വിയര്‍പ്പു തുള്ളികള്‍ കൊണ്ട് നമുക്ക് ഇനിയും ഒരു സാമ്രാജ്യം ഒരുക്കാം

ഫാ. ജോബി ചിറയ്ക്കല്‍മണവാളന്‍ എം.സി.ബി.എസ്.

മൂക്ക് തുളയ്ക്കുന്ന ഗന്ധം വന്നപ്പോഴാണ് കണ്ണ് തുറന്നത്. “ആലപ്പുഴയിലേക്കാണ് പുറപ്പെട്ടത്‌, പക്ഷേ, ഗന്ധം കൊച്ചി എത്തിയതിന്റെ ആണ്‌” എന്ന് പണ്ട് ഏതോ രസികന്‍ പറഞ്ഞ പോലെ തോന്നി. അത്ര ശക്തമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത്. എന്റെ നാടിനു ഇത് എന്ത് പറ്റി എന്ന് മൂക്കത്ത് വിരല്‍ വയ്ക്കാതെ ചോദിക്കാന്‍ കഴിയാത്ത അവസ്ഥ!

ജനിച്ചുവളര്‍ന്ന മണ്ണിനെ വെള്ളം കവര്‍ന്നതിനുശേഷം ആദ്യമായി നാട്ടില്‍ വന്നതാണ്‌. അമ്മയും സഹോദരങ്ങളും ഒക്കെ ക്യാമ്പിലാണ്. പ്രായമായ ആളാണ് അമ്മ. സര്‍വവിധ ആരോഗ്യ പ്രശ്നങ്ങളും ഉള്ള അമ്മ വിശ്രമത്തിലായിരുന്നു നേരത്തെ തന്നെ. ക്യാമ്പില്‍ ചെന്ന് അമ്മയെ കണ്ടു. രണ്ട് ബഞ്ചുകള്‍ കൂട്ടിയിട്ടാണ് അമ്മ കിടക്കുന്നത്. ക്യാമ്പില്‍ കിടക്കാന്‍ ബഞ്ച് പോലും കിട്ടാത്തവരെക്കുറിച്ച് ഞാന്‍ അപ്പോള്‍ ചിന്തിച്ചു. വീണ്ടും ഞാന്‍ ഓര്‍ത്തു, അപ്പന്‍ നേരത്തെ യാത്രയായത് നന്നായെന്ന്. ഈ അവസ്ഥയില്‍ അമ്മയെ കണ്ടിരുന്നെങ്കില്‍ അപ്പന് എന്തു വിഷമമായേനെ!

പ്രളയം ഉണ്ടായപ്പോള്‍ മഹാരാഷ്ട്രയില്‍ ആയിരുന്നു. തിരിച്ചു കോട്ടയത്ത്‌ വന്നപ്പോഴും നാട്ടിലെ വെള്ളം ഇറങ്ങിയിരുന്നില്ല. പിന്നെ, കോട്ടയത്തെയും ചങ്ങനാശ്ശേരിയിലെയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു, ആളുകളെ സഹായിച്ചു. സ്വന്തം നാട്ടില്‍ – കുത്തിയതോട് – അപ്പോഴും വെള്ളം ഇറങ്ങിയിരുന്നില്ല. അമ്മയും സഹോദരങ്ങളും ക്യാമ്പില്‍ ആണെന്ന് അറിയാമായിരുന്നു. പക്ഷേ, വെള്ളം ഇറങ്ങാത്തത് കാരണം പോകാന്‍ പറ്റിയില്ല.

കുത്തിയത്തോട് എന്ന പ്രദേശത്തിന്റെ സകല വികസനവും നശിപ്പിച്ച ഒരു പ്രളയമാണ് കടന്നു പോയത്. പാമരനും പണ്ഡിതനും ഒന്നായ അവസ്ഥ. നാട്ടില്‍ എത്തി. ആദ്യമായി എന്റെ മൂക്ക് തുളച്ചു എത്തിയ ഗന്ധം എന്തെന്ന് അന്വേഷിച്ച് നടന്നു. ചെന്ന് എത്തിയത് ഒരു പാലത്തിനു കീഴിലാണ്. ചത്ത മൃഗങ്ങള്‍ പാലത്തിനു കീഴില്‍ കുടുങ്ങി കിടക്കുന്നു! ജീവിതം മുഴുവന്‍ ഒരു കയറിന്റെ അറ്റത്ത്‌ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ മിണ്ടാപ്രാണികള്‍ ഇന്ന് സ്വതന്ത്രരാണ്. സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞ നാള്‍, പക്ഷേ അവയ്ക്ക് അത് ഏറെ നുകരാനായില്ല. അത് അങ്ങനെയാണല്ലോ! സന്തോഷമുള്ള നിമിഷങ്ങള്‍ വേഗത്തില്‍ കടന്നു പോകും. സങ്കടങ്ങള്‍ ഇഴഞ്ഞു നീങ്ങും. ചത്ത്‌ ജീര്‍ണിച്ച അവയെ കടന്നു പോയപ്പോള്‍ മനസ്സില്‍ ഉണ്ടായ വികാരം എന്തെന്ന് ഇപ്പോഴും നിര്‍വചിക്കാന്‍ കഴിയുന്നില്ല. സങ്കടമോ, മരവിപ്പോ, എന്തെല്ലാമോ ചേര്‍ന്ന ഒരു മിശ്രിത വികാരം.

