വി. കുർബാന അർപ്പണം അർത്ഥപൂർണ്ണമാക്കാൻ 11 പ്രായോഗിക കല്പനകൾ

ഫാ. ജെയ്സൺ കുന്നേൽ

“നിങ്ങളുടെ ജീവിതം കുർബാനയ്ക്കു ചുറ്റും നെയ്യപ്പെട്ടിരിക്കണം. നിങ്ങളുടെ കണ്ണ് കർത്താവിങ്കലേക്കു തിരിക്കുക അവിടുന്നു പ്രകാശമാണ്. നിങ്ങളുടെ ഹൃദയങ്ങൾ അവിടുത്തെ ദൈവീക ഹൃത്തിലേക്കു വളരെയേറെ അടുപ്പിക്കുക.” കൽക്കത്തയിലെ വി. മദർ തെരേസായുടെ വാക്കുകളാണിവ.

മാനവകുലത്തിനറിയാവുന്ന ഏറ്റവും വലിയ പ്രാർത്ഥനയാണ് വിശുദ്ധ കുർബാന. കുർബാനയ്ക്കു ചുറ്റം ജീവിതം കെട്ടിപ്പടുത്താൽ ജീവിതം സമ്പൂർണ്ണമാകും. പക്ഷേ ഈ വലിയ പ്രാർത്ഥനയുടെ മഹത്വവും ഫലദായകത്വവും നമ്മൾ മനസ്സിലാക്കുന്നില്ല അല്ലങ്കിൽ അതിനായി പരിശ്രമിക്കുന്നില്ല. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടു കൂടി വിശുദ്ധ ബലിയിൽ സംബന്ധിക്കാനും ജീവിതത്തെ പരിവർത്തനപ്പെടുത്താനും ചില പ്രായോഗിക നിർദ്ദേശങ്ങൾ കുറിക്കട്ടെ.

1. നിശബ്ദമായ പ്രാർത്ഥനയോടെ വിശുദ്ധ കുർബാനയ്ക്കു ഒരുങ്ങുക
വി. കുർബാനയ്ക്കു അഞ്ചു മിനിറ്റു മുമ്പെങ്കിലും ദൈവാലയത്തിൽ വരുക. നിശബ്ദതയിൽ പ്രാർത്ഥിച്ചു കൊണ്ട് കുർബാനയ്ക്കു ഒരുങ്ങുക. ഉദാഹരണമായി ഒരു പ്രാർത്ഥന: “രക്ഷകനായ യേശുവേ, വലിയൊരു അത്ഭുതത്തിനു സാക്ഷ്യം വഹിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു, മാലാഖമാരോടും സകല വിശുദ്ധരോടും സർവ്വോപരി പരിശുദ്ധ അമ്മയോടൊപ്പം ഞാനിതാ നിന്റെ മുമ്പിൽ വന്നിരിക്കുന്നു. ഭയഭക്തിയോടെ ഈ ബലി അർപ്പിക്കാൻ എന്നെ പ്രാപ്തനാക്കണമേ.”

അതിനു ശേഷം പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും തിരുസ്വരൂപങ്ങളിലേക്കു നോക്കി സ്വർഗ്ഗവാസികളൊത്താണ് ഞാൻ ബലി അർപ്പിക്കുന്നത് എന്ന ബോധ്യത്തിലേക്കു വരിക.

2. വിശുദ്ധ കുർബാനയ്ക്കു നിയോഗം വയ്ക്കുക
ബലിയർപ്പിക്കാനായി ദൈവാലയത്തിൽ വരുമ്പോൾ നിയോഗം മനസ്സിൽ സൂക്ഷിക്കണം. നിയോഗത്തോടെയുള്ള ബലി അർപ്പണത്തിൽ അത്ഭുതം നമ്മൾ അനുഭവിക്കും.

3. കുർബാന പുസ്തകമെടുത്തു പ്രാർത്ഥിക്കുക
വിശുദ്ധ കുർബാനയിൽ നമ്മൾ കാഴ്ചക്കാരല്ല. സമർപ്പിതരാണ്. നമ്മുടെ ബലി അർപ്പണം ഉത്തമമാകണമെങ്കിൽ അതിൽ സജീവമായ ഭാഗഭാഗിത്വം ഉണ്ടായിരിക്കണം. പ്രാർത്ഥനകളും ഗാനങ്ങളും ഉറക്കെ ചൊല്ലുകയും ആലപിക്കുകയും വേണം. അതിനുള്ള ഉത്തമ മാർഗ്ഗമാണ് കുർബാന പുസ്തകം കൈകളിലെടുത്തുള്ള ബലി അർപ്പണം.

