ബ്യൂട്ടിഫുള്‍

നെഞ്ചില്‍ ഭാരം കൂടുമ്പോഴും കരളില്‍ ചോര കിനിയുമ്പോഴും കണ്ണില്‍ നീര്‍ നിറയുമ്പോഴും ഓര്‍മ്മിക്കുക – അത് സ്‌നേഹത്തില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന്.

നമുക്കറിയാം ഒരു ചേട്ടന്റെയും അനുജന്റെയും കഥ. കാലില്ലാത്ത ചേട്ടനെ തോളത്തിരുത്തി കൊണ്ടുപോയ അനുജനോട്, ”നല്ല ഭാരമാണല്ലേ” എന്ന് കണ്ടുനിന്നവര്‍ ചോദിക്കുന്നു. ഭാരമല്ല, ചേട്ടനാണിത് എന്ന് അനുജന്റെ മറുപടി. ഇതിലും നല്ല ഉത്തരം ഏത് ഉത്തരക്കടലാസില്‍ ലഭിക്കാനാണ്?

എതിര്‍പ്പുള്ളവന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്ന് നമുക്കു തോന്നുന്നതിനും മറ്റ് കാരണങ്ങളൊന്നും തേടിപ്പോകേണ്ട. അവന്‍/ള്‍ ശത്രുവായിരിക്കുന്നിടത്തോളം കാലം പറയുന്നതും ചെയ്യുന്നതുമെല്ലാം മണ്ടത്തരങ്ങളും തെറ്റുകളും ആയിരിക്കും എന്ന് ഉറപ്പാണ്. അതേ ശത്രു മിത്രമായിക്കഴിഞ്ഞ് അതേ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ശരിയുമായിരിക്കും.

എപ്പോഴും കരയുന്ന കുഞ്ഞിനെ നോക്കി അമ്മ പുഞ്ചിരിക്കും, എടുത്ത് ഉമ്മവയ്ക്കും. ഇതേ കുഞ്ഞിനെ നോക്കി അയല്‍ക്കാരന്‍ കണ്ണുരുട്ടുകയും സ്വരം കേട്ട് ചെവി പൊത്തുകയും ചെയ്യും. ബന്ധവും സ്‌നേഹവുമാണ് സാഹചര്യങ്ങള്‍ക്ക് വ്യത്യസ്തത നല്‍കുന്നത് എന്ന് നമുക്കിനി എന്നാണ് മനസ്സിലാവുക. എല്ലാറ്റിന്റെയും പിന്നിലെ രഹസ്യം സ്‌നേഹമാണെന്ന് ‘ഫിഫ്ത് മൗണ്ടനി’ലെ ഏലിയായെക്കൊണ്ട് പൗലോകൊയ്‌ലോ പറയിപ്പിക്കുന്നത് ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

നോബല്‍ സമ്മാനം നേടിയ ജോണ്‍ നാഷിന്റെ ജീവിതം പറയുന്ന സിനിമയാണ് ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ (2001). റസല്‍ ക്രോ ആ കഥാപാത്രത്തെ അനശ്വരമാക്കി. മാത്തമാറ്റിക്‌സ് ഗവേഷണ വിദ്യാര്‍ത്ഥിയായ ജോണ്‍ നാഷിന്റെ കോളേജ് ദിവസങ്ങളിലാണ് കഥ തുടങ്ങുന്നത്. പിന്നീട് അയാളുടെ ഗവേഷണം, ജോലി, വിവാഹം, കുടുംബം – കഥ പുരോഗമിക്കുകയാണ്. പക്ഷേ മതിഭ്രമമാണ് അയാള്‍ക്ക്. അയാളത് മനസിലാക്കുന്നില്ല. ഇല്ലാത്ത വ്യക്തികള്‍ ഉണ്ടെന്നും സംഭവിക്കാത്തവ സംഭവി

ച്ചെന്നും അയാള്‍ വിശ്വസിക്കുന്നു. അതിന്റെ പേരില്‍ അയാളുടെ സുഹൃത്തുക്കളിലും സാഹചര്യങ്ങളിലുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കാണുന്നവരുടെ കണ്ണുകള്‍ നിറയ്ക്കും. എല്ലാത്തിനുമിടയില്‍ സഹനത്തോടെ പിടിച്ചു നില്‍ക്കുകയും അയാളെ തള്ളിപ്പറയാതെ മതിഭ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളുണ്ട് – അയാളുടെ ഭാര്യ. അവര്‍ എല്ലാം സഹിക്കുകയും സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ തന്നാലാവും വിധം യത്‌നിക്കുകയും ചെയ്യുന്നു. അവരുടെ സഹനവും പ്രതീക്ഷയും നമ്മുടെയൊക്കെ മുമ്പില്‍ തെളിയേണ്ട തിരിനാളങ്ങളാണ്.