വിയര്‍പ്പും വേദനയും അലിഞ്ഞു ചേര്‍ന്നു

റോഡുകളും പാടവും ഒക്കെ ചെളി മൂടി, തിരിച്ചറിയാന്‍ തന്നെ കഴിയാത്ത അവസ്ഥ. പണ്ട് ക്രിക്കറ്റു കളിച്ചു നടന്ന വഴികളും കളിയിടങ്ങളുമാണ്. സൂക്ഷ്മതയോടെ മുന്നോട്ടു നീങ്ങുമ്പോള്‍ ആ ചാലക്കുടി പുഴയുടെ ഇരു കരകളിലേയും വീടുകള്‍ ദൃശ്യമായി. ഇത്തവണ ഓണം അല്‍പ്പം വേഗത്തില്‍ കടന്നു വന്നോ എന്ന് തോന്നി പോകും, അത്തരത്തിലുള്ള ശുചീകരണ പരിപാടിയിലാണ് എല്ലാവരും. പക്ഷേ ഇത്തവണ ആ വൃത്തിയാക്കലിന് പോലും ഉണ്ട് ഒരു അസ്വാഭാവികത. വീട്ടിലെ പാത്രങ്ങള്‍ക്കൊപ്പം, തടി ഉപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും, എന്തിനു കട്ടില് പോലും വെള്ളത്തില്‍ കഴുകുന്ന അവസ്ഥ.

പ്രളയത്തില്‍ ഒഴുകിയത് ആയിരങ്ങളുടെ അധ്വാനത്തിന്റെ വിയര്‍പ്പ് തുള്ളികള്‍ കൂടിയായിരുന്നു. ആരോടും പരാതിപ്പെടാന്‍ കഴിയാതെ, നിശബ്ദമായി ആ വേദനയുടെ കരച്ചിലുകളെ ഉള്ളിലൊതുക്കുന്ന ഒരു പറ്റം ആളുകള്‍. കേറി കിടക്കാനുള്ള കൂരയില്‍ മറ്റൊന്നും അവശേഷിക്കാതെ എല്ലാം വെള്ളത്തില്‍ അമര്‍ന്നു പോയിരിക്കുന്നു. പാടത്തെ ചെളിയെ തോല്‍പ്പിക്കുന്ന ചെളി അവരുടെ വീടുകളിലും പ്രവേശിച്ചിട്ടുണ്ട്. വീടുകളുടെ പുറം കഴുകാന്‍ എളുപ്പമാണ്. പക്ഷേ, അകം കഴുകല്‍ തീര്‍ത്തും ശ്രമകരം തന്നെ.

കിട്ടി കിട്ടിയില്ല എന്ന നിലയ്ക്കുള്ള സഹായങ്ങള്‍     

വീട് ശുചീകരിക്കാനും, താല്‍ക്കാലികമായി വിളമ്പാനുള്ള ഭക്ഷണവും കിട്ടിയോ അതോ ഇല്ലയോ എന്ന് ചോദ്യത്തിനു ഒരുപക്ഷേ ഉത്തരം കണ്ടെത്തുക അസാധ്യമാണ്. ശുചീകരണ യജ്ഞത്തിനു എത്തിയ സുമനസ്സുകളെ ചിലയിടങ്ങളിലെങ്കിലും കണ്ടു. രണ്ടും മൂന്നും തവണ വൃത്തിയാക്കിയാലും മാറാത്ത ദുര്‍ഗന്ധമാണ് വീടും പരിസരവും. ഒരാളോ രണ്ടു പേരോ ചേര്‍ന്ന് വൃത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓരോ വീടും. എന്നാലും ഒരുമിച്ചു അവര്‍ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടേയിരിക്കുന്നു.

