ബൈബിളിനെക്കുറിച്ച് ഓരോ കത്തോലിക്കനും അറിഞ്ഞിരിക്കേണ്ട 10 വസ്തുതകൾ

സെപ്റ്റംബർ മാസം കത്തോലിക്കാ സഭ വിശുദ്ധ ബൈബിളിന്റെ മാസമായി ആചരിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥം നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയസമ്പത്തും അടിത്തറയുമാണ്.

നിയമങ്ങളുടെ ഒരു സമാഹാരവും ഒരു പ്രത്യേക ആത്മീയധാർമ്മികതയും” എന്നതിനേക്കാളുപരിയായി ദൈവം തന്റെ മക്കളുമായി ആശയവിനിമയം നടത്തുന്ന ഉപാധി, ഒരു പ്രണയലേഖനം, ഒരു നാവിഗേഷൻ റൂട്ട്, ഒരു ചോദ്യോത്തര പുസ്തകം, നിർമ്മാതാവിന്റെ ഒരു നിർദ്ദേശ മാനുവൽ, ബുദ്ധിമുട്ടുള്ള നിമിഷങ്ങളിൽ ദൈവം പിന്തുണക്കുന്ന ദുർബലരായ മനുഷ്യരുടെ സാക്ഷ്യങ്ങളുടെ ഒരു സമാഹാരം എന്നീ രീതിയിലൊക്കെ ബൈബിൾ കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ അതിവിശിഷ്ടമായ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമായി വിശുദ്ധ ഗ്രന്ഥം നിലകൊള്ളുന്നു.

ഈ അർത്ഥത്തിൽ, വിശുദ്ധ തിരുവെഴുത്തുകൾ വായിക്കുന്ന ആർക്കും ദൈവഹിതം അറിയാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും ‘ജീവിതം പൂർണ്ണമായി’ ജീവിക്കാനും പഠിക്കാനാകും. കത്തോലിക്കർക്കുള്ള ബൈബിൾ ആത്മീയഭക്ഷണമാണ്. കാരണം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ, “നമ്മുടെ ജീവിതത്തിന്റെ ശക്തി” അവിടെ കാണാം എന്നതു തന്നെ.

ബൈബിൾ വെറുമൊരു സാഹിത്യമല്ല. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു സാധാരണ പുസ്തകം പോലെയുമല്ല. മറിച്ച് അതിന്റെ ഓരോ വാക്യങ്ങളും ആഴത്തിൽ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

വിശുദ്ധ ബൈബിളിനെക്കുറിച്ചുള്ള 10 വസ്തുതകൾ വായിച്ചറിയാം.

1. ബൈബിൾ എന്ന പദം ലാറ്റിൻ വാക്കായ ‘ബിബ്ലിയ’യിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. എന്നാൽ ഇതിന്റെ മൂലപദം ഗ്രീക്കിൽ നിന്നാണ് വന്നത്. ബിബ്ലിയ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം ‘പുസ്തകങ്ങൾ’ എന്നാണ്.

2. 73 പുസ്തകങ്ങൾ ചേർന്നതാണ് ബൈബിൾ. പഴയനിയമത്തിൽ 46 പുസ്തകങ്ങളും പുതിയനിയമത്തിൽ 27 പുസ്തകങ്ങളുമുണ്ട്.

3. മൂന്നു ഭാഷകളിലായാണ് ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത്. പഴയനിയമത്തിന്റെ ഭൂരിഭാഗവും ഹീബ്രുവിലും ചില ഭാഗങ്ങൾ അറമായ ഭാഷയിലും എഴുതിയിട്ടുണ്ട്. എന്നാൽ ഗ്രീക്ക് ഭാഷയിലാണ് പുതിയനിയമം എഴുതപ്പെട്ടത്.

4. 185 ഗാനങ്ങളെങ്കിലും ബൈബിളിലുണ്ട്. കാരണം ആ സമയത്ത് ആളുകൾ ദൈവത്തെക്കുറിച്ചോ, ചുറ്റുമുള്ള സംഭവങ്ങളെക്കുറിച്ചോ പാടിയിരുന്നു. സങ്കീർത്തനപുസ്തകത്തിലും നിയമങ്ങളിലും കുറഞ്ഞത് 150 ഗാനങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു.

5. 40 -ലധികം എഴുത്തുകാരാണ് ബൈബിൾ എഴുതിയതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. അവരിൽ പ്രവാചകന്മാർ, രാജാക്കന്മാർ, സുവിശേഷകർ, അപ്പോസ്തലന്മാർ മുതലായ വ്യത്യസ്ത സാഹചര്യങ്ങളിലും സ്ഥാനങ്ങളിലും ഉള്ളവരുണ്ട്.

6. ബൈബിളിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകം ജെറമിയയും ഏറ്റവും ചെറിയ പുസ്തകം വി. യോഹന്നാന്റെ മൂന്നാമത്തെ ലേഖനവുമാണ്.

7. രാജാക്കന്മാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, പ്രവാചകന്മാർ, ഒരു ഡോക്ടർ, ഒരു എഴുത്തുകാരൻ, തുടങ്ങി വ്യത്യസ്ത തൊഴിലിലുള്ളവരാണ് ബൈബിൾ എഴുതിയിരിക്കുന്നത്.

8. ബൈബിൾ മൂന്ന് ഭൂഖണ്ഡങ്ങളിലാണ് എഴുതപ്പെട്ടത്. മിക്കതും ഇസ്രയേലിൽ വച്ചാണ് എഴുതപ്പെട്ടിരിക്കുന്നത്. (ഏഷ്യ) എന്നാൽ ഈജിപ്തിലെ (ആഫ്രിക്ക) ചില ഭാഗങ്ങളും യൂറോപ്പിലെ നഗരങ്ങളിലും വച്ച് നിരവധി പുതിയനിയമ ലേഖനങ്ങളും എഴുതപ്പെട്ടു.

9. രോഗശാന്തി, പിശാചുബാധ ഒഴിപ്പിക്കൽ, മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, പ്രകൃതിയോടുള്ള നിയന്ത്രണം എന്നിവയുൾപ്പെടെ യേശുവിന്റെ 40 -ലധികം അത്ഭുതങ്ങൾ ബൈബിളിലുണ്ട്.

10. ബൈബിളിലെ ഏറ്റവും പഴയ പുസ്തകം പലരും വിശ്വസിക്കുന്നതുപോലെ ഉല്പത്തി അല്ല. ബിസി 1400 -ൽ എഴുതിയ ജോബിന്റെ പുസ്തകമാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.