4. വിശുദ്ധ കുമ്പസാരം നടത്തി ബലി അർപ്പിക്കാൻ ഒരുങ്ങുക
ദൈവത്തോടു അടുക്കുന്നതിനു പ്രതിബന്ധമായി നമ്മുടെ മുമ്പിൽ നിൽക്കുന്നതു നമ്മുടെ പാപങ്ങളാണ്. അതിനാൽ പാപവസ്ഥയിൽ ആയിരുന്നാൽ വി. കുർബാനയുടെ ഫലദായകത്വം അനുഭവിച്ചറിയാൻ നമ്മൾ പരാജയപ്പെടും, വിശുദ്ധ കുമ്പസാരം ഇതിനുള്ള ഉത്തമ മറുമരുന്നാണ്.

5. കുർബാന സമയത്തു മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത വെടിയുക
മുള്ളവർ എന്തു ചെയ്യുന്നു, എന്തു ധരിച്ചിരിക്കുന്നു, എങ്ങനെ പെരുമാറുന്നു എന്നറിയാൻ എപ്പോഴും വെമ്പൽ കൊള്ളുന്നതാണ് മനുഷ്യമനസ്സ്. വിശുദ്ധ ബലിയിൽ സംബന്ധിക്കുന്ന വേളയിലും അതിനു മാറ്റം ഒന്നു വരുകയില്ല. ഈ പ്രലോഭനത്തെ അതിജീവിക്കുമ്പോഴെ യഥാർത്ഥ ബലി അർപ്പിക്കാൻ എനിക്കു സാധിക്കുകയുള്ളൂ. ബലിയർപ്പണ വേളയിൽ ഞാനും എന്റെ ദൈവവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കണം. ഈ ബന്ധം ദൃഢമായാൽ സഹോദരങ്ങളോടുള്ള ബന്ധം മെച്ചപ്പെട്ടു കൊള്ളും. ഞാനും എന്റെ ദൈവവും തമ്മിലുള്ള ബന്ധത്തിൽ ‘മറ്റുള്ളവർ എന്തു വിചാരിക്കും’ എന്ന ചിന്ത ഒരിക്കലും നമ്മെ പുറകോട്ടു വലിക്കരുത്. കൈൾ കൂപ്പുക, മുട്ടുകുത്തുക, കുർബാനയ്ക്കു ശേഷം നിശബ്ദമായി നന്ദി പറയുക. ഇതൊന്നും അവൻ/ അവൾ എന്തു വിചാരിക്കും എന്ന മുടന്തൻ ന്യായത്താൽ നഷ്ടപ്പെടുത്തികളയരുത്.

6. വചന വായന ശ്രദ്ധാപൂർവ്വം ശ്രവിക്കുക
വിശുദ്ധ ബലിയിൽ വചനശുശ്രൂഷക്കു വലിയ സ്ഥാനമാണുള്ളത്. അപ്പം മുറിക്കൽ ശുശ്രൂഷയിലേക്കു ദൈവജനത്തെ വിശുദ്ധീകരിച്ചൊരുക്കുക എന്നതാണ് വചനശുശ്രൂഷയുടെ ധർമ്മം. ബലിയർപ്പണത്തിൽ വായിച്ച വചന വായനകൾ ഒരു ചെവിയിലൂടെ കേറി മറു ചെവിയിലൂടെ പുറത്തു പോകേണ്ടതല്ല. അവ ഹൃദയത്തിൻ വേരു പാകി ഫലം പുറപ്പെടുവിക്കേണ്ടതാണ്. അതിനാൽ വചന വായനകൾ ശ്രദ്ധാപൂർവ്വം ശ്രവിക്കുക, സാധിക്കുമെങ്കിൽ കുർബാനയ്ക്കു മുമ്പു അവ വായിച്ചൊരുങ്ങി വരിക. ശ്രവിച്ച വചനത്തിന്റെ ഒരു ഭാഗമെങ്കിലും അന്നേ ദിവസം ഞാൻ പ്രാവർത്തികമാക്കും എന്ന വിശുദ്ധ വാശി നമുക്കു കാത്തു സൂക്ഷിക്കാം.

