ഫാ. ടോം ഉഴുന്നാലിലിന് ബംഗളൂരുവില്‍ ഉജ്ജ്വല സ്വീകരണം

ബംഗളൂരു: ഭീകരരില്‍നിന്നു മോചിതനായ ശേഷം ഇന്നലെ ഡല്‍ഹിയിലെത്തിയ സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ബംഗളൂരു പ്രോവിന്‍സ് അംഗമായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു രാവിലെ ബംഗളൂരുവിലെത്തി. സർക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്ന് അദ്ദേഹം സലേഷ്യന്‍ സഭയുടെ സ്വീകരണം അദ്ദേഹം ഏറ്റുവാങ്ങും.

കൂക്ക്ടൗണ്‍ മില്‍ട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സന്ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12നു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരെയും മെത്രാപ്പോലീത്തമാരെയും ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിക്കും.

സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന ആര്‍ച്ച്ബിഷപ്പുമാര്‍ എന്നിവര്‍  സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ കൂടിക്കാഴ്ചയിലുണ്ടാകും.

വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ഥനയിലും മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

നാളെ രാവിലെ 9.30നു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് സഭാംഗങ്ങളുമായി ഫാ. ടോം അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഞായറാഴ്ച രാവിലെ ആറിന് ബംഗളൂരുവില്‍നിന്നു യാത്ര തിരിക്കുന്ന ഫാ. ടോം ഉഴുന്നാലില്‍ 7.10ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.