സാധാരണ യൂറോപ്യന്‍ – അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചെറിയൊരു പ്രശ്‌നത്തിനു പോലും ഡിവോഴ്‌സ് പരിഹാരമായി കാണുന്നവരെയാണ് നമുക്കു പരിചയം. നമ്മളും കുടുംബ പ്രശ്‌നത്തിന്റെ ഇന്‍സ്റ്റന്റ് പരിഹാരമായി വിവാഹമോചനത്തെ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹമു

ള്ളിടത്ത് മറ്റൊന്നും ഒരു തടസ്സമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പണത്തിനും സുഖത്തിനും സൗകര്യത്തിനും വേണ്ടി സ്‌നേഹത്തെ പകരപ്പെടുത്തുകയാണിപ്പോള്‍.

ഒടുവില്‍ ‘ഗെയിം തിയറി’യുടെ പേരില്‍ നാഷിന് നോബല്‍ സമ്മാനം ലഭിക്കുന്നു. മറുപടി പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

”ഞാനെപ്പോഴും അക്കങ്ങളില്‍ വിശ്വസിച്ചു. സമവാക്യങ്ങളുടേയും യുക്തിയുടേയും അടിസ്ഥാനത്തിലായിരുന്നു ഞാനെപ്പോഴും കാര്യകാരണങ്ങളെ ദര്‍ശിച്ചത്. എന്താണ് യഥാര്‍ത്ഥ ലോജിക്ക് – യുക്തി – എന്ന് ഞാന്‍ അന്വേഷിച്ചു. അതെന്നെ നയിച്ചത് ശാരീരികവും മാനസികവും ഭ്രമാത്മകവുമായ തലങ്ങളിലേയ്ക്കായിരുന്നു. ഒടുവില്‍ ഞാനെന്റെ കരിയറിലെ, ഏറ്റവും വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. എന്റെ ജീവിതത്തിലെയും ഏറ്റവും വലിയ കണ്ടുപിടുത്തം.”

കാണികള്‍ക്കിടയിലിരിക്കുന്ന തന്റെ ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു, ”സ്‌നേഹത്തിന്റെ നിഗൂഢാത്മക സമവാക്യമാണ് എല്ലാ യുക്തിയുടെയും അടിസ്ഥാനം.” ഭാര്യയുടെ കണ്ണുകളില്‍ തന്റെ കണ്ണുകളും മനസും കൊരുത്തിട്ട് തുടര്‍ന്നു. ”ഞാനിപ്പോള്‍ ഇവിടെയായിരിക്കുന്നതിന് നീയാണ് കാരണം. ഞാന്‍ ഞാനായിരിക്കുന്നതിന്റെ കാരണം നീയാണ്. എന്റെ എല്ലാ കാരണങ്ങളും നീയാണ് (You are all my reasons). നന്ദി.”

‘യു ആര്‍ ഓള്‍ മൈ റീസണ്‍സ്’ എന്ന് ഭര്‍ത്താവ് തന്നെ നോക്കി പറയാന്‍ ഏതൊരു ഭാര്യയും കൊതിയ്ക്കും. നേരെ തിരിച്ചും. പക്ഷേ അത് പറയിപ്പിക്കാന്‍ ഒരാള്‍ നടക്കേണ്ട ദൂരം ഒരായുസ് മുഴുവനുമായിരിക്കും. ചുമക്കേണ്ട ഭാരവും ഒഴുക്കേണ്ട കണ്ണീരും പറയാന്‍ പറ്റാത്ത അളവുകളിലും. ചരടുകള്‍ മുറിക്കാന്‍ കാരണമന്വേഷിച്ച് നടക്കുന്നവരായി മാറരുത് നമ്മള്‍. ചരടുകള്‍ മുറിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവരായിരിക്കും ചുറ്റും. പൊട്ടിച്ചു കഴിഞ്ഞാലോ, ഗതിവിട്ട പട്ടം കണ്ട് ഊറി ചിരിക്കാനേ അവരൊക്കെ കാണുകയുള്ളൂ. പൊട്ടിയ പട്ടമാവരുത് നമ്മളാരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.