ക്രിസ്തുമസ് ചിന്തകൾ 10: കുഞ്ഞി പൈതങ്ങൾ

ഫാ. സാജന്‍ ജോസഫ്‌

യേശുവിനെപ്രതി ജീവൻ വെടിയേണ്ടിവന്ന നിഷ്ക്കളങ്ക ബാല്യങ്ങൾ. അമ്മമാരുടെ മടിയിൽ കളിച്ചും, ചിരിച്ചും, ഉല്ലസിച്ചും, കുറുമ്പ് കാട്ടിയും കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ ഹേറോദേസിന്റെ കിങ്കരന്മാർ യാതൊരു ദാക്ഷണ്യവുമില്ലാതെ വാളിനിരയാക്കി. ആ വീടുകളിൽ നിന്നും ഉയർന്നുകേട്ട നിലവിളിക്ക് ഹേറോദേസിന്റെ കൊട്ടാരത്തെ മുഴുവൻ എരിച്ചു ചാമ്പലാക്കാനുള്ള കനലുണ്ടായിരുന്നിരിക്കും. കൊല്ലാനായി കരങ്ങളിൽ എടുക്കുമ്പോഴും ആ നിഷ്ക്കളങ്ക ബാല്യങ്ങൾ അവരെ നോക്കി മോണ കാട്ടി പുഞ്ചിരി പൊഴിച്ചിട്ടുണ്ടാകാം.

ഇന്നും എത്രായിരം കുഞ്ഞുങ്ങൾ ഓരോ ദിവസവും അമ്മമാരുടെ ഗർഭപാത്രത്തിൽ നിഷ്ക്കരുണം കൊലചെയ്യപ്പെടുന്നുണ്ട്? കുഞ്ഞുങ്ങൾക്ക് അഭയ കേന്ദ്രമാകേണ്ട ഉദരം ഇന്ന് നിർഭാഗ്യവശാൽ കൊലക്കളമായി രൂപാന്തരം പ്രാപിച്ചുവെന്നതാണ് യാഥാർത്‌ഥ്യം. കുഞ്ഞുങ്ങളില്ലാത്തതിന്റെ വേദനയും പേറി രാപകൽ കണ്ണുനീരൊഴുക്കി, നേർച്ചകാഴ്ച്ചയും, പ്രാർത്ഥനയും, പരിത്യാഗവും, നോമ്പും, ഉപവാസവും, ചികിത്സയുമായി കഴിയുന്ന ദമ്പതികൾ ഒരു വശത്ത്‌. സ്വന്തം വികാരങ്ങളെ തൃപ്തിപ്പെടുത്തിയതിന്റെ പേരിൽ ഉദരത്തിൽ ഉരുവായ ഭ്രൂണത്തെ യാതൊരു സങ്കോചവും കൂടാതെ കൊന്ന് കളഞ്ഞിട്ട് യാതൊരുവിധ മനഃസാക്ഷി കുത്തുമില്ലാതെ ലാഘവത്തോടെ ജീവിക്കുന്നവർ മറുവശത്ത്‌.

ദൈവം തമ്പുരാന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാകാം മനുഷ്യനിലെ കൊടുംപാതകങ്ങൾ കാണുമ്പോൾ. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. ഇന്നും ഈ ലോകത്തെ ദൈവം ഒരുപാട് സ്നേഹിക്കുന്നുവെന്നതിന്റെ അടയാളമാണ് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞുങ്ങളും. അവരെ കൊല്ലാൻ കൂട്ടുനിൽക്കുന്ന അമ്മയും അപ്പനും ഡോക്ടറും നിയമവ്യവസ്ഥയും ആശുപത്രി ജീവനക്കാരും നിഷ്ക്കളങ്ക രക്‌തം ചിന്തിയതിന് ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ട ഒരു നാൾ വരും. കുഞ്ഞുങ്ങളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാനായി മനസിനെ പാകപ്പെടുത്താം. ആണായാലും, പെണ്ണായാലും,കുറവുകൾ ഉള്ളതായാലും ദൈവം തരുന്നതിനെ സന്തോഷത്തോടെ, കൃതജ്ഞതയോടെ, ആനന്ദത്തോടെ കൈപ്പറ്റുക.

കുഞ്ഞി പൈതങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു:

1. ഈ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാൻ എല്ലാവർക്കും തുല്ല്യ അവകാശമുണ്ട്.

2. ജീവൻ നല്കാനും തിരികെ എടുക്കാനും ദൈവത്തിന് മാത്രമേ അധികാരമുള്ളൂ.

3. ഭ്രൂണഹത്യ കൊടുംപാതകമാണ്.

4. ദൈവം നല്കുന്ന മക്കളെ ദൈവോന്മുഖരായി വളർത്തുക.

5. നിഷ്ക്കളങ്ക രക്‌തം ചൊരിയരുത്.

6. യേശുവിനുവേണ്ടി ജീവൻ വെടിയാനും തയ്യാറാകുക.

സാജനച്ചൻ, തക്കല രൂപത