പുരുഷന്മാർ എന്തുകൊണ്ട് വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കണം..? 5 കാരണങ്ങൾ 

    വി. യൗസേപ്പിതാവ് – വി. ഗ്രന്ഥത്തിൽ അധികമൊന്നും പരാമർശിക്കപ്പെടാതെ എന്നാൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അനേകർക്ക്‌ മാതൃകയായിത്തീർന്ന വ്യക്തിത്വം. ശാന്തമായ പെരുമാറ്റവും എളിമയും കൊണ്ട് അനേകം ആളുകളെ വിശുദ്ധിയുടെ പടവുകളിലേയ്ക്ക് നയിക്കുന്ന വ്യക്തിയാണ് ഈശോയുടെ വളർത്തുപിതാവായ യൗസേപ്പിതാവ്. അദ്ദേഹം പുരുഷന്മാർക്ക് മുന്നിൽ വയ്ക്കുന്നത് വലിയ ഒരു ജീവിതമാതൃകയാണ്.

    വി. യൗസേപ്പിതാവിനെ പുരുഷന്മാർ മാതൃകയാക്കണം എന്നുപറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവ താഴെ ചേർക്കുന്നു.

    1. തൊഴിലാളികളുടെ മദ്ധ്യസ്ഥൻ

    ജീവിതത്തിലെ ചെലവുകളുടെ വലിയ ഒരു ഭാഗം പുരുഷന്മാരുടെ അദ്ധ്വാനഫലമാണ്. തൊഴിൽമേഖലയിൽ ദൈവാനുസൃതമായ ഒരു ജീവിതം നയിക്കുവാൻ പിതാക്കന്മാർ ധാരാളം കഷ്ടപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം ദൈവത്തോട് ചേർന്നുനിന്നു കൊണ്ട് ജീവിതഭാരം വഹിക്കുവാൻ പുരുഷന്മാരെ പ്രാപ്തരാക്കും. ഒപ്പംതന്നെ ജോലി കണ്ടെത്താനായി നെട്ടോട്ടമോടുന്നവർക്കായി വി. യൗസേപ്പിതാവ് പ്രത്യേകം മാദ്ധ്യസ്ഥ്യം വഹിക്കും.

    ദൈവപുത്രനു വേണ്ടി ജീവിക്കാൻ നിയോഗിക്കപ്പെട്ടവനാണ് വിശു. യൗസേപ്പിതാവ്. അതിനാൽ ഓരോരുത്തരുടെയും കുടുംബങ്ങൾക്കായി മനുഷ്യർ നേരിടുന്ന സമ്മർദ്ദം മനസിലാക്കുവാനും സഹായിക്കുവാനും കഴിയും.

    2. ശക്തിയുള്ള മാദ്ധ്യസ്ഥ്യം

    വി. ആവിലായിലെ അമ്മത്രേസ്യ, വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “നമ്മുടെ ചില ആവശ്യങ്ങളിൽ മറ്റ് വിശുദ്ധന്മാർക്ക്,  നമ്മെ സഹായിക്കാൻ കർത്താവ് കൃപ നൽകിയിട്ടുണ്ട്. എന്നാൽ, വി. യൗസേപ്പിതാവ് നമ്മുടെയിടയിൽ ആയിരുന്നുകൊണ്ട് നമ്മെ സഹായിക്കുന്നു. ദൈവം തന്നെത്തന്നെ വിധേയനായക്കി മനുഷ്യനായി അവതരിച്ചപ്പോൾ അവിടുത്തെ വളർത്തിയ യൗസേപ്പിതാവിന് ഈശോയോട് കൽപ്പിക്കുവാനും ആവശ്യങ്ങൾ ചോദിച്ചുവാങ്ങി നൽകുവാനും ആജ്ഞാപിക്കുവാനും അവകാശമുണ്ട്. കാരണം, ദൈവപുത്രന്റെ രക്ഷാധികാരിയായിരിക്കെ, പിതാവെന്ന് വിളിക്കപ്പെടുന്നതിനാൽ, ഈശോയോട് കൽപിക്കാൻ യൗസേപിതാവിന് കഴിയും.

