ദുരിത മഴയില്‍ കോഴിക്കോട് ഒറ്റപ്പെടുന്നു 

ശക്തമായ മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കോഴിക്കോട്  ജില്ലയെ ഒറ്റപ്പെടുത്തുന്നു. കോഴിക്കോട്ടെയ്ക്കുള്ള ഗതാഗതം ഏകദേശം നിലച്ച മട്ടാണ്. കെ എസ് ആര്‍ ടിസി ഉള്‍പ്പടെ ഗതാഗതം നിര്‍ത്തി. ഉരുള്‍പൊട്ടലിലും മറ്റും ഉള്‍പ്പെട്ടു ആറുപേര്‍ മരണമടഞ്ഞു. മുക്കം,  താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ ഭാഗങ്ങളെല്ലാം പൂര്‍ണമായും ഒറ്റപ്പെട്ടു. മലയോരത്ത് മഴ കനത്തതും കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമാണ് വലിയ ദുരിതത്തിന് കാരണമായത്.

താമരശ്ശേരി, കാരശ്ശേരി, മുക്കം, മാവൂര്‍, നാദാപുരം വിലങ്ങാട്, കൂരാച്ചുണ്ട്, തൊട്ടില്‍പ്പാലം,  കുറ്റ്യാടി ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്. കക്കയം ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. ഷട്ടറുകള്‍ ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഡാം അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ജില്ലയില്‍ 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 2751 കുടുംബങ്ങളില്‍ പെട്ട 8788 പേര്‍ താമസിക്കുന്നുണ്ട്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ബന്ധപ്പെടാന്‍ 1077 എന്ന കണ്‍ട്രോള്‍ റൂം നമ്പറും ആരംഭിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം കനത്തതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.