കുടിവെള്ളം കൃത്യമായി എല്ലായിടങ്ങളിലും നല്‍കുന്നുണ്ടെങ്കിലും വീട് വൃത്തിയാക്കലും മറ്റും കിണറ്റിലെ മലിന ജലത്തില്‍ തന്നെ. ഇത്രയും ജലം കണ്ടെത്താന്‍ മറ്റൊരു മാര്‍ഗവും ഇല്ല.  കുറച്ചു ദിവസങ്ങള്‍ തള്ളി നീക്കാനുള്ള അരിയും മറ്റും പലര്‍ക്കും ലഭിച്ചെങ്കിലും, ഇവയൊന്നും എല്ലാവരിലേക്കും എത്തിയോ എന്ന ചോദ്യത്തിനു നിസംഗത മാത്രമേ ഉള്ളു.

കരന്റ് ഇല്ലാത്ത പകലും രാത്രിയുമാണ്‌ ഇവിടെ. പിന്നെങ്ങനെ മോട്ടറുകളും ബള്‍ബുകളും ഒക്കെ പ്രകാശിക്കും. ആകെ ആശ്രയം മെഴുകുതിരികള്‍ ആണ്. എന്നാല്‍ അവയും കിട്ടാന്‍ ബുദ്ധിമുട്ടാണ്.

ഒരു പ്രളയം എന്ത് നഷ്ടപ്പെടുത്തി എന്ന് ചോദ്യത്തിനു ഉടുതുണിക്ക് മറുതുണി ഇല്ലാതാക്കി എന്ന് പറയേണ്ട സാഹചര്യമാണ്. ഉടുക്കാനോ പുതയ്ക്കാനോ വസ്ത്രങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവരാണ് കൂടുതലും. ചെളി വെള്ളത്തില്‍ കുതിര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍, അതിലും അല്‍പ്പം കൂടി മാത്രം തെളിച്ചമുള്ള കിണറിലെ വെള്ളത്തില്‍ കഴുകി ഉണക്കാന്‍ ഇട്ടിരിക്കുകയാണ് പലരും. ക്യാമ്പുകള്‍ വിട്ടു വീട്ടിലേക്ക് എത്തുമ്പോള്‍ കാത്തിരിക്കുന്നത് പറഞ്ഞാല്‍ തീരാത്ത ദുരിതങ്ങള്‍ മാത്രമാണ്.

പരിഭവമില്ലാത്ത മുന്നോട്ട്  

സര്‍ക്കാര്‍ ശുചീകരണത്തിനായി ആളുകളെ നിയമിച്ചിട്ടുണ്ടല്ലോ, അവര്‍ വരട്ടെ. ഞങ്ങള്‍ക്ക് അവര്‍ സാധനങ്ങള്‍ വാങ്ങി തരട്ടെ എന്ന് ഒന്നും പറയാത്ത ഒരു വിഭാഗം ആളുകളാണ്‌ ഇവിടെ ഉള്ളവര്‍. പരാതിപ്പെടാനോ വേദനിക്കാനോ പോലും കഴിയാത്ത അല്ലെങ്കില്‍ സമയം ഇല്ലാത്ത ഒരു അവസ്ഥ. സ്വന്തം വിഴിപ്പു ഭാണ്ഡങ്ങള്‍ ചുമക്കുന്നു എന്ന് പറയുമ്പോലെ, പ്രളയം സമ്മാനിച്ചതെല്ലാം ഏറ്റു വാങ്ങി, പ്രളയം കവര്‍ന്ന സമ്പത്തിനെ ഓര്‍ത്ത് പരിഭവിക്കാതെ അവര്‍ മുന്നോട്ട് നീങ്ങുകയാണ്. അടുത്ത പ്രളയത്തിന് കടന്നു വരാന്‍ കഴിയാത്ത ഭിത്തികള്‍ പണിതുയര്‍ത്താന്‍.

കേരളത്തിലെ മറ്റ് പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതി ഞങ്ങളുടെതിനെക്കാള്‍ ഭീകരമായിരിക്കും എന്ന് ഉറപ്പാണ്‌. പേടിക്കേണ്ട; നമുക്ക് ഒരുമിച്ചു നില്‍ക്കാം – ദൈവ ആശ്രയം കൊണ്ടും വിയര്‍പ്പു തുള്ളികള്‍ കൊണ്ടും നമുക്ക് ഇനിയും ഒരു സാമ്രാജ്യം ഒരുക്കാം.

ഫാ. ജോബി ചിറയ്ക്കല്‍മണവാളന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.