ഫ്രാന്‍സിസ് പാപ്പായുടെ കാലത്ത് അര്‍ജന്റീനയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ പലപ്പോഴായി  നടന്നിട്ടുണ്ട്. പരിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ദൈവത്തിന്റെ തിരു ശരീര രക്തങ്ങളായി മാറുകയാണ് എന്നും. കാലഘട്ടങ്ങള്‍ കടന്നു പോയാലും അതിനു ഒരു മാറ്റവും ഉണ്ടാവുക ഇല്ല എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് ദൈവം ഓരോ ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെയും. അങ്ങനെ ഒരു അത്ഭുതം അര്‍ജന്റീയിലും നടന്നു. അവിടെയുള്ള ജനങ്ങളെ ദിവ്യകാരുണ്യ ഭക്തിയുടെ ആഴങ്ങളിലേക്ക് നയിച്ച ഈ അത്ഭുതം നടന്നത് 1996 ആഗസ്ത് 18 – ന് ആണ്. ഇന്നത്തെ ഫ്രാന്‍സിസ് പാപ്പാ ആയിരുന്നു അന്ന് ബ്യൂണസ് ഐറിസിലെ കര്‍ദിനാള്‍!

1996 ആഗസ്റ്റ് 18- ന് വൈകിട്ട് ഏഴ് മണിക്കു ബ്യൂണസ് ഐറിസിലെ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാന നടക്കുകയ്യായിരുന്നു. വിശുദ്ധകുർബാന സ്വീകരണത്തിനിടയിൽ ഒരു തിരുഓസ്തി താഴെ വീണു. സമീപത്തു നിന്നയാള്‍ അതു വൈദികനെ കാണിച്ചു. ഫാ. അലജാൻഡ്രോ വിശുദ്ധ കുര്‍ബാന താഴെ നിന്നും എടുത്തു. അതു ഭക്ഷിക്കാൻ കഴിയാത്തതിനാൽ അദ്ദേഹം ഒരു പാത്രം വെള്ളത്തിൽ  അലിയാൻ വെച്ചതിനു ശേഷം സക്രാരിയിൽ വെച്ചു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ആഗസ്ത് 26 നു അദ്ദേഹം ആ പാത്രം നോക്കിയപ്പോൾ ഓസ്തി  രക്തത്തിനു സമാനമായ നിറത്തിൽ ആയിരിക്കുന്നത് കണ്ടു. ഓരോ ദിവസവും ഓസ്തിയിൽ കാണപ്പെട്ട നിറം കൂടുതൽ കടുത്തതായികൊണ്ട് ഇരുന്നു. ഫാ. അലജാൻഡ്രോ കർദിനാളായ ജോർജ് ബെർഗോഗ്ലിയോയെ അറിയിച്ചു. അദ്ദേഹം ഫാ. അലജാൻഡ്രോയോട് രക്തത്തിന്റെ വർണ്ണത്തിലുള്ള ഓസ്തിയുടെ ചിത്രം അയക്കാൻ നിർദേശിച്ചു. കര്‍ദിനാളിന്റെ നിർദേശപ്രകാരം ചിത്രം എടുക്കുന്നത് സെപ്റ്റംബർ 6- നാണ്. പത്തു ദിവസങ്ങൾ കൊണ്ട് ഓസ്തി കടും ചുമന്ന നിറത്തിലുള്ള ഒരു മാംസ കഷ്ണം പോലെ കാണപ്പെട്ടു. കൂടാതെ അതിന്റെ വലിപ്പം കൂടുന്നതായും കണ്ടെത്തുവാൻ കഴിഞ്ഞു.

കുറച്ചു വർഷങ്ങൾ ആ ഓസ്തി സക്രാരിയിൽ സൂക്ഷിച്ചു. എന്നിരുന്നാലും ഈ വിവരങ്ങൾ മറ്റാരും അറിഞ്ഞിരുന്നില്ല. എല്ലാം രഹസ്യമായി സൂക്ഷിച്ചിരുന്നു. ദൃശ്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ അതിനു സംഭവിച്ചിട്ടില്ല എന്ന്‌ മനസിലാക്കിയ കർദ്ദിനാൾ ബെർഗോഗ്ലിയോ അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ തീരുമാനിച്ചു. 1999 ഒക്ടോബർ 5- ന് കർദ്ദിനാളിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഡോ. കാസ്റ്റാനൺ രക്താവൃതമായ ഓസ്തിയുടെ  ഒരു സാമ്പിൾ എടുത്ത് വിശകലനം ചെയ്യാൻ ന്യൂയോർക്കിലേക്ക് അയച്ചു.  വ്യക്തവും സത്യവുമായ ഒരു ഫലം പ്രതീക്ഷിച്ചതിനാൽ അദ്ദേഹം താൻ അയച്ചത് എന്താണെന്നു ശാസ്ത്രജ്ഞൻമാരോട് പറഞ്ഞിരുന്നില്ല. പ്രശസ്തനായ കാർഡിയോളജിസ്റ്റും ഫോറൻസിക് പതോളജിസ്റ്റും ആയ ഡോ. ഫ്രെഡറിക് സുഗൈബ ഓസ്തി പരിശോധിച്ച ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു. അദ്ദേഹം ഇത്‌ ഒരു സമ്പൂർണ്ണ മനുഷ്യന്റെ മാംസവും മനുഷ്യന്റെ ഡിഎൻഎ അടങ്ങിയ രക്തവും ആണെന്ന് കണ്ടെത്തി.

