ലെബനൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസ് സന്ദർശനം: സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് കർദിനാൾ ബഷാറ റായി

ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പരമാധികാരത്തിനും സമാധാനത്തിനും വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെബനനിലെ മാരോനൈറ്റ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ ബഷാറ റായി. ലെബനന്റെ ആത്മീയ രക്ഷാധികാരിയായ വിശുദ്ധ ചാർബെൽ മഖ്ലൂഫിന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് മാരോൺ ആശ്രമത്തിൽ നടന്ന വിശുദ്ധ കുർബാന മധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു ലെബനീസ് ഭരണത്തലവൻ വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സായുധ സംഘത്തെ നിരായുധീകരിക്കുന്നതിനും ലെബനീസ് പ്രദേശങ്ങളിൽ നിന്നുള്ള ഇസ്രായേൽ സേനയുടെ പിൻമാറ്റത്തിനുമുള്ള സമഗ്രമായ പദ്ധതി അവതരിപ്പിക്കാനാണ് പ്രസിഡന്റ് ജോസഫ് ഔൺ അമേരിക്കയിലെത്തിയിരിക്കുന്നത്. ലെബനൻ നേരിടുന്ന പ്രതിസന്ധികൾ എത്ര കഠിനമാണെങ്കിലും, ദൈവം കൂടെയുള്ളിടത്തോളം ഈ രാജ്യം തകരില്ല,” എന്ന് കർദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു. ലെബനന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും, ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും ദേശീയ ഐക്യം ഉറപ്പാക്കുന്നതിനും ഭരണാധികാരികളെ ദൈവം വഴിനടത്തട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു.

ആശയക്കുഴപ്പങ്ങൾക്കും മിഥ്യാധാരണകൾക്കും പിന്നാലെ പോകാതെ ലെബനൻ യാഥാർഥ്യത്തിന്റെയും സത്യത്തിന്റെയും പാത തിരഞ്ഞെടുക്കണം. യുദ്ധമല്ല, സമാധാനമാണ് രാജ്യത്തിന് ആവശ്യം. സത്യത്തിലൂടെ മാത്രമേ ഭരണകൂടത്തെ സമുദ്ധരിക്കാനും ജനങ്ങളെ ഒന്നിച്ചുനിർത്താനും സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലെബനന്റെ പരമാധികാരവും ദേശീയ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഏതൊരു കരാറിനും കത്തോലിക്കാ സഭയുടെ പിന്തുണയുണ്ടാകും. ജൂൺ 26-ന് യു.എസ്. മധ്യസ്ഥതയിൽ ഒപ്പുവച്ച ‘ഫ്രെയിംവർക്ക് എഗ്രിമെന്റ്’ കൃത്യമായി നടപ്പിലാക്കപ്പെടണം. ഇത് രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിക്കാനുള്ള പ്രധാന വാതിലാണെന്ന് കർദിനാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.