7. കാഴ്ച സമർപ്പണത്തിൽ തന്നെത്തന്നെ സമർപ്പിക്കുക
കാർമ്മികൻ അപ്പവും വീഞ്ഞും കാഴ്ചയായി അർപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തെയും, സങ്കടങ്ങളെയും, ദുഃഖങ്ങളെയും, പ്രതീക്ഷകളെയും, ആഗ്രഹങ്ങളെയും, രോഗങ്ങളെയും ദൈവ പിതാവിനു സമർപ്പിക്കുക. “ഈശോയെ, ഞാൻ എന്നെത്തന്നെ ഈ കാഴ്ചവസ്തുക്കളോടൊപ്പം സമർപ്പിക്കുന്നു, എന്നെ സ്വീകരിച്ചു രൂപാന്തരപ്പെടുത്തണമേ” എന്നു മൗനമായി പ്രാർത്ഥിക്കുക

8. കാൽവരിയിലേക്കു സ്വയം യാത്രയാവുക
വിശുദ്ധ ബലിയിൽ നാം പങ്കു ചേരുമ്പോൾ നമുക്കു ചുറ്റുമുള്ളവരുടെ ഒപ്പം ചേർന്നു ഒരു പുതിയ ബലി അല്ല നാം അർപ്പിക്കുന്നത്, മറിച്ച് യേശുക്രിസ്തുവിന്റെ ബലിയിലാണ് നാം പങ്കു ചേരുന്നത്. നമ്മുടെ ദൈവാലയം കാൽവരിയും പുരോഹിതൻ ക്രിസ്തുവും നമ്മൾ കുരിശിൻ ചുവട്ടിലെ യേശുവിന്റെ സ്നേഹിതരുമാകുന്നു. അതിനാൽ വൈദീകരെ നോക്കി അല്ല നാം വിശുദ്ധ കുർബാനയ്ക്കു പോകേണ്ടത്.

9. വി. കുർബാനയിലെ സ്ഥാപന വചനങ്ങൾ ഉരുവിടുമ്പോൾ നിശബ്ദതയിൽ പ്രാർത്ഥിക്കുക
പുരോഹിതൻ ഈശോയുടെ തിരുശരീരവും ഉയർത്തുമ്പോൾ “എന്റെ കർത്താവേ എന്റെ ദൈവമേ” എന്നും തിരുരക്തം ഉയർത്തുമ്പോൾ “എന്റെ ഈശോയെ എന്നോടു കരുണ ആയിരിക്കണമേ” എന്നും നിശബ്ദമായി പ്രാർത്ഥിക്കുക.

10. വിശുദ്ധ കുർബാന സ്വീകരണത്തിനായി ലൈനിൽ നിൽക്കുമ്പോൾ നിശബ്ദമായി പ്രാർത്ഥിക്കുക
വി. ജോൺ വിയാനി പഠിപ്പിക്കുന്നു: “കുർബാന സ്വീകരണത്തിനു പോകാതിരിക്കുന്നത് ഉറവയുടെയടുത്ത് ദാഹിച്ചു മരിക്കുന്നതു പോലെയാണ്.” ബലിയിൽ സംബന്ധിക്കുമ്പോൾ കുർബാന സ്വീകരണം ഒരിക്കലും മുടക്കരുത്. ദിവ്യകാരുണ്യം സ്വീകരിക്കാനായി കാത്തു നിൽക്കുമ്പോൾ കൊച്ചു കൊച്ചു സുകൃത ജപങ്ങൾ മനസ്സിൽ ഉരുവിടുക. ‘ഈശോയെ നീ എന്റെ ഹൃദയത്തിൽ വരാൻ ഞാൻ യോഗ്യനല്ല. ഈശോയെ എന്റെ സ്നേഹമായിരിക്കണമേ, പരിശുദ്ധ മറിയമേ എന്നെ സ്നേഹത്തിന്റെ അൾത്താരയിലേക്കു നയിക്കണമേ, പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ എന്റെ സ്നേഹമായിരിക്കണമേ, ജീവിക്കുന്ന ദൈവപുത്രാ എന്നിൽ കനിയണമേ’ ഇവ ചില ഉദാഹരണങ്ങൾ മാത്രം.

11. ദൈവാലയത്തിൽ നിന്നു പുറത്തിറങ്ങും മുമ്പു കേട്ട വചനഭാഗം ഒരിക്കൽ കൂടി ഓർമ്മിക്കുക
പരിശുദ്ധ കുർബാന കഴിഞ്ഞു ദൈവാലയ വാതിൽ കടക്കുമ്പോൾ അർപ്പിച്ച കുർബാനയിൽ നിന്നു എന്തെങ്കിലും ഹൃദയത്തിൽ കൊണ്ടുപോകാൻ ശ്രദ്ധിക്കണം. വചനഭാഗമോ, വചന സന്ദേശമോ ആകാം അത്. ജീവിതം കുർബാനയുടെ തുടർച്ചയാണെന്ന കാര്യം ഒരിക്കലും മറക്കരുതേ.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.