    3. പിതൃത്വത്തിന്റെ നിർമ്മല മാതൃക

    യേശുവിന്റെ വളർത്തുപിതാവാകുവാൻ പിതാവായ ദൈവം എല്ലാ മനുഷ്യരിൽ നിന്നും വി. ജോസഫിനെ തിരഞ്ഞെടുത്തു. അത് വി. യൗസേപ്പിതാവിന്റെ സ്വഭാവസവിശേഷതയിൽ ദൈവത്തിനുള്ള ഉറപ്പ് കൊണ്ടായിരുന്നു. കന്യകാമറിയത്തെയും സംരക്ഷിക്കുവാനും ദൈവപുത്രനെ കരുതലോടെ വളർത്തുവാനും വി. യൗസേപ്പിതാവിനു കഴിയും എന്ന് ദൈവം ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വസ്തത യൗസേപ്പിതാവ് കാത്തുപാലിക്കുകയും ചെയ്തു.

    ഒരു മനുഷ്യനാകുന്നത് എങ്ങനെയെന്ന് വി. ജോസഫ് ഈശോയെ പഠിപ്പിച്ചു. വിശ്വസ്തനായ ഒരു യഹൂദനാകുന്നത് എങ്ങനെയെന്നും തച്ചൻ എങ്ങനെയാണെന്നും അദ്ദേഹം അവനെ പഠിപ്പിച്ചുവെന്നതിൽ സംശയമില്ല. വി. ജോസഫിനെപ്പോലെ, പിതാവായ ദൈവത്തിന്റെ സ്നേഹം കുടുംബാംഗങ്ങളിലേയ്ക്ക് പകരുവാൻ വിളിക്കപ്പെട്ടവരാണ് ഓരോ കുടുംബനാഥന്മാരും.

    4. അനുസരണയുടെ മനുഷ്യൻ 

    ദൈവം എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോഴെല്ലാം അതിനോട് പോസിറ്റിവ് ആയി പ്രതികരിക്കുവാൻ ജോസഫ് ഉത്സുകനായിരുന്നു. എല്ലായിപ്പോഴും ദൈവഹിതം പിന്തുടർന്നു. സ്വന്തം ഇഷ്ടങ്ങളുംആഗ്രഹങ്ങളും പിന്തുടരുവാൻ അവസരങ്ങൾ ഏറെയുള്ള ഈ ലോകത്ത് ദൈവഹിതം പിന്തുടരുന്നതിലൂടെ യഥാർത്ഥ മഹത്വം കണ്ടെത്തുവാൻ കഴിയും എന്ന വലിയ ഓർമ്മപ്പെടുത്തലാണ് ഈ വിശുദ്ധന്റെ ജീവിതം.

    5. നിശബ്ദനായി മനുഷ്യനായിരുന്നു

    ജോസഫ് ഒരു അക്ഷരം പോലും സംസാരിക്കുന്നതായി കാണുവാൻ കഴിയില്ല. അദ്ദേഹം വളരെ നിശബ്ദനായിരുന്നു. ഈ നിശബ്ദത കാരണം, ദൈവത്തിന്റെ ശബ്ദം കേൾക്കാനും വിശുദ്ധ കുടുംബത്തിനായുള്ള അവന്റെ ഇഷ്ടം മനസ്സിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബഹളങ്ങൾ നിറഞ്ഞ ലോകത്തിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ നമ്മുടെ ഹൃദയത്തെ ശാന്തമാക്കി നിശബ്ദതയിലേക്ക് പ്രവേശിക്കണമെന്ന് ജോസഫ് നമ്മെ ഓർമ്മിപ്പിക്കുന്നു.