“വിശകലനം ചെയ്ത വസ്തുക്കളില്‍, വാൽവുകളോടു ചേർന്നുള്ള  ഹൃദയത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്താന്‍ സാധിച്ചത്! ഹൃദയത്തിന്റെ സങ്കോചത്തിന് ഈ പേശികൾ കാരണമാകുന്നു.  ഇടതു കാർഡിയാക് വെൻട്രിക്കിൾ ആണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം പമ്പുചെയ്യുന്നത്. ഹൃദയ പേശികൾ ജ്വലിക്കുന്ന നിലയിൽ ആയിരുന്നു. ഇതിൽ വെള്ള രക്തകോശങ്ങൾ ഉണ്ടായിരുന്നു. സാമ്പിൾ എടുക്കുന്ന സമയത്ത് ഹൃദയം തുടിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന്‌ ഇത് സൂചിപ്പിക്കുന്നു. ഹൃദയം ജീവനോടെയുള്ളതാണ് എന്ന് എനിക്ക് ബോധ്യമുണ്ട്, കാരണം രക്തകോശങ്ങൾ ഒരു ജീവജാലത്തിന് പുറത്ത് ജീവിക്കുകയില്ല. വെള്ള രക്തകോശങ്ങൾക്കു ജീവിക്കുന്നതിനു ഒരു ജീവപശ്ചാത്തലം ആവശ്യമാണ്. എന്തിനധികം, ഈ വെളുത്ത രക്തകോശങ്ങൾ കോശജാലത്തിൽ നുഴഞ്ഞുകയറുകയായിരുന്നു. ഇത് ഹൃദയം കഠിനമായ സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത് എന്നും ഈ ഹൃദയത്തിന്റെ ഉടമയുടെ നെഞ്ചിൽ നിരവധി തവണ പ്രഹരം ഏറ്റിട്ടുണ്ട് എന്നും ഇത്‌ സൂചിപ്പിക്കുന്നു” ഡോ. ഫ്രെഡറിക് സുഗൈബ സാക്ഷ്യപ്പെടുത്തി.

ഈ അത്ഭുതം തീവ്ര നിരീശ്വരവാദിയായ ഡോ. റിക്കാർഡോ കാസ്റ്റാനെ കത്തോലിക്കാ വിശ്വാസത്തിലേക്കും ദിവ്യകാരുണ്യ ഭക്തിയിലേക്കും നയിച്ചു. പിന്നീടുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹം ദിവ്യകാരുണ്യ അത്ഭുതങ്ങളെ പറ്റി പഠിക്കുകയും അതിന്റെ  ശാസ്ത്രീയ പരിശോധനകൾക്കു നേതൃത്വം നൽകുകയും ചെയ്തു പോന്നു. ഈ അത്ഭുതം അർജന്റീനയിലെ ആയിരക്കണക്കിന് കത്തോലിക്കരുടെ വിശ്വാസത്തെയാണ് ഊട്ടി ഉറപ്പിച്ചത്.

ഈ അത്ഭുതത്തിന്റെ പശ്ചാത്തലത്തിൽ അനേകം നിരീശ്വരവാദികൾ ദൈവവിശ്വാസത്തിലേക്കു കടന്നു വന്നു. പരിശുദ്ധ കുർബാനയിൽ തന്റെ സാന്നിധ്യം ഒരു കെട്ടുകഥയോ മിഥ്യയോ അല്ല എന്ന്‌ തെളിയിക്കുന്നതിനായി ദൈവം കാണിച്ച അനേകം അത്ഭുതങ്ങളിൽ ഒന്ന് മാത്രമാണിത്. വിശ്വസത്തെയും കൂദാശകളെയും തള്ളി പറയുന്നവരുടെ വിശ്വാസരാഹിത്യത്തിനു മുന്നിൽ ദൈവത്തിന്റെ സാന്നിദ്ധ്യത്തിനു സാക്ഷ്യമായി വർത്തിക്കുകയാണ് ഈ അത്ഭുതവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.