്‍ന്നുവന്ന ശീലങ്ങളില്‍ മാറ്റം വരുത്തി അവരെ ഒരു അധ്യയന വര്‍ഷാരംഭത്തിനായി ഒരുക്കാം.

2. കുട്ടികളെ വൈകാരികമായും ശാരീരികമായും തയ്യാറാക്കുക

ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് അവരെ പഠനത്തിന്റെ ലോകത്തേയ്ക്ക് നയിക്കുക ആവശ്യമാണ്. അവധിക്കാലം സുഖമായി ചിലവഴിച്ചതിന്റെ മടിയും ആലസ്യവും ഒക്കെ ഉണ്ടാകാം. മാതാപിതാക്കളെന്ന നിലയില്‍ പഠനത്തിന്റെ സമയങ്ങള്‍ക്കും ക്രമങ്ങള്‍ക്കും അനുസൃതമായി അവര്‍ തയ്യാറെടുത്തു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

നേരത്തേ തന്നെ എഴുന്നേല്‍ക്കുവാനും കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കഴിക്കുവാനും കൃത്യസമയത്ത് ഉറങ്ങുവാനും ശീലിപ്പിക്കാം. ഒപ്പംതന്നെ കുട്ടികളില്‍ പഠനസംബന്ധമായ എന്തെങ്കിലും ഭയം, നിരാശ തുടങ്ങിയവ ഉണ്ടോ എന്ന് ചോദിച്ചറിയാം. ഉണ്ടെങ്കില്‍ അത് ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാം.

3. നിങ്ങളുടെ കുട്ടിയുടെ ചിയര്‍ലീഡര്‍ ആകുക

കുട്ടികള്‍ക്ക് പൂര്‍ണ്ണമായും പിന്തുണ നല്‍കുക. അവരുടെ ഉള്ളില്‍ എന്താണെന്നും അവരുടെ ആഗ്രഹം എന്താണെന്നും കണ്ടെത്തി അതിനനുസൃതമായ പ്രോത്സാഹനം നല്‍കുക. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ പ്രോത്സാഹിപ്പിക്കുവാനും അവരിലേയ്ക്ക് നിറമുള്ള സ്വപ്നങ്ങള്‍ പകര്‍ന്നു കൊടുക്കുവാനും മാതാപിതാക്കള്‍ക്ക് കഴിയണം. നിങ്ങളുടെ വാക്കുകളും പിന്തുണയും, പഠനവുമായി ബന്ധപ്പെട്ട അവരുടെ താല്‍ക്കാലിക ദുഃഖങ്ങളും ആകുലതകളുമൊക്കെ ഇല്ലാതാക്കും.

4. കുഞ്ഞുങ്ങള്‍ ആരുടെ കൂടെയാണ് പോകുന്നത് എന്ന് ഉറപ്പാക്കാം

കുഞ്ഞുങ്ങളെ മാതാപിതാക്കളല്ല സ്‌കൂളില്‍ കൊണ്ടാക്കുന്നതെങ്കില്‍, അതിനുള്ള ആളെ നേരത്തെ തന്നെ പ്രത്യേകം കണ്ടെത്തിയിരിക്കണം. ആ ആള്‍ നമുക്ക് വിശ്വസ്തനായ ആളാണെന്ന് ഉറപ്പുവരുത്തുകയും വേണം. കുഞ്ഞുങ്ങളെ അയയ്ക്കേണ്ട വാഹനങ്ങളും മറ്റും നേരത്തെ തന്നെ കണ്ടെത്തി അതിനുള്ള കാര്യങ്ങളൊക്കെ ശരിയാക്കി വയ്ക്കുന്നത് തുടക്കദിവസത്തെ ടെന്‍ഷന്‍ കുറയ്ക്കുവാന്‍ സഹായിക്കും.

5. സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കാം

സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിങ്ങളുടെ അടുക്കല്‍ വന്നു പറയുവാന്‍ കുട്ടികള്‍ക്ക് താല്പര്യം തോന്നുംവിധത്തിലുള്ള ഒരു സ്വാതന്ത്ര്യം മാതാപിതാക്കളിലും കുട്ടികളിലും ഉണ്ടാകണം. അത് കുട്ടികളുടെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും എളുപ്പത്തില്‍ മനസിലാക്കുവാനും ഉചിതമായ സമയത്തു തന്നെ അവയ്ക്ക് പരിഹാരം കണ്ടെത്തുവാനും സഹായിക്കും.

കുട്ടികളുടെ ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍  അവരുടെ സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളുമായി നല്ല ഒരു ബന്ധം ഉണ്ടായിരിക്കുക ആവശ്യമാണ്. കുട്ടികള്‍ എവിടെയാണ്? അവരുടെ നിലവാരം എന്താണ്? അവര്‍ ആരുടെ കൂടെയാണ്? തുടങ്ങിയ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുവാന്‍ ഇതിലൂടെ കഴിയും.

6. പോസിറ്റീവ് ആയി സംസാരിക്കാം

സ്വന്തം കുട്ടികളെ എപ്പോഴും താഴ്ത്തിപ്പറയുന്ന, മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്ന ചില മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരിക്കലും പറയരുത്. അത് കുട്ടികളെ വളരെയധികം വേദനിപ്പിക്കുണ്ട് എന്നു മാത്രമല്ല അവരുടെയുള്ളില്‍ അപകര്‍ഷതാബോധം, പഠനത്തോട് താല്പര്യമില്ലായ്മ, മാതാപിതാക്കളോടുള്ള വെറുപ്പ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഓരോ കുട്ടികളിലും ദൈവം വ്യത്യസ്തമായ കഴിവുകളാണ് നിക്ഷേപിച്ചിരിക്കുക. അത് കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുവാന്‍ പരിശ്രമിക്കുക.