ഫാ. ടോം ഉഴുന്നാലില്‍ ഒക്‌ടോബര്‍ 1-ന് കേരളത്തില്‍

കൊച്ചി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി 18 മാസം ബന്ദിയാക്കി പാര്‍പ്പിച്ച സലേഷ്യന്‍ സഭാംഗവും മലയാളി വൈദികനുമായ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ ശേഷം ആദ്യമായി കേരളത്തിലെത്തുന്നു. നാലുദിവസത്തെ കേരള സന്ദര്‍ശനവുമായാണ് ഒക്‌ടോബര്‍ ഒന്നിന് കൊച്ചിയിലെത്തുന്നത്.

ആഭ്യന്തര യുദ്ധത്തില്‍ കലുഷിതമായിരുന്ന യെമനിലെ ഏഡനിലുള്ള വിശുദ്ധ മദര്‍ തെരേസയാല്‍ സ്ഥാപിക്കപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനത്തില്‍ നിന്ന് 2016 മാര്‍ച്ച് നാലിനാണ് ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനിമാരെയും 12 അന്തേവാസികളേയും വധിച്ച ശേഷമാണ് ടോമച്ചനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. വത്തിക്കാന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് യെമന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉത്തരവനുസരിച്ചാണ് ഒമാന്‍ അധികാരികളുടെ സഹായത്തോടെ ഫാ.ടോമിനെ കഴിഞ്ഞ 12-ന് മോചിപ്പിച്ചത്. അബുദാബി കേന്ദ്രമായുള്ള കത്തോലിക്കാ രൂപതയുടെ മെത്രാന്‍ ഡോ. പോള്‍ ഹിന്‍ഡര്‍ വത്തിക്കാനും ഒമാന്‍ സര്‍ക്കാരും തമ്മിലുള്ള ഏകോപനത്തിന് നേതൃത്വം നല്‍കിയതും ടോമച്ചന്റെ മോചനത്തിന് സഹായകരമായി.

ഒക്‌ടോബര്‍ ഒന്നിന് രാവിലെ 7.10-ന് ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലെത്തുന്ന ഫാ.ടോമിന്റെ ആദ്യസന്ദര്‍ശനം വെണ്ണല ഡോണ്‍ ബോസ്‌ക്കോ ഹൗസിലാണ്. 9.45-ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. 11 മണിക്ക് എറണാകുളത്ത് പത്രസമ്മേളനത്തില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12 മണിക്ക് വരാപ്പുഴ അതിമെത്രാസമന്ദിരത്തിലെത്തി ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിക്കും. ആര്‍ച്ച്ബിഷപ്പിന്റെ ആതിഥേയത്വത്തിലുള്ള ഉച്ചഭക്ഷണത്തെ തുടര്‍ന്ന് പാലാ ബിഷ്പ്‌സ് ഹൗസിലേക്ക് യാത്രയാകും. വൈകിട്ട് നാലുമണിക്ക് ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 5.30-ന് ടോമച്ചന്റെ മാതൃ ഇടവകയായ രാമപുരം സെന്റ് അഗസ്റ്റിന്‍ ദേവാലയത്തിലെത്തി കൃതജ്ഞതാബലിയര്‍പ്പിച്ച് ഇടവകാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും.

രണ്ടിന് രാവിലെ 9 മണിക്ക് വടുതല ഡോണ്‍ബോസ്‌ക്കോയില്‍ എത്തിച്ചേരുന്ന ടോമച്ചനെ റെക്ടര്‍ ഫാ.പോള്‍സണ്‍ കന്നപ്പിള്ളിയുടെയും ഡയറക്ടര്‍ ഫാ.ജോഷ് കാഞ്ഞൂപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ സലേഷ്യന്‍ വൈദികരും യുവജനകേന്ദ്രം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അരമണിക്കൂര്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയില്‍ പങ്കുചേരും.

ഫാ. ടോം ഉഴുന്നാലില്‍ പൗരോഹിത്യ സ്വീകരണാനന്തരം ആദ്യ നാലുവര്‍ഷം (1990-94) സേവനമനുഷ്ഠിച്ചത് വടുതല ഡോണ്‍ബോസ്‌ക്കോയിലാണ്. ഡോണ്‍ബോസ്‌ക്കോ ടെക്ക്‌നിക്കല്‍ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പളായിരുന്നു ഫാ.ടോം. 11 മണിക്ക് സലേഷ്യന്‍ സഭാംഗങ്ങളുമായുള്ള ഗാതറിംഗിലും ഉച്ചഭക്ഷണത്തിലും പങ്കുചേരും. വൈകിട്ട് ആറു മണിക്ക് തട്ടാഴത്തമ്മ ചാപ്പലില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തുന്ന സൗഹൃദസംഗമത്തില്‍, ബന്ദിയാക്കപ്പെട്ട 556 ദിനങ്ങളിലെ ത്യാഗജീവിതത്തിലെ തടവറ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും തന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ദൈവജനത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് ഫാ. ടോം സംസാരിക്കും. റെക്ടര്‍ ഫാ.പോള്‍സണ്‍ കന്നപ്പിള്ളി സ്വാഗതവും യുവജനകേന്ദ്രം ജനറല്‍ സെക്രട്ടറി സാന്റി ശങ്കൂരിക്കല്‍ നന്ദിയുമര്‍പ്പിക്കും. അന്നേദിവസം വടുതല ഡോണ്‍ബോസ്‌ക്കോയില്‍ വിശ്രമിക്കുന്ന ടോമച്ചന്‍ പിറ്റേന്ന് രാവിലെ 6.30-ന് തിരുവനന്തപുരത്തേക്ക് യാത്രയാകും.

മൂന്നിന് രാവിലെ 11.30-ന് തിരുവനന്തപുരം മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്‌സ് മന്ദിരത്തിലെത്തി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയെ സന്ദര്‍ശിക്കും. തുടര്‍ന്ന് മണക്കാട് ഡോണ്‍ബോസ്‌ക്കോ വീട്ടിലെത്തുന്ന ഫാ.ടോമിനെ മണക്കാട് സഹായാമാതാ പള്ളി വികാരി ഫാ.സ്റ്റീഫന്‍ മുക്കാട്ടിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. അവിടെ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്ത് വിശ്രമിക്കും.

വൈകിട്ട് 5-ന് തിരുവനന്തപുരം മാര്‍ ഈവാനിയോസ് ഹാളില്‍ ഫാ.ടോം ഉഴുന്നാലിന് നല്‍കുന്ന പൊതുസ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ വസതിയിലൊരുക്കുന്ന അത്താഴവിരുന്നിലും ടോമച്ചന്‍ പങ്കെടുക്കും. മണ്‍വിള ഡോണ്‍ബോസ്‌കോ മന്ദിരത്തിലായിരിക്കും അന്ന് താമസിക്കുക.

നാലിന് രാവിലെ 7 മണിക്ക് കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. തുടര്‍ന്ന് തൃശൂര്‍ക്ക് പോകുന്ന ഫാ.ടോം വൈകീട്ട് നാലിന് തൃശൂര്‍ അതിമെത്രാസന മന്ദിരത്തിലെത്തി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവരെ സന്ദര്‍ശിക്കും. വൈകീട്ട് 5-ന് മണ്ണുത്തി ഡോണ്‍ബോസ്‌ക്കോയില്‍ സംഘടിപ്പിച്ചിട്ടുള്ള കൃതജ്ഞതാ ശുശ്രൂഷകളില്‍ ടോമച്ചന്‍ പങ്കെടുക്കും. തുടര്‍ന്ന് ഫാ.ടോം ബെംഗലുരുവിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യാള്‍ ഹൗസിലേക്ക് മടങ്ങും.

ഇന്ന് (29) ഡല്‍ഹിയില്‍ നിന്ന് ബെംഗലുരുവിലെത്തുന്ന ഫാ.ടോം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ വച്ച് കര്‍ദ്ദിനാള്‍മാരെയും സിബിസിഐ നേതൃത്വത്തെയും സന്ദര്‍ശിക്കും. ഒക്‌ടോബര്‍ ഒന്നിന് രാവിലെ 6.05-നാണ് വിമാനമാര്‍ഗം കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്.

ജെസി ചാത്യാത്ത്. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.